
ന്യൂഡല്‍ഹി: ആവശ്യങ്ങള്‍ ഭരണാധികാരികള്‍ അംഗീകരിക്കുന്നതുവരെ വ്യാപാരികളോട് ജി എസ് ടി അടയ്ക്കരുതെന്ന് ആള്‍ ഇന്ത്യ ഫെയര്‍ പ്രൈസ് ഷോപ്പ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പ്രഹ്ലാദ് മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ കൂടിയാണ് പ്രഹ്ലാദ് മോദി.
തങ്ങളുടെ ആവശ്യം മഹാരാഷ്ട്രാ സര്‍ക്കാരിനെയും കേന്ദ്രത്തെയും അറിയിക്കാന്‍ പ്രക്ഷോഭം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ദവ് താക്കറെയും മോദിയെയും കച്ചവടക്കാരുടെ വീട്ടുപടിക്കലെത്തിക്കുന്ന തരത്തിലാവണം പ്രക്ഷോഭമെന്നും പ്രഹ്ലാദ് മോദി ആവശ്യപ്പെട്ടു.
രാജ്യത്തൊട്ടാകെയുള്ള ആറര ലക്ഷം ഫെയര്‍ പ്രൈസ് ഷോപ്പ് കച്ചവടക്കാരെ പ്രതിനിധീകരിച്ചാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും തങ്ങളുടെ വിവിധ ആവശ്യങ്ങള്‍ അധികാരികള്‍ അംഗീകരിക്കുന്നതുവരെ ജി എസ് ടി നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നരേന്ദ്ര മോദിയായാലും ആരായാലും അവര്‍ നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കണമെന്നും ആദ്യം മഹാരാഷ്ട്ര സര്‍ക്കാരിന് കത്തെഴുതണെന്നുമാണ് തനിക്ക് പറയാനുള്ളതെന്നു പറഞ്ഞ പ്രഹ്ലാദ് മോദി സര്‍ക്കാര്‍ കേള്‍ക്കുന്നതുവരെ ജി എസ് ടി നല്‍കില്ലെന്നും ജനാധിപത്യത്തിലാണ് ജീവിക്കുന്നതെന്നും അടിച്ചമര്‍ത്തപ്പെട്ടവരല്ലെന്നും കച്ചവടക്കാരോട് പറഞ്ഞു.

