ഒരിഞ്ച് ഭൂമി പോലും നഷ്ടപരിഹാരം നല്‍കാതെ ഏറ്റെടുക്കില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍

Web Desk
3 Min Read

കൊച്ചി: പരിസ്ഥിതി ദുര്‍ബല പ്രദേശ വിജ്ഞാപനവുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ ആശങ്കകള്‍ പ്രചരിപ്പിക്കരുതെന്ന് വനം മന്ത്രി ഷിബു ബേബി ജോണ്‍.
അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരള (എ പി കെ) എണ്‍പത്തിയേഴാമത് വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വനംമന്ത്രി.

city exchange

ജനവാസ മേഖലയെ പൂര്‍ണമായും ഒഴിവാക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുന്നു. കഴിഞ്ഞ 6 വിജ്ഞാപനങ്ങള്‍ ഇറങ്ങിയപ്പോഴും ഇല്ലാതിരുന്ന ആശങ്ക ഏഴാമത് വിജ്ഞാപനം ഇറങ്ങിയപ്പോള്‍ എങ്ങനെ വന്നുവെന്നും മന്ത്രി ചോദിച്ചു. മൈനിംഗ് പാടില്ല, 20,000 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള ടൗണ്‍ഷിപ്പ് പാടില്ല, റെഡ് കാറ്റഗറി വ്യവസായങ്ങള്‍ പാടില്ല തുടങ്ങിയ 3 നിബന്ധനകള്‍ മാത്രമാണ് വിജ്ഞാപനത്തിലുള്ളത്. ഇതില്‍ മൂന്നാമത്തേതില്‍ മാത്രമാണ് നാല് ഉപവിഭാഗങ്ങളില്‍ ജനവാസ മേഖലയെ കുറച്ചെങ്കിലും ബാധിക്കുന്നത്. അവരെ സംരക്ഷിക്കാന്‍ ഇവിടെ ഒരു സര്‍ക്കാരുണ്ട്.

കാലാവസ്ഥാ വ്യതിയാനം ഭീതികരമായി വര്‍ധിക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണം അവഗണിക്കാന്‍ കഴിയില്ല. മനുഷ്യ- വന്യ ജീവി സംഘര്‍ഷത്തിന് കാലാകാലങ്ങളായി മനുഷ്യര്‍ ചെയ്ത ചില മണ്ടത്തരങ്ങളും കാരണമാണ്. വന്യമൃഗങ്ങളെ ആകര്‍ഷിക്കാന്‍ ഉപ്പ് വയ്ക്കുന്ന റിസോര്‍ട്ടുകള്‍ പോലുമുണ്ട്. മനുഷ്യ- വന്യമൃഗ സംഘര്‍ഷം നേരിടാന്‍ സി എം സി നയം സര്‍ക്കാര്‍ നടപ്പാക്കും.

കണ്ടയ്ന്‍മെന്റ്, മിറ്റിഗേഷന്‍, കോംപന്‍സേഷന്‍ എന്നതാണ് സര്‍ക്കാര്‍ നയം. സ്വാഭാവിക വനം വീണ്ടെടുക്കാനും പുല്‍മേടുകള്‍ വച്ച് പിടിപ്പിക്കാനും വനാതിര്‍ത്തിയില്‍ എ ഐ ടൂളുകള്‍ ഉപയോഗിച്ച് പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നഷ്ടപരിഹാരം ഗണ്യമായി വര്‍ധിപ്പിച്ച് സമയബന്ധിതമായി കര്‍ഷകര്‍ക്ക് കൈമാറും. വൈവിധ്യ വിള, മൂല്യവര്‍ധന, ടൂറിസം സാധ്യതകള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ അനുകൂലമാണ്. ഇനി ഒരിഞ്ച് ഭൂമി പോലും സെക്ഷന്‍ 3 പ്രകാരം നഷ്ടപരിഹാരം നല്‍കാതെ ഏറ്റെടുക്കില്ലന്നും മന്ത്രി പ്രഖ്യാപിച്ചു.

- Advertisement -
Ad image

കേരളത്തിലെ പ്ലാന്റേഷന്‍ മേഖലയില്‍ ഉത്പാദന ചെലവ് വര്‍ധിക്കുകയാണെന്നും തൊഴിലാളികളുടെയോ കൂലിയുടെയോ മേല്‍ അധികഭാരം ചുമത്താതെ വൈവിധ്യവത്കരണത്തിലൂടെ ഇത് മറികടക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് എ പി കെ ചെയര്‍മാന്‍ ടി ആര്‍ രാധാകൃഷ്ണന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. അഗ്രോ ഫോറസ്ട്രി, മൂല്യവര്‍ധന, ബ്രാന്‍ഡിംഗ്, പ്ലാന്റേഷന്‍ ടൂറിസം എന്നിവയിലൂടെ പ്ലാന്റേഷന്‍ മേഖലയെ വളര്‍ച്ചയിലേക്ക് നയിക്കാന്‍ കഴിയും. പരിസ്ഥിതി ദുര്‍ബല പ്രദേശ വിജ്ഞാപനവും വരാനിരിക്കുന്ന ഭൂപരിഷ്‌കരണവും അടക്കമുള്ള ഭൂവിനിയോഗ കാര്യങ്ങളില്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് മേഖലയുള്‍പ്പെടെയുള്ള പ്രധാന വിപണികളിലേക്ക് കൂടുതല്‍ സുരക്ഷിതവും വിശ്വസനീയവുമായ ലോജിസ്റ്റിക് മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനെ കുറിച്ച് വ്യവസായ തലത്തില്‍ തന്നെ തുറന്ന ചര്‍ച്ച ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാട്ടുമൃഗങ്ങള്‍ വിളകള്‍ നശിപ്പിക്കുമ്പോള്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് മാതൃകയില്‍ നഷ്ടപരിഹാര പദ്ധതി കൊണ്ടുവരണമെന്ന് എ പി കെ വാര്‍ഷിക പൊതുയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഉത്പാദന ചെലവ്, കാലാവസ്ഥാ വ്യതിയാനം, മനുഷ്യ- വന്യ ജീവി സംഘര്‍ഷം തുടങ്ങി ഒട്ടേറെ വെല്ലുവിളികളിലുടെയാണ് തോട്ടം മേഖല കടന്ന് പോകുന്നതെന്ന് വിശിഷ്ടാതിഥിയായിരുന്ന ഉപാസി വൈസ് പ്രസിഡന്റ് അനില്‍ മാത്യു പറഞ്ഞു. വൈവിധ്യവത്കരണത്തിലൂടെയും സുസ്ഥിര നടപടികളിലൂടെയും ഈ വെല്ലുവിളികള്‍ മറികടക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യവത്കരണത്തിനായി അനുവദിച്ചിട്ടുള്ള ഭൂമി 5 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യ- വന്യ ജീവി സംഘര്‍ഷം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം. പരിസ്ഥിതി ദുര്‍ബല പ്രദേശ അന്തിമ വിജ്ഞാപനത്തില്‍ പ്ലാന്റേഷനുകളും കൃഷിഭൂമിയും ഇ എസ് എ പരിധിക്ക് പുറത്ത് നിലനിര്‍ത്തണമെന്നും അനില്‍ മാത്യു ആവശ്യപ്പെട്ടു. എ പി കെ സെക്രട്ടറി ബി കെ അജിത് പ്രസംഗിച്ചു.

എ പി കെ വൈസ് ചെയര്‍മാന്‍ ഫിലിപ്പ് സി ജേക്കബ് സ്വാഗതവും നിര്‍വാഹക സമിതിയംഗം അജയ് ജോണ്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!