

കോഴിക്കോട്: ഓണ്‍ലൈന്‍ അടക്കമുള്ള മാറുന്ന കച്ചവട സംസ്‌ക്കാരത്തിലേക്ക് ഇറങ്ങിയില്ലെങ്കില്‍ വരും കാലത്ത് ചെറുകിട കച്ചവടക്കാര്‍ക്ക് വിപണിയില്‍ മത്സരിച്ചു നില്ക്കുക പ്രയാസകരമാകുമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിന്റ് വി കെ സി മമ്മദ് കോയ പറഞ്ഞു. അയല്‍പക്ക വ്യാപാരികളെയും ചെറുകിട സംരംഭകരേയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വി കെ സി ഷോപ്പ് ലോക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു വി കെ സി ഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയായ മമ്മദ് കോയ.

വാണിജ്യ- വ്യവസായ രംഗത്തേക്ക് കടന്നു വരുമ്പോള്‍ മുമ്പ് പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തന്നെ പോലുള്ള പഴയ തലമുറയിലെ കച്ചവടക്കാര്‍ക്ക് ഏറെ വൈമുഖ്യമായിരുന്നു. മൊബൈല്‍ ഫോണു പോലും കാലങ്ങള്‍ കഴിഞ്ഞാണ് തന്നെ പോലുള്ളവരുടെ ആവശ്യവസ്തുവായി മാറിയത്. എന്നാല്‍ മത്സരാധിഷ്ഠിതമായ പുതിയ കാലത്ത് വന്‍കിടക്കാരോട് പിടിച്ചു നില്ക്കുവാന്‍ ഇത്തരം പുതിയ രീതികള്‍ അനിവാര്യമാണ്. അസംഘടിതരായ ചെറുകിട കച്ചവടക്കാരെക്കൂടി ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഗ്രാമങ്ങളിലെ നാട്ടുകാരെ കൂടി ഉള്‍ക്കൊള്ളിച്ച് തങ്ങളുടെ പ്രദേശത്തെ കച്ചവടക്കാരിലൂടെ തന്നെ സാധനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്ന വി കെ സി ഗ്രൂപ്പ് ഷോപ്പ് ലോക്കല്‍ പദ്ധതി നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ വി കെ സി ഡയറക്ടര്‍മാരായ വി റസാഖ്, വി റഫീഖ്, ചാക്കോ, ഹമീദലി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ചടങ്ങില്‍ ഉപഭോക്താക്കള്‍ക്കും വിതരണക്കാര്‍ക്കുമുള്ള ടാറ്റാ പഞ്ച് കാര്‍, ടിയാ ഗോ കാര്‍, പാഷന്‍ പ്രേ ബൈക്കുകള്‍ എന്നിവ വിതരണം ചെയ്തു.
രണ്ടാംഘട്ട ഷോപ്പ് ലോക്കല്‍ പരിപാടിയുടെ മെഗാ നറുക്കെടുപ്പും നടന്നു. വിജയികള്‍ക്ക് ഒരു ലക്ഷവും തിരഞ്ഞെടുക്കുന്ന 100 പേര്‍ക്ക് സ്വര്‍ണ നാണയങ്ങളും സമ്മാനമായി നല്കും. ഫേസ് ബുക്കിലൂടെ നടത്തുന്ന തത്സമയ നറുക്കെടുപ്പിലൂടെ നൂറ് സ്വര്‍ണ നാണയ വിജയികളെ കണ്ടെത്തും.

