ജനാധിപത്യം കാത്തുസൂക്ഷിക്കുന്നത് മാധ്യമങ്ങള്‍: ജസ്റ്റിസ് ബി കെമാല്‍ പാഷ

Web Desk
1 Min Read

കൊച്ചി: ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതും മാധ്യമ പ്രവര്‍ത്തകരും മാധ്യമങ്ങളുമാണെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് ബി കെമാല്‍ പാഷ. ഷിഫ അല്‍ ജസീറ മീഡിയ എക്‌സലന്‍സ് അവാര്‍ഡ് 2024 സമ്മാനിച്ച് സംസാരിക്കുകയിരുന്നു അദ്ദേഹം.

city exchange

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ മാത്രമാണ് ചിതലരിക്കാതെ ഇപ്പോഴും നിലനില്‍ക്കുന്നത്. മറ്റു മൂന്ന് തൂണുകള്‍ക്കും ബലക്ഷയം സംഭവിച്ചുതുടങ്ങി. സത്യസന്ധമായി പ്രവര്‍ത്തിച്ചാല്‍ ചിലപ്പോള്‍ ഭയപ്പെടുത്താന്‍ ശ്രമിച്ചേക്കാം. എന്നാല്‍ ആരെയും ഭയക്കാതെ സത്യം വിളിച്ചുപറയാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആനുകാലിക വിഷയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ഭരണകൂടം പുതിയ വാര്‍ത്തകള്‍ സൃഷ്ടിക്കും. പണ്ട് തമസ്‌കരിക്കപ്പെട്ട പലതും തിരിച്ചുവരുന്നു. ന്യായാധിപന്മാര്‍ പോലും സത്യത്തില്‍ നിന്നും വ്യതിചലിക്കുന്ന കാഴ്ചയാണ് സമീപകാലത്തുണ്ടായ ചില വിധിന്യായങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മീഡിയ എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹരായ ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് എഡിറ്റര്‍ അളകനന്ദ, 24 ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിം, മാതൃഭൂമി ന്യൂസ് ചീഫ് സബ് എഡിറ്റര്‍ മാതു സജി എന്നിവര്‍ക്ക് അഞ്ചു ലക്ഷം രൂപയും മെമന്റോയും ഉള്‍പ്പെടുന്ന അവാര്‍ഡ് ജസ്റ്റിസ് കെമാല്‍ പാഷ സമ്മാനിച്ചു.

- Advertisement -
Ad image

എറണാകുളം പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ സിഇഒ ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി എം ഷജില്‍ കുമാര്‍, അവാര്‍ഡ് ജേതാക്കളായ അളകനന്ദ, ഹാഷ്മി താജ് ഇബ്രാഹിം, മാതു സജി എന്നിവര്‍ സംസാരിച്ചു.

ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ ടി റബിയുല്ല ആശംസ സന്ദേശം നല്‍കി. മാനേജര്‍ യു ഇബ്രാഹിം സ്വാഗതവും ജലീല്‍ അരൂക്കുറ്റി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!