Connect with us

NEWS

പത്മരാജന്‍ അവാര്‍ഡുകള്‍ മോഹന്‍ലാല്‍ സമ്മാനിച്ചു

Published

on


തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസും പത്മരാജന്‍ ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിച്ച 34-ാമത് പി പത്മരാജന്‍ പുരസ്‌ക്കാരങ്ങള്‍ മോഹന്‍ലാല്‍ സമ്മാനിച്ചു. ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ പത്മരാജനെകുറിച്ചുള്ള ഓര്‍മ്മകള്‍ മോഹന്‍ലാല്‍ പങ്കുവെച്ചു. ചടങ്ങില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച സാങ്കേതിക പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു.

മികച്ച നോവലിനുള്ള പത്മരാജന്‍ പുരസ്‌കാരം പട്ടുനൂല്‍പ്പുഴു എന്ന നോവലിന്റെ രചയിതാവ് എസ് ഹരീഷിനും ചെറുകഥ പുരസ്‌കാരം ഇടമലയിലെ യാക്കൂബ് എന്ന കഥയ്ക്ക് പി എസ് റഫീഖിനും ലഭിച്ചു. മികച്ച സംവിധായകനും തിരക്കഥയ്ക്കുമുളഅള അവാര്‍ഡ് ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ഫാസില്‍ മുഹമ്മദിന് സമ്മാനിച്ചു. പ്രശസ്തി പത്രവും ക്യാഷ് പ്രൈസും മെമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം.

യുവ എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്ക് നല്‍കുന്ന ‘എയര്‍ ഇന്ത്യ എക്സ്പ്രസ് ടെയില്‍സ് ഓഫ് ഇന്ത്യ അവാര്‍ഡ്’ സാഹിത്യ പുരസ്‌കാരത്തിന്റെ മൂന്നാം പതിപ്പ് ഐശ്വര്യ കമലയ്ക്ക് ലഭിച്ചു. ഐശ്വര്യയുടെ ആദ്യ നോവലായ വൈറസ് ആണ് അവാര്‍ഡിന് അര്‍ഹമായത്. എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് 737-8 വിമാനത്തിന്റെ ടെയിലിന്റെ മാതൃകയില്‍ ക്രിസ്റ്റലില്‍ രൂപകല്പന ചെയ്ത അവാര്‍ഡ് ശില്പവും ജേതാവ് തിരഞ്ഞെടുക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഡെസ്റ്റിനേഷനിലേക്കും തിരിച്ചും പറക്കാനുളള ടിക്കറ്റും അടങ്ങുന്നതാണ് ‘എയര്‍ ഇന്ത്യ എക്സ്പ്രസ് ടെയില്‍സ് ഓഫ് ഇന്ത്യ’ അവാര്‍ഡ്.

പ്രശസ്ത സംവിധായകന്‍ ടി കെ രാജീവ്കുമാര്‍ ചെയര്‍മാനായിരുന്ന ഫിലിം ജൂറിയില്‍ ഛായാഗ്രാഹകന്‍ എസ് കുമാറും ചലച്ചിത്ര നിരൂപകന്‍ വിജയകൃഷ്ണനും അംഗങ്ങളായിരുന്നു. ഉണ്ണി ആര്‍ ചെയര്‍മാനായിരുന്ന സാഹിത്യ ജൂറിയില്‍ ജി ആര്‍ ഇന്ദുഗോപന്‍, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളായിരുന്നു.

കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരത്തോടും പൈതൃകത്തോടുമുള്ള ആദരസൂചകമായി എയര്‍ലൈനിന്റെ ബോയിംഗ് 737-8 വിമാനങ്ങളിലൊന്നില്‍ മനോഹരമായ കസവു തുണിത്തരങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ടെയില്‍ ഡിസൈന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഏറ്റവും വിപുലമായ അന്താരാഷ്ട്ര കണക്റ്റിവിറ്റിയുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്, കൊച്ചിയില്‍ നിന്ന് 145 ഉം കോഴിക്കോട് നിന്ന് നൂറിലധികവും തിരുവനന്തപുരത്ത് നിന്നും കണ്ണൂരില്‍ നിന്നും 60-ലധികവും വീതം വിമാന സര്‍വീസുകള്‍ ഓരോ ആഴ്ചയും നടത്തുന്നു.

ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങിന് ശേഷം ഈ വര്‍ഷത്തെ പുരസ്‌കാരം നേടിയ ഫെമിനിച്ചി ഫാത്തിമ എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു. പി പത്മരാജന്റെ സിനിമകളിലെ ഗാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വയലിന്‍ സോളോയും അരങ്ങേറി.


error: Content is protected !!