Readers Post
നാടിന്റെ വിസ്മയമായി മാറിയ മുന്‍ഷി- കെ കെ അസൈനാര്‍
മുന്‍ഷിയെന്ന ചുരുക്കപ്പേരില്‍ വിളിക്കുന്ന കെ കെ അസൈനാര്‍ അറബി അധ്യാപകനായാണ് ജീവിതം ആരംഭിച്ചത്. കഠിനാധ്വാനവും സ്ഥിരോത്സാഹവും മുന്‍ഷിയെ ഒരു ബഹുമുഖ പ്രതിഭയാക്കി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിലായിരുന്നു പരിചയപ്പെട്ടത്. അന്നു മുതല്‍ ബന്ധം മരണം വരെ തുടര്‍ന്നു.
രാമന്തളിക്കാരുടെ മാത്രം മുന്‍ഷിയായിരുന്നില്ല.

രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് സംസ്ഥാനം മുഴുവന്‍ അറിയപ്പെട്ടു. പുതു തലമുറയ്ക്ക് അധികം അറിയില്ലെങ്കിലും പഴയ തലമുറയുടെ ഉറ്റതോഴനും കൂടിയായിരുന്നു. സാമൂഹ്യ- സാംസ്‌കാരിക- വിദ്യാഭ്യാസ- മാധ്യമ മണ്ഡലത്തില്‍ ജ്വലിക്കുന്ന താരമാണെന്ന് അലങ്കാരമില്ലാതെ തന്നെ പറയാം. ഇടയ്ക്ക് തൊഴില്‍ തേടി ഗള്‍ഫിലേക്ക് ചേക്കേറിയെങ്കിലും അതിന്റെ ആയുസ്സു കുറവായിരുന്നു. അവിടെ സ്ഥിരമായെങ്കില്‍ മുന്‍ഷിയുടെ ഫുള്‍ ടൈം സേവനം നാട്ടുകാര്‍ക്ക് നഷ്ടപ്പെടുമായിരുന്നു.
നാടിന്റെയും നാട്ടുകാരുടെയും സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞു വര മൊഴിയിലൂടെ ജനങ്ങളിലെത്തിച്ച് നാട്ടില്‍ മണ്‍മറഞ്ഞുപോയ ഉന്നത വ്യക്തികളെയും നാട്ടിന്റെ പൈതൃകം കലര്‍പ്പില്ലാതെ പുതു തലമുറക്ക് പരിചയപ്പെടുത്തുന്നതില്‍ ആനന്ദം കണ്ടെത്തിയ ഒരു മഹദ് വ്യക്തി. സമൂഹ മധ്യത്തിലെ മിക്കവരുമായും ഇടപെടല്‍ നടത്തി അവരില്‍ നിന്നും ലഭിക്കുന്ന നന്മ പകര്‍ന്നു നല്‍കുന്നത് ഇബാദത്തായി കരുതുന്ന അന്വേഷണ കുതുകി. മാധ്യമ പ്രവര്‍ത്തനം നെഞ്ചിലേറ്റിയത് പഴയ കാലത്ത് പത്രവാര്‍ത്തയ്ക്ക് അടിയില്‍ ‘ഒ ലേ’ (ഒരു ലേഖകന്‍) എന്ന ബൈലൈനോടു കൂടിയാണ് പിന്നീട് ഏറെക്കാലം ചന്ദ്രികയുടെ സ്വന്തം ലേഖകനായി സേവനമനുഷ്ഠിച്ചു. പയ്യന്നൂര്‍ പ്രസ് ഫോറം പ്രസിഡന്റ് പദം വരെ എത്തി.
രോഗശയ്യയിലാവുന്നതുവരെ പ്രതിഫലേച്ഛയില്ലാതെ തന്റെ ദൗത്യം നിര്‍വ്വഹിച്ചു. ഒരു ചരിത്രകാരന്റെയും റോളിലുള്ള മുന്‍ഷിയെത്തേടി വിവിധ സ്ഥലങ്ങളില്‍ നിന്നും ചരിത്രകാരന്മാര്‍ വീട്ടിലെത്താറുണ്ടായിരുന്നു. ജന്മനാ സിദ്ധി അറിവ് മറ്റുള്ളവര്‍ക്ക് എഴുത്തിലൂടെയും നേരിട്ടും പകര്‍ന്നു നല്‍കുന്നതില്‍ പിശുക്ക് കാണിക്കാത്ത ഒരു മാന്യ വ്യക്തിത്വം. സ്വന്തമായി ഒരു സൈക്കിള്‍ പോലും ഇല്ലാത്ത മുന്‍ഷി വിവിധ പ്രദേശങ്ങളില്‍ ഒറ്റക്ക് സഞ്ചരിച്ച് വിവരങ്ങള്‍ രേഖരിച്ച് എഴുതുകയെന്നത് ഹരമായിരുന്നു.
ഗള്‍ഫ് നാടുകളിലും ദ്വീപു സമൂഹങ്ങളിലും യാത്ര ചെയ്ത് ലേഖനങ്ങള്‍ തയ്യാറാക്കി വിവിധ പത്രകോളങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പ്രത്യക്ഷപ്പെട്ടു. സാമൂഹ്യ- സാംസ്‌കാരിക- വിദ്യാഭ്യാസ മതകാര്യങ്ങളിലുണ്ടാവുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ അകപ്പെട്ടവരെ തന്റെ അറിവ് വെച്ച് സഹായിച്ചു. കഴിഞ്ഞമാസം രോഗശയ്യയിലായപ്പോള്‍ വീടു സന്ദര്‍ശിച്ച അവസരം മനസ്സിന് ഏറെ പ്രയാസം അനുഭവപ്പെട്ടു. കാരണം സാമൂഹ്യ സേവനവും എഴുത്തും തപസ്യയാക്കിയ അസൈനാര്‍ക്കയെ പോലുള്ളവര്‍ ഇനി ആരാണ് ഉള്ളതെന്നോര്‍ത്ത്.



