യു എന്‍ പൊതുസഭയുടെ 76-ാം സെഷനില്‍ സംസാരിച്ച് ഖത്തര്‍ അമീര്‍

Web Desk
2 Min Read

ന്യൂയോര്‍ക്ക്: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി യു എന്‍ പൊതുസഭയുടെ 76-ാം സെഷനില്‍ സംസാരിച്ചു.

city exchange


കോവിഡ് മഹാമാരിയെ തടയാന്‍ രാജ്യാന്തര സ്ഥാപനങ്ങള്‍ക്ക് ഖത്തറിന്റെ പിന്തുണ തുടരുമെന്ന് അറിയിച്ച അമീര്‍ കോവിഡ് വാക്‌സിന്റെ തുല്യമായ വിതരണവും ദക്ഷിണമേഖലാ രാജ്യങ്ങളിലേക്ക് അവയുടെ ലഭ്യതയും ഉറപ്പാക്കുന്നതിന് ഊന്നല്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിയെ നേരിടാന്‍ രാജ്യാന്തര കോവിഡ് വാക്‌സിനുകളുടെ സാധുതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പ്രചരണങ്ങളും മറ്റൊരു മഹാമാരിയാണെന്നും അവയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഒന്നിച്ചു നടത്തണമെന്നും അമീര്‍ ആവശ്യപ്പെട്ടു.


കൂട്ടായ സുരക്ഷാ സംവിധാനത്തിലെ ബലഹീനതകള്‍ കോവിഡ് വെളിപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യവും സമ്പദ് വ്യവസ്ഥ സന്തുലിതമാക്കേണ്ടതിന്റെ പ്രാധാന്യവും ഉള്‍പ്പെടെ നിരവധി പാഠങ്ങളാണ് കോവിഡ് പഠിപ്പിച്ചതായും അദ്ദേഹം ഉണര്‍ത്തി.

അഫ്ഗാനിസ്ഥാന് സഹായം ലഭ്യമാക്കുന്നതിന് ആഗോളശ്രമങ്ങള്‍ അത്യാവശ്യമാണെന്ന കാര്യവും ലോകസമൂഹത്തോട് ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ചൂണ്ടിക്കാട്ടി. രാജ്യാന്തര സമൂഹം താലിബാനുമായി ചര്‍ച്ചകള്‍ തുടരണമെന്നു പറഞ്ഞ അമീര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ആയിരക്കണക്കിനു പേരെ ഒഴിപ്പിക്കുന്നതില്‍നിന്നും ഖത്തര്‍ പിന്നോക്കം പോയിട്ടില്ലെന്നും അറിയിച്ചു. ഇക്കാര്യത്തില്‍ മനുഷ്യത്വപരമായ കടമയാണ് ഖത്തര്‍ നിര്‍വഹിക്കുന്നത്.

- Advertisement -
Ad image


അധിനിവേശ ജറുസലേമിലും ഇസ്‌ലാമിക, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളിലും പ്രത്യേകിച്ച് അല്‍ അഖ്‌സ മസ്ജിദിലും ഈ വര്‍ഷം റമദാനില്‍ ഉള്‍പ്പെടെ നിരവധി തവണ ഇസ്രാഈല്‍ ലംഘനങ്ങള്‍ നടത്തിയ കാര്യം അമീര്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ വിഷയത്തില്‍ രാജ്യാന്തര സമൂഹം സമഗ്രവും നീതിപൂര്‍വവുമായ തരത്തില്‍ സമാധാനത്തിലുള്ള പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂതവത്ക്കരണത്തിന്റെ ഭാഗമായി നിരവധി ഫലസ്തീന്‍ ഭവനങ്ങള്‍ പിടിച്ചെടുത്തിട്ടുമുണ്ട്. ഇത് ഗസ മുനമ്പില്‍ അപകടകരമായ പട്ടാള പ്രവര്‍ത്തനങ്ങളാണ് ഇടയാക്കിയത്. നൂറുകണക്കിന് സാധാരണക്കാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഗസ മുനമ്പില്‍ കാലങ്ങളായി ഇല്ലാതായിരിക്കുന്ന മാനുഷികാവസ്ഥകളെ കൂടുതല്‍ ഗുരുതരമാക്കുകയും ചെയ്തിട്ടുണ്ടെന്നും അമീര്‍ മുന്നറിയിപ്പ് നല്കി.


സമാധാനപരമായി കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ 1967ലെ അതിര്‍ത്തി കരാറുകള്‍ പാലിക്കുകയും കരാര്‍ പ്രകാരമുള്ള തലസ്ഥാനം അനുവദിക്കുകയും വേണം. മാത്രമല്ല അറബ് ഭൂമി കൈയ്യേറുന്ന ഇസ്രായേല്‍ നടപടികള്‍ അവസാനിപ്പിക്കേണ്ടതുമുണ്ട്. അതോടൊപ്പം അഭയാര്‍ഥി പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ടെന്ന് അമീര്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം അന്തര്‍ദേശീയ സമൂഹം പതിറ്റാണ്ടുകളായി അംഗീകരിച്ച വസ്തുതകളാണെങ്കിലും പരിഹരിക്കാനുള്ള ശ്രമങ്ങളൊന്നും നടന്നില്ലെന്ന് മാത്രമല്ല വലിയ പ്രതിസന്ധികളായി തീര്‍ന്നിരിക്കുകയാണെന്നും അമീര്‍ യു എന്‍ പൊതുസഭയെ ഉണര്‍ത്തി.


ഫലസ്തീന്‍ അജണ്ടയെ അരികുവത്ക്കരിക്കാനാണ് ചിലര്‍ ശ്രമങ്ങള്‍ നടത്തുന്നത്. ഫലസ്തീന്‍ പ്രശ്‌നത്തില്‍ അന്തര്‍ദേശീയ സമൂഹം ഫലപ്രദമായി ഇടപെടണമെന്നും ആവശ്യമായ പരിഹാരങ്ങള്‍ ഉണ്ടാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.


സിറിയന്‍ പ്രശ്‌നങ്ങള്‍ അവഗണിക്കരുതെന്നും ഭരണകൂടം ജനങ്ങള്‍ക്കെതിരെ നടത്തിയ യുദ്ധമാണതെന്നും ചൂണ്ടിക്കാട്ടിയ അമീര്‍ സിറിയന്‍ പ്രതിസന്ധി മാനുഷികമായ ദുരന്തമായി മാറിയതായും വിശദീകരിച്ചു.


ഇറാനുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കണം. എന്നാല്‍ പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തില്‍ യുക്തിസഹമായ സംഭാഷണത്തിലൂടെയല്ലാതെ അതിന് സാധിക്കില്ലെന്നും അമീര്‍ ചൂണ്ടിക്കാട്ടി.


കഴിഞ്ഞ ജനുവരി മാസത്തില്‍ ജി സി സി നേതാക്കള്‍ പുറപ്പെടുവിച്ച അല്‍ഉല പ്രഖ്യാപനം പൊതു താത്പര്യങ്ങളുടെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തില്‍ സംഭാഷണത്തിലൂടെ വ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള തത്വം ഉള്‍ക്കൊള്ളുന്നതാണെന്ന് അമീര്‍ പറഞ്ഞു. അല്‍ഉല കരാറിനെ തുടര്‍ന്ന് സഹോദരങ്ങള്‍ക്കിടയിലുണ്ടായ സമവായം മുമ്പോട്ടു കൊണ്ടുപോകാനാവുമെന്ന് തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും അമീര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!