ലഹരി മരുന്ന്: മൊത്ത വിതരണക്കാരന്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി: ന്യൂജെന്‍ ലഹരി മരുന്നായ പാര്‍ട്ടി ഡഗ് എന്നറിയപ്പെടുന്ന MDMA (മെലിന്‍ ഡയോക്‌സി മെത്താംഫിറ്റമിന്‍) പിടികൂടിയ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുമായി തമിഴ്‌നാട്ടില്‍ നടത്തിയ അന്വേഷണത്തില്‍ മൊത്തവിതരണക്കാരന്‍ പോലീസ് പിടിയിലായി.
തമിഴ്‌നാട് ചെന്നൈ മുതലിപ്പെട്ട് സ്ട്രീറ്റില്‍ റംസാന്‍ അലിയെയാണ്(35 ) മെഡിക്കല്‍ കോളജ് പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.സുദര്‍ശനും സംഘവും ചേര്‍ന്ന് പിടികൂടിയത്.

city exchange


കുവൈത്ത് ജയിലില്‍ ഈ കേസിലെ രണ്ടാം പ്രതി അന്‍വര്‍ തസ്ലീമിനൊപ്പം മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട ആളാണ് ഇയാള്‍. ദക്ഷിണേന്ത്യയിലെ തന്നെ മയക്കുമരുന്നിന്റെ പുതിയ ഹബ്ബ് ആയി മാറിയ ചെന്നൈയിലെ ട്രിപ്പ്‌ളിക്കെയിന്‍ എന്ന സ്ഥലത്ത് നിന്നുമാണ് ഇയാള്‍ മയക്കു മരുന്ന് സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ട്രിപ്പ്‌ളിക്കെയിനില്‍ നിന്നും എം ഡി എം എ ഒഴുകുന്നതായാണ് വിവരം. ഇടുങ്ങിയ വഴികളും തെരുവുകളും കോളനികളും നിറഞ്ഞ ട്രിപ്പ്‌ളിക്കെയിന്‍ കേന്ദ്രീകരിച്ച് ജലമാര്‍ഗവും മയക്ക് മരുന്ന് കടത്ത് നടക്കുന്നുണ്ട്. രാജ്യാന്തര മയക്ക് മരുന്ന് സംഘങ്ങള്‍ ഈ പ്രദേശം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ട്രിപ്പ്‌ളിക്കെയിന്‍ പ്രദേശത്തുള്ള ഒരാള്‍ വഴി കുവൈത്തിലേക്ക് മയക്ക് മരുന്ന് കടത്തുന്നതിനിടെയാണ് റംസാന്‍ പിടിയിലാവുന്നതും ജയിലിലാവുന്നതും. അലി കുവൈത്ത് പോലിസിന്റെ കസ്റ്റഡിയിലാണ്.


റംസാന്‍ അലി വഴി അന്‍വര്‍ തസ്ലീമിനും മറ്റു പ്രതികള്‍ക്കും മയക്ക് മരുന്ന് തമിഴ്‌നാട്ടിലെ കരൂര്‍ എന്ന സ്ഥലത്ത് എത്തിച്ചു നല്‍കിയ തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശിയായ വിനോദ് കുമാറിനെയും പിടികൂടുന്നതിനായി പോലീസ് സംഘം കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ വിനോദ്കുമാറിന്റെ വീട് വളഞ്ഞെങ്കിലും ചേരി പ്രദേശത്തുള്ള നാട്ടുകാരുടെ സഹായത്തോടെ വിനോദ് രക്ഷപ്പെടുകയായിരുന്നു. പോലീസ് സംഘത്തിനു നേരെ ആക്രമണശ്രമം ഉണ്ടാവുകയും പോലീസ് ജീപ്പ് കത്തിക്കാന്‍ മുതിരുകയും ചെയ്തിരുന്നു. മുന്‍കൂട്ടി അറിയിച്ചിട്ടും തിരുവാരൂര്‍ പോലിസിന്റെ യാതൊരു സഹായവും കേരള പോലീസിനു ഇക്കാര്യത്തില്‍ ലഭിച്ചിരുന്നില്ല.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ഈ മയക്കുമരുന്ന് സംഘങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും കെ.സുദര്‍ശന്‍ പറഞ്ഞു. അന്വേഷണസംഘത്തില്‍ കെ.സുദര്‍ശനെ കൂടാതെ എസ്.ഐ.ഷാജു വര്‍ഗീസ്, മുഹമ്മദ് ഷാഫി, സജി, വിജയന്‍.എന്‍ എന്നിവരും ഉണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!