

രണ്ടത്താണി: ലോകത്തിന്റെ നിലനില്‍പ്പ് നീതിയിലാണെന്നും പ്രസ്തുത നൈതികതയായിരുന്നു പ്രവാചക ജീവിതമെന്ന് പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ് പറഞ്ഞു. എസ് എസ് എഫ് ദേശീയ കമ്മിറ്റി രണ്ടത്താണി നുസ്‌റത്ത് കാമ്പസില്‍ സംഘടിപ്പിച്ച സീറത്തുന്നബി ഇന്റര്‍നാഷണല്‍ അക്കാദമിക് കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്ന തിരുനബി സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനവികതയാണ് സമൂഹത്തിന്റെ അടിത്തറ. നബി ഉയര്‍ത്തിപ്പിടിച്ചതും മാനവികതയായിരുന്നു. നബി സ്‌നേഹമെന്നത് പിന്തുടര്‍ച്ചയാണ്. ഇസ്‌ലാമിക സമൂഹം സാധ്യമാക്കേണ്ടത് നബി പിന്തുടര്‍ച്ചയാണ്. ഇസ്‌ലാമിനെ പ്രകാശിപ്പിക്കേണ്ടത് മുസ്‌ലിംകളുടെ ജീവിത ഉത്തരവാദിത്വമാണ്. അങ്ങിനെയാകുമ്പോഴാണ് ഇസ്‌ലാമിനെതിരെ വരുന്ന ആരോപണങ്ങള്‍ അവസാനിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കവി കെ ടി സൂപ്പി, എഴുത്തുകാരന്‍ യാസര്‍ അറഫാത്ത്, എന്നിവര്‍ സംസാരിച്ചു. ഐ പി ബി ഡയറക്ടര്‍ എം അബ്ദുല്‍ മജീദ് മോഡറേറ്ററായിരുന്നു. ഐ പി ബി പുറത്തിറക്കിയ പത്തു പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.
നാളെ നടക്കുന്ന കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന ചടങ്ങില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനവും എസ് എസ് എഫ് ദേശീയ പ്രസിഡന്റ് നൗശാദ് ആലം മിസ്ബാഹി ഒഡീഷ മുഖ്യപ്രഭാഷണവും നടത്തും. രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗവേഷക വിദ്യാര്‍ഥികളും പഠിതാക്കളും അറബിക്, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി 44 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
രാഷ്ട്രം, രാഷ്ട്രീയം, ബഹുസ്വരത, പൗരത്വം, കുടിയേറ്റം, സംസ്‌കാരം, ഭാഷ, ദേശം, സമ്പദ്‌വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളിലെ തിരുനബി കാഴ്ചപ്പാടുകള്‍ വിവിധ സെഷനുകളില്‍ അവതരിപ്പിക്കും.

