

മട്ടാഞ്ചേരി: തീരദേശത്തെ കടലെടുക്കുമ്പോഴും സര്‍ക്കാരിന്റെ പഠനം തീരുന്നില്ലെന്ന് എറണാകുളം ഡി സി സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്. കണ്ണമാലി പ്രദേശത്ത് തുടര്‍ച്ചയായുണ്ടാകുന്ന കടല്‍കയറ്റത്തിന് അടിയന്തിര പരിഹാരം കാണുക, തകര്‍ന്ന വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, സമരം ചെയ്ത വൈദികര്‍ക്കെതിരെ അന്യായമായി കേസെടുത്ത നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സേവ് കണ്ണമാലി എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് നടത്തിയ താലൂക്ക് ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടികള്‍ ഉപയോഗിച്ച് ചെയ്യുന്ന പദ്ധതികള്‍ പോലും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനില്ല. ചെല്ലാനം തീരത്ത് ടെട്രാപോഡുകള്‍ നിര്‍മ്മിച്ചുവെന്ന് ഊറ്റംകൊണ്ടവര്‍ അത് സംരക്ഷിക്കാനുള്ള പുലിമുട്ടുകള്‍ പോലും ഇതുവരെ നിര്‍മ്മിച്ചിട്ടില്ലാത്തതിനാല്‍ അതും അപകടാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണമാലി, കണ്ടക്കടവ് പ്രദേശത്ത് രൂക്ഷമായ കടല്‍ കയറ്റം ഉണ്ടാകുവാനുള്ള സാഹചര്യം സൃഷ്ടിച്ച ഇടതുപക്ഷ സര്‍ക്കാര്‍ അനാസ്ഥയ്ക്കും അഴിമതിക്കും എതിരെ പ്രതിഷേധം ഇരമ്പി.


തീരദേശ ജനതയോട് സര്‍ക്കാര്‍ കണ്ണില്‍ ചോരയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകുന്നു. 350 കോടി രൂപയിലധികം ചിലവില്‍ പന്ത്രണ്ട് കിലോമീറ്റര്‍ നീളത്തില്‍ ടെട്രാ പോഡ് നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ 12.3 കിലോമീറ്റര്‍ നിര്‍മ്മാണത്തിന്റെ പണം കൊണ്ട് ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മ്മിച്ചത് 7 കിലോമീറ്റര്‍ മാത്രമാണ്. കാലവര്‍ഷത്തിലെ കടല്‍ക്ഷോഭത്തില്‍ എല്ലാ ദുരിതവും പേറുന്ന ഒരു ജനതയാണ് കണ്ണമാലിയിലേത്. എത്രയോ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. കാലവര്ഷമടുക്കുമ്പോള് ഭീതിയുടെ മുനമ്പിലാണ് സാധാരണക്കാരായ ജനം, അപ്പോഴും സര്‍ക്കാര്‍ സ്വീകരിക്കുന്നത് താത്കാലിക ആശ്വാസം മാത്രമാണ്. മത്സ്യ മേഖലയെ ആശ്രയിച്ചു കഴിയുന്ന ജനതയോട് സര്‍ക്കാരിന് യാതൊരു കരുണയുമില്ല.
കഴിഞ്ഞ വര്‍ഷത്തെ കടലാക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഇപ്പോഴും നല്‍കിയിട്ടില്ല. ജനങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന വൈദികര്‍ക്കെതിരെ കേസെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഷിയാസ് പറഞ്ഞു.

മാര്‍ച്ച് താലൂക്ക് ഓഫിസിന് മുന്നില്‍ വെച്ച് പൊലീസ് തടഞ്ഞു. ഡി സി സി ജനറല്‍ സെക്രട്ടറി എം പി ശിവദത്തന്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗ്ഗിസ്, ഡൊമിനിക് പ്രസന്റേഷന്, എന്‍ വേണുഗോപാല്‍, ടോണി ചമ്മിണി, എം ആര് അഭിലാഷ്, തമ്പി സുബ്രഹ്മണ്യം, സുനില സിബി, വി എച്ച് ഷിഹാബുദ്ധീന്, പി പി ജേക്കബ്, എം മുരളിധരന്, കെ എം റഹിം, പി എ അബ്ദുല്‍ ലത്തിഫ്, അജിത്ത് അമീര്‍ ബാവ, ജോണ്‍ പഴേരി, ദിലീപ് കുഞ്ഞു കുട്ടി, ആന്റണി കുരീത്തറ, പി എച്ച് നാസര്‍, ഷാജി കുറുപ്പാശ്ശേരി, കവിത ഹരികുമാര്‍, ശോഭ ജോസഫ്, ഷൈല തദ്ദേവുസ്, പി എഫ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

