
മനാമ: ബഹ്റൈന്‍ കേരള സുന്നി ജമാഅത്ത് (ഐ സി എഫ്) രൂപീകരണ കാലംതൊട്ട് സംഘടനയുടെ പ്രസിഡന്റ് ആയിരുന്ന ശൈഖുനാ മുഹമ്മദ് ഹുസൈന് മദനിയുടെ എട്ടാമത് ആണ്ടുദിനത്തോടനുബന്ധിച്ച് ഐ സി എഫ് ബഹ്റൈന്‍ നാഷണല്‍ കമ്മിറ്റി അനുസ്മരണ സദസ്സും ദുആ മജ്ലിസും സംഘടിപ്പിച്ചു.

വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും മദീന യൂണിവേഴ്സിറ്റിയില്‍ നിന്നും മത ബിരുദം കരസ്ഥമാക്കിയ മദനി ഉസ്താദ് ബഹ്റൈന്‍ ഇസ്ലാമികകാര്യ മന്ത്രാലയത്തില്‍ മൂന്ന് പതിറ്റാണ്ടിലധികം സേവനമനുഷ്ഠിച്ചു. അഗാധ പാണ്ഡിത്യത്തിന്റെ ഉടമയും വലിയ നേതൃപാടവവും ദീര്‍ഘ വീക്ഷണവുമുള്ള പണ്ഡിതനായിരുന്നു.

മനാമ സുന്നി സെന്ററില്‍ നടന്ന അനുസ്മരണ സംഗമം ഐ സി എഫ് ഇന്റര്‍ നാഷനല്‍ ഡപ്യൂട്ടി പ്രസിഡണ്ട് കെ സി സൈനുദ്ധീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ മുഹ്സിന് മുഹമ്മദ് ഹുസൈന് മദനി ഉദ്ഘാടനം ചെയ്തു. അഡ്വ. എം സി അബ്ദുല്‍ കരീം അനുസ്മരണ പ്രഭാഷണം നടത്തി.
ഐ സി എഫ് നേതാക്കളായ സുലൈമാന്‍ ഹാജി, അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍ എന്നിവര്‍ സംസാരിച്ചു. റഫീക്ക് ലത്വീഫി വരവൂര്‍ സ്വാഗതവും അബ്ദുസ്സമദ് കാക്കടവ് നന്ദിയും പറഞ്ഞു.

