

കോഴിക്കോട്: പ്രകൃതി ദുരന്തങ്ങളില്‍ കെടുതി അനുഭവിക്കുന്നവരെ സഹായിക്കാതെ സര്‍ക്കാര്‍ ക്രൂരമായ നിസ്സംഗത തുടരുകയാണെന്ന് മുസ്്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് പി എം എ സലാം. ഉരുള്‍പൊട്ടലിലും പ്രളയത്തിലും ഒക്ടോബര്‍ 12 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ 42 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മുഖ്യമന്ത്രി പ്രസ്താവനയിറക്കുകയും മന്ത്രിമാര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തതല്ലാതെ ഒരു സഹായം ദുരന്തങ്ങള്‍ക്കിരയായവര്‍ക്ക് ലഭിച്ചിട്ടില്ല.

മരണപ്പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. കിടപ്പാടം മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും ഒഴുകി പോയവര്‍ക്ക് നാല് ലക്ഷം ഒന്നിനും തികയില്ല. നാല് ലക്ഷം രൂപ തന്നെ നല്‍കുമെന്ന് പ്രഖ്യാപിക്കുക മാത്രമെ ചെയ്തിട്ടുമുള്ളൂ. പ്രകൃതി ദുരന്തങ്ങള്‍ക്കിരയായവര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണുള്ളത്. യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളാണ് അവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തു നല്‍കുന്നതെന്നും പി.എം.എ സലാം പറഞ്ഞു. കോഴിക്കോട് ലീഗ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തത്തിനിരയായവര്‍ക്ക് സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള ആശ്വാസ നടപടികള്‍ പോലും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര സഹായത്തിന് കാത്തിരിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. സര്‍ക്കാര്‍ നിസംഗത വെടിഞ്ഞ് ഇനിയെങ്കിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി മുന്നോട്ട് വരണം. മുന്‍ വര്‍ഷങ്ങളില്‍ പ്രളയക്കെടുക്കിരയായവര്‍ക്കുള്ള പതിനായിരം രൂപ സഹായം ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും പി എം എ സലാം വിമര്‍ശിച്ചു.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ഇപ്പോഴും അയിത്തം ആചരിക്കുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് തിരുവനന്തപുരത്ത് എസ് എഫ് ഐ മുന്‍ നേതാവ് അനുപമ ചന്ദ്രന്റെ കുഞ്ഞിനെ ദത്തെടുത്ത് കടത്തിയ സംഭവം പരമാര്‍ശിച്ച് അദ്ദേഹം ആവശ്യപ്പെട്ടു. സി പി എം നേതാവായ അനുപമയുടെ പിതാവും മാതാവും ചേര്‍ന്ന് കുഞ്ഞിനെ കടത്തിക്കൊണ്ടു പോവുകയായിരുന്നു. വേറെ ഏതെങ്കിലും പാര്‍ട്ടിയുടെ നേതാക്കളാണ് ഇങ്ങനെയൊരു സംഭവത്തില്‍ പ്രതി സ്ഥാനത്തെങ്കില്‍ കേരളം വലിയ കോളിളക്കത്തിന് സാക്ഷ്യം വഹിക്കുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷവും ആര്‍ എസ് എസും തമ്മിലുളള അന്തര്‍ധാര ഇപ്പോഴും സജീവമാണെന്നും സലാം കുറ്റപ്പെടുത്തി. തിരുരങ്ങാടി പരപ്പനങ്ങാടിയില്‍ മദ്രസാ വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേറ്റ സംഭവവും അതിന്റെ അന്വേഷണ പുരോഗതിയും ഭരിക്കുന്നവരുടെ ആര്‍ എസ് എസ് ബന്ധം വ്യക്തമാക്കുന്നതാണ്. പരപ്പനങ്ങാടിയില്‍ അടിയേറ്റ കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി. ആര്‍ എസ് എസുകാരനായ പ്രതിക്ക് മാനസിക രോഗമാണെന്നാണ് പൊലീസ് പിന്നീട് പറയുന്നത്. അക്രമ കേസുകളില്‍ പ്രതികളായ ആര്‍ എസ് എസുകാര്‍ മനോരോഗികളും മന്ദബുദ്ധികളുമൊക്കെയായി മാറുന്നത് കേരളത്തില്‍ ആദ്യ സംഭവമല്ല. കാസര്‍കോട് കുട്ടിയെ കൊലപ്പെടുത്തിയ കേസും കാസര്‍കോട് തന്നെയുണ്ടായ റിയാസ് വധവും മലപ്പുറം വളാഞ്ചേരി എടയൂരില്‍ കുടിവെള്ളത്തില്‍ മാലിന്യം കലര്‍ത്തിയ കേസിലുമൊക്കെ പ്രതികള്‍ ആര്‍ എസ് എസുകാരായിരുന്നു. എന്നാല്‍ ഇവര്‍ക്കൊക്കെ മരോഗമുണ്ടെന്നും മദ്യാസക്തിയില്‍ കൃത്യം നടപ്പാക്കിയെന്നുമൊക്കെയാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
എന്‍ ആര്‍ സി സംബന്ധിച്ചുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം പ്രഖ്യാപനമായി തുടരുകയാണെന്നും പി എം എ സലാം പറഞ്ഞു. ആയിരക്കണക്കിനാളുകളാണ് കേസുകളുമായി വലയുന്നത്. ജാമ്യക്കാര്‍ പോലും പിഴ കെട്ടേണ്ടി വരുന്ന സാഹചര്യമാണുള്ളത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ വിശ്വസിച്ചവരും അല്ലാത്തവരുമൊക്കെ കേസുമായി വലയുകയാണ്. ആര്‍ എസ് എസുമായി ഭരണപക്ഷത്തിനുള്ള ബന്ധം ശക്തമായി നിലനില്‍ക്കുന്നുവെന്നതിന്റെ തെളിവാണ് എന്‍ ആര്‍ സി കേസുകള്‍ പിന്‍വലിക്കാത്തതിലൂടെ വ്യക്തമാകുന്നതെന്നും പി എം എ സലാം കുറ്റപ്പെടുത്തി.

