
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ ഇന്ന് വിസ്തരിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് സാക്ഷി വിസ്താരം.
മുന്നൂറിലധികം സാക്ഷികളുള്ള കേസില്‍ നടി കാവ്യാമാധവന്‍ ഉള്‍പ്പടെ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. കേസില്‍ കാവ്യാമാധവന്‍ കൂറുമാറിയിരുന്നു.

പ്രോസിക്യൂഷന്‍ വിസ്താരത്തിനിടയിലാണ് നടി കൂറുമാറിയത്. അക്രമത്തിന് ഇരയായ നടിയോട് കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ നടന്‍ ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണ് കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.


സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്‌ഷോയുടെ റിഹേഴ്‌സല്‍ ക്യാംപ് നടന്ന ഹോട്ടലില്‍ വെച്ച് നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ ഒപ്പം കാവ്യയുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു.
2017ലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. വിചാരണയ്ക്കുള്ള സമയം അടുത്തമാസത്തോടെ അവസാനിക്കാനിരിക്കെ ഇനിയും ആറു മാസം സമയം വേണമെന്ന് വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്നുവെന്ന കാരണം പറഞ്ഞാണ് ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രിം കോടതിയെ സമീപിച്ചത്.
കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി സുപ്രിം കോടതി അനുവദിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയപരിധി സുപ്രിം കോടതി ദീര്‍ഘിപ്പിച്ചു നല്കുന്നത്.


