
കോട്ടയം: കുര്‍ബാനയ്ക്കിടെ വൈദികന് വര്‍ഗീയ പരാമര്‍ശം നടത്തിയതിനെതിരെ കന്യാസത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കുറുവിലങ്ങാട്ട് മഠത്തിലെ ചാപ്പലിലാണ് വൈദികന് വര്‍ഗീയ പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം.

മഠത്തിലെ ചാപ്പലിലെ കുര്‍ബാനക്കിടെ വൈദികന് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നും ഇതിനെ എതിര്‍ത്തുവെന്നും കന്യാസ്ത്രീകള്‍ തന്നെയാണ് അറിയിച്ചത്. നാര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ച് പറഞ്ഞ വൈദികന് തുടര്‍ന്ന് പാല ബിഷപ് പറഞ്ഞത് ശരിയാണെന്ന് അഭിപ്രായപ്പെട്ട ശേഷം വര്‍ഗീയത വിതയ്ക്കുന്ന പരാമര്‍ശമാണ് വൈദികന് നടത്തിയതെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.
ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് വര്‍ഗീയത വിതയ്ക്കാനല്ലെന്നും സ്നേഹമെന്ന വാക്കിലൂടെയാണ് എല്ലാം പൂര്‍ത്തിയാക്കേണ്ടെന്നുമാണ് ക്രിസ്തുവിന്റെ പാഠങ്ങളെന്നും കന്യാസ്ത്രീകള്‍ വിശദീകരിച്ചു.
മുസ്ലിംകളുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുത്, ഓട്ടോയില്‍ കയറരുത് എന്നൊക്കെ കുര്‍ബാനയ്ക്കിടയില്‍ രാമര്ശിച്ചതായും സിസ്റ്റര്‍ അനുപമ പറഞ്ഞു.

മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ നടത്തുന്ന കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുത്. ഓട്ടോയില്‍ കയറരുത്. വണ്ടിയില്‍ കയറരുത്. പൂച്ചയും മുയലും പെറ്റുപെരുകുന്ന പോലെയാണ് മുസ്ലിംകളുമെന്നു പറഞ്ഞ വൈദികന് നേരത്തേയും ഇത്തരം പ്രസംഗം നടത്തിയിട്ടുണ്ടത്രെ. ലൗ ജിഹാദ് ചര്‍ച്ചകള്‍ നടക്കുമ്പോഴും ഈശോ സിനിമയെക്കുറിച്ച് ചര്‍ച്ച നടന്നപ്പോഴും മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയിരുന്നെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
ബിഷപ് പറഞ്ഞ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്നും സിസ്റ്റര്‍ പറഞ്ഞു.

