ലോക വൃക്കദിനത്തില്‍ കാരുണ്യ സ്പര്‍ശവുമായി കോട്ടക്കല്‍ ആസ്റ്റര്‍ മിംസ്

Web Desk
2 Min Read

കോട്ടക്കല്‍: വൃക്ക മാറ്റിവെച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ പെണ്‍കുട്ടിക്ക് സഹായഹസ്തവുമായി കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രി. മലപ്പുറം സ്വദേശിനി ഫര്‍സാനക്കാണ് ചികിത്സ ആവശ്യത്തിനായി ആശുപത്രി ധനസഹായം നല്‍കിയത്. ലോക വൃക്ക ദിനാചരണത്തോടനുബന്ധിച്ചായിരുന്നു കാരുണ്യ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ഥിനിയായ ഫര്‍സാനക്ക് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസില്‍ ജോലി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

city exchange

ഗുരുതരമായ വൃക്ക രോഗത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെടുമെന്ന സാഹചര്യത്തിലായിരുന്നു ഫര്‍സാന കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. എത്രയും വേഗം വൃക്ക മാറ്റിവെക്കുക എന്നല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നും ഇല്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. അതേസമയം ചികിത്സക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായിരുന്നു കുടുംബത്തിന്റെ മോശം സാമ്പത്തിക സ്ഥിതി. ഇതോടെ ആശുപത്രി മാനേജ്‌മെന്റും നാട്ടുകാരും മുന്നിട്ടിറങ്ങി ചികിത്സയ്ക്ക് വേണ്ട പണം കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നവംബറിലായിരുന്നു വിജയകരമായ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായതും ജീവിതത്തിലേക്ക് മടങ്ങിയെത്തിയതും. കരള്‍, വൃക്ക അടക്കമുള്ള ആന്തരികാവയങ്ങള്‍ മാറ്റിവെച്ചാല്‍ പിന്നീട് മറ്റ് ജോലികള്‍ ഒന്നും ചെയ്യാതെ അടച്ചിരിക്കേണ്ടി വരുമെന്ന സമൂഹത്തിന്റെ മിഥ്യാധാരണ മാറ്റുന്നതായിരുന്നു ഈ മടങ്ങിവരവ്.

അപാരമായ ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായ ഫര്‍സാന ആദ്യ ദിനം മുതല്‍ രോഗത്തെ പൊരുതി തോല്‍പ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി മുടങ്ങിക്കിടന്ന തന്റെ പാര മെഡിക്കല്‍ പഠനം തുടരുകയും പഠനത്തിനായി കൂടുതല്‍ സമയം കണ്ടെത്തുകയും ചെയ്തു. മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി എത്രയും വേഗം ജോലി കണ്ടെത്തണമെന്നും അതുവഴി കുടുംബത്തെ സഹായിക്കണമെന്നുമായിരുന്നു ആഗ്രഹം. വിവരമറിഞ്ഞ ആശുപത്രി അധികൃതര്‍ ഇതിനുവേണ്ട മുഴുവന്‍ പിന്തുണയും അറിയിച്ച് രംഗത്തെത്തുകയായിരുന്നു.

ആസ്റ്റര്‍ മിംസിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. രഞ്ജിത്ത് നാരായണന്‍, ഡോ. സജീഷ് ശിവദാസ്, ഡോ. ഷൈസില്‍ ഷഫീഖ് എന്നിവര്‍ വീട്ടിലെത്തിയായിരുന്നു ചികിത്സാസഹായം കൈമാറിയതും ജോലിക്കാര്യം അറിയിച്ചതും. ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമാണ് ഫര്‍സാനയെന്നും ഇത് ചികിത്സക്ക് വലിയ രീതിയില്‍ ഗുണം ചെയ്തിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എത്രയും വേഗം ചികിത്സ പൂര്‍ത്തിയാക്കി പരീക്ഷ കൂടി ജയിച്ചാല്‍ ഇഷ്ട ജോലി കാത്തിരിക്കുന്നുണ്ട് എന്നതിനാല്‍ വലിയ ആവേശത്തിലാണ് ഫര്‍സാന.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!