കുപ്രസിദ്ധ ഗുണ്ട നീഗ്രോ സുരേഷ് മയക്ക്മരുന്ന് ഗുളികകളുമായി എക്സൈസിന്റെ പിടിയില്‍

Web Desk
4 Min Read

കൊച്ചി: ഗുണ്ടാ ആക്ട് പ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആള്‍ മയക്ക് മരുന്ന് ഗുളികളുമായി പിടിയിലായതോടെ വീണ്ടും ജയിലിലായി. കൊച്ചി ഗാന്ധി നഗര്‍ ഉദയ കോളനി നമ്പര്‍ 102ല്‍ നീഗ്രോ സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് ബാലന്‍ (38) ആണ് എറണാകുളം എക്സൈസ് റേഞ്ചിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് അത്യന്തം വിനാശകാരിയായ 40 എണ്ണം (22.405 ഗ്രാം) നൈട്രോസെപാം സെഡേറ്റീവ് ഗുളികകള്‍ കണ്ടെടുത്തു. അമിത ഭയം, ഉത്കണ്ഠ എന്നിങ്ങനെയുള്ള മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സമാശ്വാസമേകുന്നതിനായി നല്‍കി വരുന്നതാണ് നൈട്രോസെപാം ഗുളികകള്‍. ഇത്തരത്തിലുള്ള മയക്ക് മരുന്ന് 20 ഗ്രാമില്‍ അധികം കൈവശം വയ്ക്കുന്നത് 10 വര്‍ഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന അതീവ ഗൗരവകരമായ കൃത്യമാണ്. വെറും നാല് രൂപ വിലയുള്ള ഒരു മയക്ക് മരുന്ന് ഗുളിക 200 രൂപക്കാണ് ഇയാള്‍ മറിച്ച് വില്‍പ്പന നടത്തി വന്നിരുന്നത്.

city exchange

രണ്ട് മാസം മുന്‍പ് കാക്കനാട് തുതിയൂരില്‍ നിന്ന് 56 എണ്ണം നൈട്രോസെപാം ഗുളികകളുമായി ഒരാളെ എക്സൈസിന്റെ പ്രത്യേക സംഘം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കോളേജ് വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവതി യുവാക്കള്‍ക്ക് മയക്ക് മരുന്ന് എത്തിച്ച് നല്‍കുന്ന നീഗ്രോ സുരേഷിനെ കുറിച്ചുള്ള വിവരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് സംഘത്തിന് ലഭിക്കുന്നതും ഇതു പ്രകാരം ഇയാള്‍ പിടിയിലാകുന്നതും.

നേരത്തെ 100ലേറെ മയക്ക് മരുന്ന് ഇഞ്ചക്ഷന്‍ ഐപി ആംപ്യൂളുകളുമായി ഇയാള്‍ എക്സൈസിന്റെ പിടിയിലായി ജയിലില്‍ കഴിഞ്ഞിരുന്നതാണ്. ഇയാളുടെ പേരില്‍ മോഷണം, അടിപിടി, ഭവനഭേദനം, ഭീഷിണിപ്പെടുത്തല്‍, മയക്ക് മരുന്ന് കടത്തല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്ക് വിവിധ സ്റ്റേഷനുകളില്‍ നിലവില്‍ കേസുകള്‍ ഉള്ളതാണ്. ഗുണ്ടാലിസ്റ്റില്‍ പെടുത്തി തടവില്‍ പാര്‍പ്പിച്ചിരുന്ന ഇയാള്‍ ഈ അടുത്തിടെയാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ ബസ് മാര്‍ഗ്ഗം കോയമ്പത്തൂര്‍ പോയി മയക്ക് മരുന്ന് ഗുളികകള്‍ വാങ്ങിയ ശേഷം പരിശോധകളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഇയാള്‍ ഗുളികകള്‍ കാലിന്റെ തുടഭാഗത്ത് വച്ച് സെലോ ടേപ്പ് ഉപയോഗിച്ച് ചുറ്റി കെട്ടി കടത്തി കൊണ്ട് വരുകയാണ് ചെയ്തിരുന്നത് വെളിപ്പെടുത്തി.

