

ദോഹ: പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ഖത്തറിന്റെ താത്പര്യത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ വ്യോമഗതാഗതം താത്ക്കാലികമായി നിര്‍ത്തിവച്ചതായി ബന്ധപ്പെട്ട അധികാരികള്‍ പ്രഖ്യാപിച്ചു.

മേഖലയിലെ സമീപകാല സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി സ്വീകരിച്ച മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഔദ്യോഗിക സ്ഥാപനങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായും തുടര്‍ച്ചയായും നിരീക്ഷിക്കുന്നുണ്ടെന്നും പ്രാദേശിക, അന്തര്‍ദേശീയ പങ്കാളികളുമായി ഏകോപിപ്പിച്ച് കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് അപ്ഡേറ്റുകള് നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഖത്തര്‍ മണ്ണിലുള്ള എല്ലാവരുടെയും സുരക്ഷ മുന്‍ഗണനയായി തുടരുന്നുവെന്നും ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ പ്രതിരോധ, സംരക്ഷണ നടപടികളും സ്വീകരിക്കാന്‍ രാജ്യം മടിക്കില്ലെന്നും മന്ത്രാലയം ആവര്‍ത്തിച്ചു.
