അന്താരാഷ്ട്ര മതസ്വാതന്ത്ര്യ അംബാസഡറായി ഇന്ത്യന്‍- അമേരിക്കന്‍ റഷാദ് ഹുസൈന്‍

Web Desk
1 Min Read

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര മതസ്വാതന്ത്ര്യ അംബാസഡറായി ഇന്ത്യന്‍ അമേരിക്കന്‍ റഷാദ് ഹുസൈനെ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്തു. മതസ്വാതന്ത്ര്യത്തെ മുന്‍നിര്‍ത്തി യു എസ് നയതന്ത്രത്തിന്റെ തലവനായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ മുസ്‌ലിമാണ് ഹുസൈന്‍.
അമേരിക്കന്‍ ഭരണ നിര്‍വഹണം എങ്ങനെയായിരിക്കണമെന്ന പ്രസിഡന്റിന്റെ പ്രതിബദ്ധതയെയാണ് പുതിയ തീരുമാനം വ്യക്തമാക്കുന്നതെന്നും എല്ലാ മതവിശ്വാസികളെയും രാജ്യം ഒരുപോലെ കാണുന്നു എന്നതാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
ദേശീയ സുരക്ഷാ കൗണ്‍സിലിലെ പങ്കാളിത്തത്തിന്റെയും ആഗോള ഇടപെടലിന്റെയും ഡയറക്ടറാണ് ഹുസൈന്‍. നീതിന്യായ വകുപ്പിന്റെ ദേശീയ സുരക്ഷാ വിഭാഗത്തില്‍ മുതിര്‍ന്ന അഭിഭാഷകനായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ മതവിരുദ്ധതയെ ചെറുക്കുന്നതിനും മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും റഷാദ് നേതൃത്വം നല്‍കുന്നതായി വൈറ്റ് ഹൗസ് കൂട്ടിച്ചേര്‍ത്തു.
ഒബാമ ഭരണകാലത്ത് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ -ഓപ്പറേഷന്‍ (ഒ ഐ സി), സ്ട്രാറ്റജിക് കൗണ്ടര്‍ ടെററിസം കമ്മ്യൂണിക്കേഷന്‍സ്, ഡെപ്യൂട്ടി അസോസിയേറ്റ് വൈറ്റ് ഹൗസ് കൗണ്‍സല്‍ എന്നിവയുടെ യു എസ് പ്രത്യേക പ്രതിനിധിയായും ഹുസൈന്‍ പ്രവര്‍ത്തിച്ചിരുന്നു.
ഒബാമ ഭരണകൂടത്തില്‍ ചേരുന്നതിന് മുമ്പ് ആറാമത്തെ സര്‍ക്യൂട്ടിനായുള്ള യു എസ് അപ്പീല്‍ കോടതിയില്‍ ഡാമന്‍ കീത്തിന്റെ ജുഡീഷ്യല്‍ നിയമ ഗുമസ്തനായി സേവനമനുഷ്ഠിച്ചു. കൂടാതെ ഒബാമ- ബൈഡന്‍ ട്രാന്‍സിഷന്‍ പ്രോജക്ടിന്റെ അസോസിയേറ്റ് കൗണ്‍സല്‍ കൂടിയായിരുന്നു.
യേല്‍ ലോ സ്‌കൂളില്‍ നിന്ന് നിയമ ബിരുദം നേടിയ ഹുസൈന്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് അറബിക്, ഇസ്‌ലാമിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുക എന്നത് അമേരിക്കന്‍ വിദേശകാര്യ നയത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണ്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കന്‍ ഓഫീസ് ലോകമെമ്പാടുമുള്ള മതപരമായ പീഡനങ്ങളും വിവേചനങ്ങളും നിരീക്ഷിക്കുകയും അവ പരിഹരിക്കുന്നതിനുള്ള ശുപാര്‍ശകള്‍ നല്‍കുകയും ആശങ്കകകള്‍ പരിഹരിക്കുന്നതിനുള്ള നയങ്ങളും പരിപാടികളും നടപ്പിലാക്കുകയുമാണ് ചെയ്യുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!