നിമിഷ പ്രിയയുടെ വധശിക്ഷ യമന്‍ അപ്പീല്‍ കോടതി ശരിവെച്ചു

Web Desk
1 Min Read

സനാ: യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെയാണ് നിമിഷ പ്രിയ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ അപ്പീല്‍ കോടതിയെ സമീപിച്ചത്.

city exchange

കേസിലെ വാദം കഴിഞ്ഞ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നല്‍കി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ വേണമെന്ന അപേക്ഷയുമായാണ് നിമിഷ പ്രിയയ അപ്പീല്‍ കോടതിക്കു മുമ്പിലെത്തിയതെങ്കിലും യുവതിയുടെ വധശിക്ഷ കോടതി ശരിവെക്കുകയായിരുന്നു. ഇതോടെ യമന്‍ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സുപ്രിം ജുഡീഷ്യല്‍ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് കേസ് സമര്‍പ്പിക്കാമെങ്കിലും അവിടെ അപ്പീല്‍ കോടതിയിലെ നടപടിക്രമങ്ങള്‍ ശരിയായിരുന്നോ എന്ന് പരിശോധിക്കുക മാത്രമാണ് പതിവ്.

2017 ജൂലൈ 25നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദി പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.

- Advertisement -
Ad image

നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണെന്നതിന് യമനില്‍ രേഖകളുണ്ട്. എന്നാല്‍ ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ പ്രിയ ആരോപിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!