

ആലുവ: പുളിഞ്ചോട് മുതല്‍ മംഗലപുഴപ്പാലം വരെയുള്ള നാഷണല്‍ ഹൈവേയില്‍ നിരന്തരം അനുഭവപ്പെടുന്ന ഗതാഗത കുരുക്കുമൂലം പൊതുജനങ്ങളും പ്രത്യേകിച്ച് ആലുവക്കാരും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് മറ്റുമുള്ള യാത്രക്കാരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനു സമാന്തരമായി പുതിയ പാലങ്ങള്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് അന്‍വര്‍ സാദത്ത് എം എല്‍ എ കത്ത് നല്‍കിയിരുന്നു. ഈ കത്തിന് മറുപടിയായി ഈ കാര്യം പരിഗണിക്കാമെന്ന് മന്ത്രിയുടെ മറുപടിയും ലഭിച്ചിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ മറ്റു നടപടികളൊന്നും പിന്നീടുണ്ടാകാതിരുന്ന സാഹചര്യത്തില്‍ ഗതാഗത കുരുക്കിനുപരിഹാരമായി പുളിഞ്ചോടു മുതല്‍ മംഗലപുഴപ്പാലം വരെയുള്ള ഭാഗത്ത് എലിവേറ്റഡ് ഹൈവേയോ അല്ലെങ്കില്‍ മുന്‍പ് ആവശ്യപ്പെട്ട മാര്‍ത്താണ്ഡ വര്‍മ്മ പാലത്തിനു സമാന്തരമായി പുതിയ പാലങ്ങളോ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ബെന്നി ബഹനാന്‍ എം പിയും അന്‍വര്‍ സാദത്ത് എം എല്‍ എയും ചേര്‍ന്ന് ഡല്‍ഹി പാര്‍ലമെന്റിലുള്ള കേന്ദ്ര ഗതാതഗ മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫീസിലെത്തി നേരിട്ട് അദ്ദേഹത്തിനു നല്‍കി.

നാഷണല്‍ ഹൈവേയില്‍ നിത്യേന അനുഭവപ്പെടുന്ന ഗതാഗത കുരുക്കുമൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മന്ത്രിയെ നേരിട്ടു ധരിപ്പിക്കുകയും അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെട്ട് ഒന്നുകില്‍ എലിവേറ്റഡ് ഹൈവേയോ അല്ലെങ്കില്‍ സമാന്തര പാലങ്ങളോ നിര്‍മ്മിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ നാഷണല്‍ ഹൈവേ അധികൃതരേകൊണ്ട് എടുപ്പിക്കണമെന്ന് ഇരുവരും അഭ്യര്‍ഥിക്കുകയും ചെയ്തു. എം പിയുടേയും എം എല്‍ എയുടെയും അഭ്യര്‍ഥനയെ തുടര്‍ന്ന് മന്ത്രി ഉടന്‍ തന്നെ തിരുവനന്തപുരത്തുള്ള നാഷണല്‍ ഹൈവേയുടെ റീജിയണല്‍ ഓഫീസര്‍ ബി എല്‍ മീണയുമായി ബന്ധപ്പെട്ട് അടിയന്തിരമായി ജോയിന്റ് ഇന്‍സ്പെക്ഷന്‍ നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായി ബെന്നി ബഹനാന്‍ എം പിയും അന്‍വര്‍ സാദത്ത് എം എല്‍ എ യും പറഞ്ഞു.
കേന്ദ്രമന്ത്രി ഇക്കാര്യത്തില്‍ ഉദാരമായ സമീപനമാണ് കൈക്കൊണ്ടതെന്നും പ്രതീക്ഷക്കു വക നല്കുന്നുമുണ്ടെന്നും കൂടാതെ ആലുവ മുനിസിപ്പാലിറ്റിയിലെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ഗതാഗത കുരുക്കിന്റെ വിഷയത്തില്‍ ആലുവയില്‍ പുളിഞ്ചോടു മുതല്‍ മംഗലപ്പുഴപ്പാലം വരെ എലിവേറ്റഡ് ഹൈവേ മാത്രമാണ് പരിഹാര മാര്‍ഗ്ഗമെന്ന തീരുമാനം ഉള്‍പ്പെടുത്തി മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ നല്‍കിയ നിവേദനവും കേന്ദ്ര മന്ത്രിക്കു നല്കിയിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.
നിവേദനം കൊടുത്തപ്പോള്‍ ഹൈബി ഈഡന്‍ എം പിയും കൂടെയുണ്ടായിരുന്നു.

