

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ കമ്പനിപ്പടിയിലും ഗ്യാരേജിലും പണിത പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം ഉദ്ഘാടനം ചെയ്തു. മെട്രോയുടെ പണിയോടനുബന്ധിച്ച് ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ ബസ്സ് സ്റ്റോപ്പുകള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ മെട്രോ ഓടിത്തുടങ്ങിയിട്ടും നീക്കം ചെയ്ത ബസ് സ്റ്റോപ്പുകള്‍ പണിതിരുന്നില്ല.

പുതിയ ഭരണസമിതി വന്നതിനു ശേഷം ബസ് സ്റ്റോപ്പ് ഇല്ലാത്തതു മൂലം യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കി സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട എല്ലാ ജംഗ്ഷനുകളിലും പുതിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. കമ്പനിപ്പടി, ഗ്യാരേജ് കൂടാതെ പുളിഞ്ചോട്, മുട്ടം, കാര്‍മ്മല്‍, അമ്പാട്ടുകാവ് ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളില്‍ എല്ലാം ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിനായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയിട്ടുണ്ടെന്നും ഉടനെ തന്നെ നിര്‍മ്മാണം തുടങ്ങുമെന്നും ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് പറഞ്ഞു.

ഗ്യാരേജ് ബസ് കാത്തിരിപ്പു കേന്ദ്രം ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, അംഗങ്ങളായ സി പി നൗഷാദ്, പി എസ് യൂസഫ്, ലൈല അബ്ദുല്‍ ഖാദര്‍, കെ എസ് ആര്‍ ടി സി വര്‍ക്ക്‌സ് മാനേജര്‍ ഐസക്ക് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
