
ആലുവ: ദേശീയപാത 544ലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നും അവിടെ നടക്കുന്ന ടോള്‍ പിരിവ് പൂര്‍ണ്ണമായും നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ബെന്നി ബഹനാന് എം പി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയെ നേരില്‍ കണ്ട് നിവേദനം നല്കി. ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട ചിറങ്ങര, കൊരട്ടി, മുരിങ്ങൂര്‍, പേരാമ്പ്ര ഭാഗങ്ങളിലായി എന്‍ എച്ച് 544-ല്‍ നടക്കുന്ന മേല്‍പ്പാലവും അണ്ടര്പാസുമുള്പ്പെടെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉണ്ടായിട്ടുള്ള രൂക്ഷമായ ഗതാഗതക്കുരുക്ക് മൂലം പൊതുജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന്റെ ഭീകരാവസ്ഥ എംപി മന്ത്രിയെ ധരിപ്പിച്ചു.

ഇവിടെ സര്‍വീസ് റോഡുകളും ഡ്രെയിനേജുമുള്പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് നിര്‍മാണം തുടരുന്നത്. ഇതോടെ പതിനായിരക്കണക്കിന് യാത്രക്കാരാണ് ഓരോ ദിവസവും മണിക്കൂറുകള്‍ ഗതാഗതക്കുരുക്കില്‍ കിടക്കുന്നത്. നിര്‍മ്മാണ ചെലവിന്റെ മൂന്നിരട്ടി തുക ഏതാണ്ട് ആയിരത്തി അഞ്ഞൂറ് കോടിയോളം രൂപ പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്ന് മാത്രമായി പിരിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ അതിനോട് അനുബന്ധിച്ചുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഒരുക്കാന്‍ എന്‍ എച്ച് എ ഐക്കോ കരാറുകാര്‍ക്കോ കഴിയാത്ത സാഹചര്യത്തില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് ഉടന്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നും നിര്‍മ്മാണം സംയോജിതമായി പൂര്‍ത്തിയാക്കാന്‍ ആവശ്യമെങ്കില്‍ പുതിയ കരാറുകാര്‍ക്ക് ചുമതല നല്‍കണമെന്നും എം പി മന്ത്രിയോട് ആവശ്യപ്പെട്ടു.

ഗതാഗതകുരുക്കുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച ഹൈക്കോടതി ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് നിര്‍ത്താന്‍ ഇടപെട്ടതും എന്‍ എച്ച് എ ഐയുടെ വീഴ്ചകള്‍ ഗുരുതരമാണെന്നതിനുള്ള തെളിവാണെന്ന് എം പി വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ പദ്ധതി നേരത്തേ പൂര്‍ത്തിയാക്കാന്‍ പ്രത്യേക മോണിറ്ററിംഗ് സംഘത്തെ നിയോഗിക്കണമെന്നും ജനങ്ങള്‍ അനുഭവിക്കുന്ന ഗതാഗത പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.