വീടുകളില്‍ പോകാതെ ഹോസ്റ്റലുകളില്‍ തന്നെ തങ്ങുന്ന വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളാണ് ഇയാള്‍ വിരിക്കുന്ന ലഹരി വലയില്‍ കൂടുതലും അകപ്പെട്ട് പോകുന്നത് എന്ന് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായി. നേരത്തെ വ്യാജ കുറിപ്പടി തരപ്പെടുത്തി ഇത്തരം മയക്ക്മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങുന്നത് വ്യാപകമായിരുന്നു. എക്സൈസ് പരിശോധനകള്‍ കടുപ്പിച്ചതോടെ ഇത് പൂര്‍ണ്ണമായും ഇല്ലാതായിരുന്നു. ഷെഡ്യൂള്‍ഡ് എച്ച് 1 വിഭാഗത്തില്‍പ്പെടുന്ന ഈ മയ്ക്ക് മരുന്ന് വളരെ അപൂര്‍വ്വം മെഡിക്കല്‍ ഷോപ്പുകളിലൂടെ മാത്രമേ ലഭ്യമാകൂ. ഈ മയക്ക് മരുന്ന് ഗുളികകള്‍ ട്രിപ്പിള്‍ പ്രിസ്‌ക്രിപ്ഷന്‍ വഴി ലഭിക്കുന്ന ഒന്നാണ്. ഈ ട്രിപ്പിള്‍ പ്രിസ്‌ക്രിപ്ഷനുകളില്‍ ഒന്ന് കുറിച്ച് കൊടുക്കുന്ന ഡോക്ടറുടെ കൈവശവും മറ്റൊന്ന് മെഡിക്കല്‍ സ്റ്റോറുകളില്‍ വയ്ക്കുന്നതിനും മൂന്നാമത്തേത് രോഗിയുടെ കൈവശം സൂക്ഷിക്കുന്നതിനുമാണ്. ഇത്തരത്തിലുള്ള മയക്ക് മരുന്നിന്റെ ചെറിയ തോതിലുള്ള ഉപയോഗം പോലും വളരെ പെട്ടെന്ന് ലഹരിക്ക് അടിമയാക്കും. കണ്ണുകള്‍ക്ക് കൂടുതല്‍ തെളിച്ചം കിട്ടുമെന്നും എച്ച്ഡി വിഷനില്‍ വര്‍ണ്ണങ്ങള്‍ കാണാന്‍ കഴിയുമെന്നും ബുദ്ധി കൂടുതല്‍ ഷാര്‍പ്പ് ആകുമെന്നൊക്കെ പറഞ്ഞ് തെറ്റി ധരിപ്പിച്ചാണ് വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവതിയുവാക്കളെ പ്രധാനമായും ഇതിലേക്ക് ആകര്‍ഷിച്ചിരുന്നത്. ഇതിന്റെ അനാവശ്യമായ ഉപയോഗം അമിത രക്ത സമര്‍ദ്ദത്തിന് ഇടയാകുവാനും മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹങ്ങള്‍ക്ക് സാരമായ ക്ഷതം സംഭവിക്കുവാനും മൂകമായ അവസ്ഥയില്‍ എത്തിച്ചേരുവാനും ഇതേ തുടര്‍ന്ന് ഹൃദയാഘാതം വരെ സംഭവിക്കാന്‍ ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

- Advertisement -
Ad image

മയക്ക് മരുന്ന് കൈമാറുന്നതിനായി ഇടപാടുകാരെ കാത്ത് കടവന്ത്ര മാതാനഗര്‍ റോഡില്‍ നില്‍ക്കുകയായിരുന്ന ഇയാളെ എക്സൈസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പിടിക്കപ്പെട്ടു എങ്കിലും അമിതമായി ലഹരി ഗുളികകള്‍ കഴിച്ചതു മൂലം ഇയാള്‍ അലറി വിളിച്ച് കൂടുതല്‍ അക്രമങ്ങള്‍ അഴിച്ചു വിട്ടത് കണ്ട് നിന്ന നാട്ടുകാരില്‍ ഭീതി പടര്‍ത്തി. പ്രാഥമിക ചികിത്സക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികില്‍സ നല്‍കിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഈ ലഹരി മരുന്നുകളുടെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഇയാളുടെ കെണിയില്‍ അകപ്പെട്ട് പോയ യുവതി, യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന എക്‌സൈസിന്റെ സൗജന്യ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കൂടാതെ നിരവധി മയക്ക് മരുന്ന് കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ പിറ്റ് എന്‍ഡിപിഎസ് ആക്ട് പ്രകാരമുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതാണെന്നും എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി എം മജു അറിയിച്ചു.

എറണാകുളം റേഞ്ച് ഇന്‍സ്പെക്ടര്‍ വി സജി, സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ഡി ടോമി, ഐ ബി പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത്ത് കുമാര്‍, എറണാകുളം റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി എം വിനോദ്, കെ കെ അരുണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അമല്‍ദേവ്, ജിഷ്ണു മനോജ്, വനിതാ സിഇഒ റസീന വി ബി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

Share This Article
Leave a Comment
error: Content is protected !!