

ആലുവ: വര്‍ഷങ്ങളായി നിരവധി രോഗികള്‍ക്ക് സാന്ത്വനമേകുന്ന ആലുവയുടെ സ്വന്തം മരുന്ന് ശേഖരണ പെട്ടികളുടെ എണ്ണം 99 ആയി. തുടക്കത്തില്‍ ആലുവയിലെ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ സംയുക്ത വേദിയായ ‘കോറ’യും നിലവില്‍ ആലുവ പബ്ലിക് പ്ലാറ്റ്‌ഫോം ട്രസ്റ്റും നടത്തുന്ന മെഡിസിന്‍ ബാങ്ക് പദ്ധതിയുടെ ഭാഗമാണ് ഈ മരുന്ന് ശേഖരണ പെട്ടികള്‍.

ഏത് നാട്ടിലും വളരെ വിഷമതകള്‍ അനുഭവിക്കുന്ന ഒരു വിഭാഗമാണ് നിര്‍ധനരായ രോഗികള്‍. രോഗം മൂലമുള്ള വേദനകൊണ്ട് പുളയുമ്പോഴും ഒരു നേരത്തെ മരുന്നുപോലും വാങ്ങാന്‍ കഴിയാതെ വേദന കടിച്ചിറക്കുകയാണ് പലരും. ഇത്തരം സാധുക്കള്‍ക്ക് വേണ്ട സഹായങ്ങള്‍ പല ഭാഗത്തും ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ നിര്‍ധന രോഗികള്‍ക്ക് തണലേകാനാണ് ‘കോറ’ പ്രസിഡന്റായിരുന്ന പി എ ഹംസക്കോയ മെഡിസിന്‍ ബാങ്ക് പദ്ധതിക്ക് 2017ല്‍ തുടക്കമിട്ടത്.

ഭീമമായ ചികില്‍സാ ചെലവുകള്‍ താങ്ങാനാകാതെ വിഷമിക്കുന്ന അശരണരും പാവപ്പെട്ടവരുമായ രോഗികളെ സഹായിക്കാനാണ് ‘കോറ മെഡിസിന്‍ ബാങ്ക്’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിനകം നിരവധി രോഗികള്‍ക്ക് സാന്ത്വനമേകാന്‍ പദ്ധിക്കായി. ചികില്‍സ കഴിഞ്ഞ് ബാക്കി വരുന്ന കാലാവധി കഴിയാത്ത മരുന്നുകള്‍ ശേഖരിച്ച് ആവശ്യക്കാരായ നിര്‍ധനര്‍ക്ക് എത്തിച്ച് നല്‍കുന്നതാണ് പദ്ധതി. നഗരത്തിലെ മുഖ്യമായ സ്ഥലങ്ങളിലും പൊതുജന സമ്പര്‍ക്കമുള്ള പ്രദേശങ്ങളിലുമാണ് കോറ മരുന്ന് ശേഖരണ പെട്ടികള്‍ സ്ഥാപിച്ചത്. ഇതില്‍ മരുന്നുകള്‍ നിക്ഷേപിക്കാന്‍ ജനങ്ങളെ ഉദ്ബുദ്ധരാക്കലായിരുന്നു പ്രാഥമിക പ്രവര്‍ത്തനം. അത് വിജയിച്ചതോടെ ബോക്‌സുകളില്‍ മരുന്നുകള്‍ വന്നുതുടങ്ങി.
മെഡിസിന്‍ ബോക്‌സുകളുടെ ഉദ്ഘാടനം നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലായാണ് നടന്നത്. നഗരത്തില്‍ പല ഭാഗങ്ങളിലും ബോക്‌സുകള്‍ വച്ചത് കണ്ട് സമീപ ഗ്രാമങ്ങളില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തകര്‍ സംഘടനയെ സമീപിച്ചു. ഇതിന്റെ ഭാഗമായി ആലുവക്ക് പുറമെ സമീപത്തെ നിരവധി പ്രദേശങ്ങളിലും ബോക്‌സുകള്‍ സ്ഥാനം പിടിച്ചു. പദ്ധതിയുടെ ഉപജ്ഞാതാവായ പി എ ഹംസക്കോയയാണ് ബോക്‌സുകള്‍ക്ക് സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നത്. കോറ ഇല്ലാതായതോടെയാണ് ഹംസക്കോയ കൂടി ഭാരവാഹിയായ ആലുവ പബ്ലിക് പ്ലാറ്റ്‌ഫോം ട്രസ്റ്റ് മെഡിസിന്‍ ബാങ്ക് പദ്ധതി ഏറ്റെടുത്തത്. പദ്ധതിയുടെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ മരുന്നുകളാണ് ഇതിനകം നിര്‍ധന രോഗികള്‍ക്ക് നല്‍കിയത്. പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങളിലൂടെയും മറ്റുമാണ് മരുന്നുകള്‍ അര്‍ഹരിലേക്ക് എത്തിക്കുന്നത്.
റൂറല്‍ ജില്ല പൊലീസ് ഓഫിസിന് മുന്‍പിലാണ് 99-ാമത്തെ പെട്ടി സ്ഥാപിച്ചത്. ജില്ല പൊലീസ് മേധാവി വിവേക് കുമാര്‍ ഉദ്ഘാടനം ചെയ്തു. മരുന്ന് ശേഖരണ പദ്ധതിയില്‍ പൊലീസും പങ്കാളിയാകുമെന്ന് അദ്ദേഹം പറഞ്ഞു. വീടുകളില്‍ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന മരുന്നുകള്‍ ഇതില്‍ നിക്ഷേപിക്കണമെന്ന് പൊലീസുകാരോട് ഉപദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രസ്റ്റ് ഭാരവാഹികളായ പോള്‍ മുണ്ടാടാന്‍, പി എ ഹംസക്കോയ, ജോബി തോമസ്, കെ ജയപ്രകാശ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ലത്തീഫ് പൂഴിത്തറ, ഡോ. സയ്യിദ്, ആസിഫ് അലി കോമു, ബേബി, ജാവന്‍ ചാക്കോ, അഡ്വ. ടി എ അക്ബര്‍, സാബു ഡേവിഡ്, ജെയിന്‍ സെബാസ്റ്റ്യന്‍, കെ ബി ബഷീര്‍, കാദര്‍ ഉള്ളാലില്‍, വി എം ഷംസു, ടി കെ അബ്ദുല്‍ സലാം മൗലവി, മോഹന്‍, പ്രിന്‍സ് എന്നിവര്‍ സംസാരിച്ചു.

