

ആലുവ: ആലുവ ജില്ലാ ആശുപത്രിയില്‍ ന്യൂക്ലിക് ആസിഡ് ടെസ്റ്റിനുള്ള സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്ജിന് കത്തെഴുതുകയും ഫോണില്‍ ബന്ധപ്പെട്ട് നേരില്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ ആവശ്യം പരിശോധിച്ച് പരിഗണിക്കാമെന്ന് മന്ത്രി എം എല്‍ എക്ക് മറുപടി നല്‍കി.

ആലുവ ജില്ലാ ആശുപത്രിയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കില്‍ സ്വീകരിക്കുന്ന രക്തത്തില്‍ എച്ച് ഐ വി, എച്ച് ബി വി, എച്ച് സി വി തുടങ്ങിയ രോഗ വൈറസ് സാന്നിധ്യമില്ലെന്ന് ഉറപ്പു വരുത്തുന്നതിന് എലൈസ ടെസ്റ്റാണ് ഇപ്പോള്‍ നടത്തിവരുന്നത്. എന്നാല്‍ ഈ ടെസ്റ്റില്‍ രക്തത്തിലുള്ള വൈറസിന്റെ 30 ദിവസം കഴിഞ്ഞ ആന്റിബോഡിയുടെ സാന്നിധ്യം മാത്രമേ കണ്ടുപിടിക്കുവാന്‍ സാധിക്കുകയുള്ളു.

ന്യൂക്ലിക് ആസിഡ് ടെസ്റ്റിനുള്ള സംവിധാനം ബ്ലഡ് ബാങ്കില്‍ ഒരുക്കിയാല്‍ രക്തത്തിലെ 10 ദിവസം കഴിഞ്ഞ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തുവാന്‍ കഴിയും. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ആലുവ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ നിന്നും രക്തം സ്വീകരിച്ച തലസീമിയ രോഗിക്ക് ഹെപ്പറ്റെറ്റിസ് സ്ഥിരീകരിച്ച് രോഗം മൂര്‍ച്ഛിച്ച് അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് എം എല്‍ എ ആവശ്യം ഉന്നയിച്ചത്.

