

ദോഹ: ദോഹ ഇന്റര്‍നാഷണല്‍ മാരിടൈ ഡിഫന്‍സ് എക്‌സിബിഷനിലും കോണ്‍ഫറന്‍സിലും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഉന്നതതല പ്രതിനിധി സംഘം പങ്കെടുക്കുന്നു. ഇന്ത്യയും ഖത്തറും തമ്മില്‍ ആഴത്തിലുള്ള സൗഹൃദ ബന്ധങ്ങളുടെ ഫലമായാണ് ഇന്ത്യന്‍ ഉന്നതതല സംഘം ഖത്തറിലെത്തുന്നത്.
വൈസ് അഡ്മിറല്‍ അജേന്ദ്ര ബഹാദൂര്‍ സിംഗിന്റെ നേതൃത്വത്തിലാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം ഖത്തറിലെത്തുന്നത്.

ഡിംഡെക്‌സ് 2022ന്റെ ഭാഗമായി നടക്കുന്ന മിഡില്‍ ഈസ്റ്റ് നേവല്‍ കമാന്‍ഡേഴ്‌സ് കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ നേവിയുെട വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിലെ ഫ്‌ളാഗ് ഓഫിസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ അജേന്ദ്ര ബഹാദൂര്‍ സിംഗ് സംസാരിക്കും.

ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച ഏറ്റവും വലിയ ഡിസ്‌ട്രോയറുകളിലൊന്നും മൂന്ന് കൊല്‍ക്കത്ത ക്ലാസ് ഡിസ്‌ട്രോയറുകളുടെ ലീഡ് ഷിപ്പുമായ ഐ എന്‍ എസ് കൊല്‍ക്കത്തയാണ് ദോഹയിലെത്തുന്നത്. ഇന്ത്യന്‍ നേവിയുടെ മുംബൈയിലെ മസഗാവ് ഡോക്യാഡ് ഷിപ്പ്യാര്‍ഡ് ലിമിറ്റഡാണ് കൊല്‍ക്കത്ത ക്ലാസ് കപ്പലുകള്‍ വിഭാവനം ചെയ്തതും ഡിസൈന്‍ ചെയ്ത് നിര്‍മിച്ചതും.
164 മീറ്റര്‍ നീളമുള്ള ഐ എന്‍ എസ് കൊല്‍ക്കത്തയ്ക്ക് 7500 ടണ്‍ ഭാരമുണ്ടാവും. പരമാവധി 30 നോട്ട് വേഗത (മണിക്കൂറില്‍ 55 കിലോമീറ്റര്‍) കൈവരിക്കാന്‍ കപ്പലിനാവും. ക്യാപ്റ്റന്‍ സുശീല്‍ മേനോന്റെ കമാന്‍ഡിന് കീഴില്‍ 30 ഉദ്യോഗസ്ഥരും 330 ജീവനക്കാരുമാണ് കപ്പലിലുള്ളത്. വെസ്റ്റേണ്‍ ഫ്‌ളീറ്റിന്റെ ഭാഗമായ കപ്പല്‍ മുംബൈ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്.

