

കൊച്ചി: ഷിപ്പിംഗ് കമ്പനിയില്‍ വര്‍ക്ക് അറ്റ് ഹോം ജോലി ശരിയാക്കിത്തരാമെന്നു വിശ്വസിപ്പിച്ച് മൊബൈല്‍ ഫോണും ലാപ്‌ടോപും തട്ടിയെടുത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടാരക്കര ചക്കവറക്കല്‍ പ്രീമിയര്‍ കാഷ്യു ഫാക്ടറിക്കു സമീപം നെടിയാകാല വീട്ടില്‍ അജി തോമസ് (44) ആണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്.

വല്ലാര്‍പാടം പള്ളിക്കു സമീപമാണ് സംഭവം. മരോട്ടിച്ചുവട് സ്വദേശിയായ യുവാവിനെ ഫോണ്‍ ചെയ്ത് വരുത്തി വില്ലിങ്ടണ്‍ ഐലന്റിലെ കമ്പനിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ജോലി വര്‍ക്ക് അറ്റ് ഹോമായി നല്‍കാമെന്ന് പറയുകയായിരുന്നു. മുപ്പതിനായിരം രൂപയാണ് ശമ്പളമായി പറഞ്ഞിരുന്നത്. മൊബൈല്‍ ഫോണും ലാപ്‌ടോപും കമ്പനിയില്‍ കൊണ്ടുപോയി സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു കൊണ്ടുവരാമെന്നു പറഞ്ഞു കൊണ്ടുപോവുകയായിരുന്നു. അരമണിക്കൂറിനകം എത്താമെന്നു പറഞ്ഞയാള്‍ വരാത്തതു കണ്ടപ്പോള്‍ യുവാവ് ഫോണ്‍ ചെയ്തു നോക്കുകയായിരുന്നു. ഇന്‍സ്റ്റാളേഷന്‍ നടക്കുകയാണെന്ന മറുപടിയാണ് അജി തോമസ് നല്‍കിയത്.

എന്നാല്‍ വീണ്ടും സമയം വൈകിയതോടെ വിളിച്ചു നോക്കിയപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ താന്‍ വഞ്ചിക്കപ്പെട്ടതായി യുവാവ് മനസ്സിലാക്കുകയായിരുന്നു. അതോടെ മുളവുകാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
മൊബൈല്‍ കേന്ദ്രീകരിച്ചും ജില്ലയുടെ മറ്റു സ്റ്റേഷനിലേക്ക് അറിയിപ്പ് കൊടുത്തും നടത്തിയ അന്വേഷണത്തില്‍ അങ്കമാലിയില്‍ വെച്ചാണ് അജി തോമസ് പിടിയിലായത്. ഇയാളില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. കലൂരിലെ ഒരു കടയില്‍ നിന്നാണ് വില്‍പ്പന നടത്തിയ ലാപ്‌ടോപ് കണ്ടെത്തിയത്.
എറണാകുളം സെന്‍ട്രല്‍, എളമക്കര, കാലടി സ്റ്റേഷനുകളില്‍ അജി തോമസിന് എതിരെ വഞ്ചന കുറ്റത്തിന് കേസുകള്‍ ഉണ്ട്. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ് ശശിധരന്റെ നിര്‍ദ്ദേശപ്രകാരം മുളവുകാട് എസ് എച്ച് ഒ മഞ്ജിത് ലാലിന്റെ നേതൃത്വത്തില്‍ എസ് ഐ സുനേഖ് എന്‍ ജെ, എ എസ് ഐ ശ്യാംകുമാര്‍, പൊലീസുകാരായ അലോഷ്യസ്, അമൃതേഷ്, തോമസ് ജോര്‍ജ്, സിബില്‍ ഭാസി, അരുണ്‍ ജോഷി, തോമസ് പോള്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നത്.
കോടതിയില്‍ ഹാജരാക്കിയ അജി തോമസിനെ റിമാന്‍ഡ് ചെയ്തു.

