Featured
2025 ഫിഫ അറബ് കപ്പ് ഖത്തര്‍, 2025 ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ നറുക്കെടുപ്പുകള്‍ പൂര്‍ത്തിയായി

ദോഹ: ഫിഫ അറബ് കപ്പ് ഖത്തര്‍ 2025, 2025 ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ എന്നിവയുടെ നറുക്കെടുപ്പുകള്‍ നടത്തി. ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പിന്റെ തുടര്‍ച്ചയായ രണ്ടാം പതിപ്പില്‍ 23 ദേശീയ ടീമുകള്‍ മത്സരിക്കും. ടൂര്‍ണമെന്റിന്റെ യോഗ്യതാ ഘട്ടം നവംബര്‍ 25നും 26നും ഫൈനല്‍ ഘട്ടം ഡിസംബര്‍ 1 മുതല്‍ 18 വരെയും നടക്കും.


2025 ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ നവംബര്‍ 3 നും 27നും ഇടയില്‍ നടക്കും. 48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യ ഫിഫ ടൂര്‍ണമെന്റാണിത്.

നറുക്കെടുപ്പിന് മുന്നോടിയായി ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ വീഡിയോ സന്ദേശത്തിലൂടെ അതിഥികളെ അഭിസംബോധന ചെയ്തു.


‘ഫിഫ ലോകകപ്പ് 2022 അവിശ്വസനീയമായ വിജയമായിരുന്നു- ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഫിഫ ലോകകപ്പ്- ഖത്തറില്‍ നടന്ന മറ്റൊരു ചരിത്ര സംഭവമായ ആദ്യത്തെ ഫിഫ അറബ് കപ്പിന് പന്ത്രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇത് നടന്നത്. ആവേശകരമായ ഈ ഫിഫ ടൂര്‍ണമെന്റുകള്‍ നടത്തുന്നതിന്റെ വെല്ലുവിളിയെ ഖത്തര്‍ വീണ്ടും ഉജ്ജ്വലമായി നേരിടുമെന്ന് എനിക്കറിയാം. ഈ രാജ്യത്തെ ആതിഥ്യമര്യാദയും സൗകര്യങ്ങളും അസാധാരണമാണ്. കൂടാതെ എല്ലാ ടീമുകള്‍ക്കും തയ്യാറെടുക്കാന്‍ ഏറ്റവും മികച്ച സാഹചര്യങ്ങള്‍ ഉണ്ടായിരിക്കും,’ പ്രസിഡന്റ് ഇന്‍ഫാന്റിനോ പറഞ്ഞു.
‘ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ 2025 നറുക്കെടുപ്പില്‍ അഞ്ച് പുതുമുഖങ്ങളുടെ സാന്നിധ്യം ഫിഫ ലക്ഷ്യമിടുന്ന എല്ലാറ്റിനെയും പ്രതിനിധീകരിക്കുന്നു: ഗെയിമിനെ യഥാര്‍ത്ഥത്തില്‍ ആഗോളമാക്കുക, എല്ലാവര്‍ക്കും ലോക വേദിയില്‍ തിളങ്ങാന്‍ അവസരം നല്‍കുക. കരിയറിന്റെ തുടക്കത്തില്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുത്ത നിരവധി മികച്ച കളിക്കാരുടെ കാല്‍ച്ചുവടുകള്‍ പിന്തുടര്‍ന്ന്, അടുത്ത തലമുറയിലെ താരങ്ങള്‍ ആഗോള വേദിയില്‍ അരങ്ങേറ്റം കുറിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021-ല്‍ ഖത്തര്‍ സംഘടിപ്പിച്ച ഫിഫ അറബ് കപ്പിന് ശേഷം രണ്ടാം തവണയാണ് ഖത്തര്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. അതേസമയം 2029 വരെ രാജ്യത്ത് വര്‍ഷം തോറും നടക്കുന്ന അഞ്ച് തുടര്‍ച്ചയായ പതിപ്പുകളില്‍ ആദ്യത്തേതായിരിക്കും ഫിഫ അണ്ടര്‍-17 ലോകകപ്പ് ഖത്തര്‍ 2025.
”പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ പ്രതിബദ്ധത ഫുട്‌ബോളിനപ്പുറം പോകുന്നു. ആളുകളെ ഒരുമിച്ച് കൊണ്ടുവരാനും തടസ്സങ്ങള്‍ തകര്‍ക്കാനും സാംസ്‌കാരിക വിനിമയം പ്രോത്സാഹിപ്പിക്കാനും ഈ പരിപാടികളുടെ കഴിവിലുള്ള ഞങ്ങളുടെ വിശ്വാസത്തെ ഇത് പ്രതിഫലിപ്പിക്കുന്നു,” ഖത്തര്‍ കായിക യുവജന മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറിയും പ്രാദേശിക സംഘാടക സമിതിയുടെ ബോര്‍ഡ് അംഗവുമായ എഞ്ചിനീയര്‍ യാസിര്‍ ബിന്‍ അബ്ദുല്ല അല്‍ ജമാല്‍ പറഞ്ഞു.
”രണ്ട് മത്സരങ്ങള്‍ക്കും ലോകമെമ്പാടുമുള്ള ആരാധകരെ സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ ഫുട്‌ബോള്‍ ലോകത്തെ ഭാവി താരങ്ങള്‍ തിളങ്ങും. അതേസമയം ഫിഫ അറബ് കപ്പ് മേഖലയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തെയും സമ്പന്നമായ ഫുട്‌ബോള്‍ പൈതൃകത്തെയും ആഘോഷിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫിഫ അറബ് കപ്പ് 2025 നറുക്കെടുപ്പോടെയാണ് പരിപാടി ആരംഭിച്ചത്. ഫൈനലിലെ നാല് ഗ്രൂപ്പുകളിലെയും മത്സരാര്‍ഥികളെ തീരുമാനിക്കുന്നത് ഏഴ് വിജയികള്‍ക്കുള്ള യോഗ്യതാഘട്ട മത്സരങ്ങളാണ്.
മുഹമ്മദ് സാദോണ്‍ അല്‍ കുവാരിയാണ് നറുക്കെടുപ്പ് അവതരിപ്പിച്ചത്. ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ജെയിം യാര്‍സയാണ് നറുക്കെടുപ്പ് നടത്തിയത്. ഡ്രോ അസിസ്റ്റന്റുമാരായ ഹസ്സന്‍ അല്‍ ഹെയ്ഡോസ്, റബാ മഡ്ജെര്‍, യാസര്‍ അല്‍ ഖഹ്താനി, വെയ്ല്‍ ഗോമ എന്നിവരും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു.
അടുത്തതായി ഈ വര്‍ഷത്തെ ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ചരിത്ര പതിപ്പില്‍ പങ്കെടുക്കാന്‍ പോകുന്ന 48 ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികളെക്കുറിച്ചും ഫൈനലിലേക്കുള്ള അവരുടെ സാധ്യതകളെക്കുറിച്ചും മനസ്സിലാക്കി.
25 ദിവസത്തെ ടൂര്‍ണമെന്റ് അത്യാധുനിക ആസ്പയര്‍ സോണ്‍ സമുച്ചയത്തില്‍ ആവേശകരമായ ചില മത്സരങ്ങള്‍ക്ക് വേദിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. നവംബര്‍ 27 ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുക.
12 ഗ്രൂപ്പുകളിലെയും ഓരോ ഗ്രൂപ്പുകളുടെയും ഇടം നിര്‍ണ്ണയിച്ച നറുക്കെടുപ്പിന് ഫിഫ യൂത്ത് ടൂര്‍ണമെന്റുകളുടെ തലവന്‍ റോബര്‍ട്ടോ ഗ്രാസി മേല്‍നോട്ടം വഹിച്ചു. 2005ലെ ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ ഖത്തറിനായി അണിനിരന്ന അബ്ദുല്‍ അസീസ് അല്‍ സുലൈത്തിയും ജര്‍മ്മനിക്കൊപ്പം 2014ലെ ഫിഫ ലോകകപ്പ് ഉയര്‍ത്തിയ ജൂലിയന്‍ ഡ്രാക്സ്ലറും ഡ്രോ അസിസ്റ്റന്റുമാരായി സേവനമനുഷ്ഠിച്ചു.
