

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയം ഇന്ന് സുപ്രിം കോടതിയുടെ പരിഗണനയിലെടുക്കും. മേല്‍നോട്ട സമിതി അംഗീകരിച്ച റൂള്‍ കര്‍വിനെ കേരളം ശക്തമായി എതിര്‍ക്കുമെന്നാണ് അറിയുന്നത്. ബേബി ഡാമിന്റെ സമീപത്തെ മരംമുറിക്കല്‍ വിഷയവും കോടതിയില്‍ പരാമര്‍ശിച്ചേക്കും.

മേല്‍നോട്ട സമിതി അംഗീകരിച്ച റൂള്‍ കര്‍വ് പ്രകാരം നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരമാവധി ജലനിരപ്പായ 142 അടി വെള്ളം സംഭരിക്കാം. ഇന്നലെ മുതലാണ് പുതിയ റൂള്‍ കര്‍വ് നിലവില്‍ വന്നത്. ജസ്റ്റിസുമാരായ എം എന്‍ ഖാന്‍വില്‍ക്കര്‍, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് നാല് പൊതുതാത്പര്യ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കുമ്പോള്‍ വിശദമായി വാദം പറയാനാണ് കേരളം തീരുമാനിച്ചിരിക്കുന്നത്.

മരംമുറിയുമായി ബന്ധപ്പെട്ടും കേരളം നിലപാട് അറിയിക്കുന്നു. തമിഴ്‌നാട് തങ്ങളുടെ നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ട്. ബേബി ഡാം ശക്തിപ്പെടുത്താനും മരങ്ങള്‍ മുറിക്കാനും കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്നാട് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.

