

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ ആറന്മുള വാസ്തു വിദ്യാ ഗുരുകുലം സംഘടിപ്പിക്കുന്ന ദേശീയ ചുവര്‍ചിത്രകലാ ക്യാമ്പ് ‘വരമുദ്ര 2022’ മാര്‍ച്ച് ഒന്‍പത് മുതല്‍ 15 വരെ തിരുവനന്തപുരം അനന്ത വിലാസം കൊട്ടാരത്തില്‍ നടക്കും. സംസ്ഥാനത്തിന് പുറത്തുനിന്നുള്‍പ്പെടെ 12 പ്രമുഖ കലാകാരന്മാരും ഗുരുകുലത്തിലെ കലാകാരന്മാരും ചേര്‍ന്ന് മുപ്പതിലധികം പ്രതിഭകള്‍ ക്യാമ്പില്‍ പങ്കെടുക്കും.

എല്ലാ ദിവസവും വൈകിട്ട് അഞ്ച് മണി മുതല്‍ വിവിധ പരിപാടികള്‍, വ്യത്യസ്ത വിഷയങ്ങളില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍, ഡോക്യുമെന്ററി ഫിലിം പ്രദര്‍ശനം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.

ഒന്‍പതിന് രാവിലെ 11 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. മന്ത്രി അഡ്വ. ജി ആര്‍ അനില്‍ വിശിഷ്ടാതിഥിയായിരിക്കും. സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും.
കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, സാംസ്്കാരിക വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് റിയാസ്, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ വി കാര്‍ത്തികേയന്‍ നായര്‍, ചിത്രകാരന്‍ ബി ഡി ദത്തന്‍, ടൂറിസം ആര്‍ ടി മിഷന്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രൂപേഷ്‌കുമാര്‍ കെ, വാസ്തുവിദ്യാഗുരുകുലം ചെയര്‍മാന്‍ ഡോ. ജി ശങ്കര്‍, ഡയറക്ടര്‍ ടി ആര്‍ സദാശിവന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിക്കും.
11.45ന് ചിത്രരചന, വൈകിട്ട് അഞ്ച് മണി മുതല്‍ കലാപരിപാടി, ഏഴു മണിക്ക് നടക്കുന്ന സെമിനാര്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ പ്രൊ. വി കാര്‍ത്തികേയന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കേരളീയ ചുവര്‍ ചിത്രകലയുടെ ചരിത്രവും സവിശേഷതകളും എന്ന വിഷയത്തെക്കുറിച്ച് ഡോ. എം ജി ശശിഭൂഷനും ചുവര്‍ ചിത്രകലയിലെ പുരാണം എന്ന വിഷയത്തെക്കുറിച്ച് ഡോ. എ മോഹനാക്ഷന്‍ നായരും സെമിനാര്‍ നയിക്കും. തുടര്‍ന്ന് ചര്‍ച്ചയും ഡോക്യുമെന്ററി പ്രദര്‍ശനവും നടക്കും.
മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട, പുരാരേഖാ വകുപ്പ് ഡയറക്ടര്‍ ജെ റെജികുമാര്‍, ഭാരത് ഭവന്‍ അംഗം സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാന്‍, നേമം പുഷ്പരാജ്, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ ദിനേശന്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍, ജി എസ് പ്രദീപ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി എസ് ശ്രീകല തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലെ ക്യാമ്പില്‍ പങ്കെടുത്ത് സംസാരിക്കും.
ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. പ്രദോഷ് മിശ്ര, ഡോ. എം വേലായുധന്‍ നായര്‍, പ്രൊഫ. സുരേഷ് കെ നായര്‍, ഡോ. കണ്ണന്‍ പരമേശ്വരന്‍ തുടങ്ങിയവരും സെമിനാറുകള്‍ നയിക്കും.
ചിത്രരചനയോടൊപ്പം പഞ്ചവാദ്യം, കളമെഴുത്ത്, മിഴാവ്, തായമ്പക, ചാക്യാര്‍കൂത്ത്, വീണക്കച്ചേരി, വഞ്ചിപ്പാട്ട് തുടങ്ങിയ കലാപരിപാടികളും ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
15ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായിരിക്കും. മന്ത്രി വി ശിവന്‍കുട്ടി വിശിഷ്ടാതിഥിയായിരിക്കും. പുരാവസ്തു, പുരാരേഖ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു മുഖ്യപ്രഭാഷണം നടത്തും. വാസ്തുവിദ്യാ ഗുരുകുലം ചെയര്‍മാന്‍ ഡോ. ജി ശങ്കര്‍, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ കൃഷ്ണതേജ, വാസ്തുവിദ്യാഗുരുകുലം ഡയറക്ടര്‍ ടി ആര്‍ സദാശിവന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിക്കും.
ഗുരുകുലം അതിന്റെ കര്‍മ്മപഥത്തില്‍ 29 സംവത്സരങ്ങള്‍ പിന്നിട്ടിരിക്കുന്ന വേളയില്‍ സംഘടിപ്പിക്കുന്ന ദേശീയ ചുവര്‍ ചിത്രകലാ ക്യാമ്പ് വാസ്തുവിദ്യാ ഗുരുകുലം നടത്തുന്ന ക്രിയാത്മക ഇടപെടലാണെന്ന് ചെയര്‍മാന്‍ ഡോ. ജി ശങ്കറും ഡയറക്ടര്‍ ടി ആര്‍ സദാശിവന്‍ നായരും പറഞ്ഞു.