2025 ഫിഫ അറബ് കപ്പ് ഖത്തര്‍ യോഗ്യതാ ഘട്ടത്തില്‍ ഒമാന്‍- സൊമാലിയ, ബഹ്റൈന്‍- ജിബൂട്ടി, സിറിയ- ദക്ഷിണ സുഡാന്‍, ഫലസ്തീന്‍- ലിബിയ, ലെബനന്‍- സുഡാന്‍, കുവൈറ്റ്- മൗറിറ്റാനിയ, യെമന്‍- കൊമോറോസ് എന്നിവര്‍ മത്സരിക്കും.
അവസാന ഘട്ടം:
ഗ്രൂപ്പ് എ: ഖത്തര്‍, ടുണീഷ്യ, സിറിയ- ദക്ഷിണ സുഡാന്‍ മത്സര വിജയി, ഫലസ്തീന്‍- ലിബിയ വിജയി.
ഗ്രൂപ്പ് ബി: മൊറോക്കോ, സൗദി അറേബ്യ, ഒമാന്‍- സൊമാലിയ വിജയി, യെമന്‍- കൊമോറോസ് വിജയി.
ഗ്രൂപ്പ് സി: ഈജിപ്ത്, ജോര്‍ദാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈത്ത്- മൗറിറ്റാനിയ വിജയി.
ഗ്രൂപ്പ് ഡി: അള്‍ജീരിയ, ഇറാഖ്, ബഹ്റൈന്‍- ജിബൂട്ടി വിജയി, ലെബനന്‍- സുഡാന്‍ വിജയി.
ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ 2025-ലെ നറുക്കെടുപ്പിന്റെ ഫലങ്ങള്‍
ഗ്രൂപ്പ് എ: ഖത്തര്‍, ഇറ്റലി, ദക്ഷിണാഫ്രിക്ക, ബൊളീവിയ
ഗ്രൂപ്പ് ബി: ജപ്പാന്‍, മൊറോക്കോ, ന്യൂ കാലിഡോണിയ, പോര്‍ച്ചുഗല്‍
ഗ്രൂപ്പ് സി: സെനഗല്‍, ക്രൊയേഷ്യ, കോസ്റ്റാറിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്
ഗ്രൂപ്പ് ഡി: അര്‍ജന്റീന, ബെല്‍ജിയം, ടുണീഷ്യ, ഫിജി
ഗ്രൂപ്പ് ഇ: ഇംഗ്ലണ്ട്, വെനിസ്വേല, ഹെയ്തി, ഈജിപ്ത്
ഗ്രൂപ്പ് എഫ്: മെക്‌സിക്കോ, കൊറിയ റിപ്പബ്ലിക്, കോട്ട് ഡി ഐവയര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്
ഗ്രൂപ്പ് ജി: ജര്‍മ്മനി, കൊളംബിയ, കൊറിയ ഡിപിആര്‍, എല്‍ സാല്‍വഡോര്‍
ഗ്രൂപ്പ് എച്ച്: ബ്രസീല്‍, ഹോണ്ടുറാസ്, ഇന്തോനേഷ്യ, സാംബിയ
ഗ്രൂപ്പ് ഐ: യുഎസ്എ, ബുര്‍ക്കിന ഫാസോ, താജിക്കിസ്ഥാന്‍, ചെക്കിയ
ഗ്രൂപ്പ് ജെ: പരാഗ്വേ, ഉസ്‌ബെക്കിസ്ഥാന്‍, പനാമ, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്
ഗ്രൂപ്പ് കെ: ഫ്രാന്‍സ്, ചിലി, കാനഡ, ഉഗാണ്ട
ഗ്രൂപ്പ് എല്‍: മാലി, ന്യൂസിലാന്റ്, ഓസ്ട്രിയ, സൗദി അറേബ്യ


