

ഇസ്ലാമാബാദ്: പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്ച തെരഞ്ഞെടുക്കും. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്കുള്ളില്‍ പുതിയ പ്രധാനമന്ത്രിയെ നിയമിക്കാനുള്ള നോമിനേഷന്‍ പേപ്പറുകള്‍ സമര്‍പ്പിക്കാമെന്ന് പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) നേതാവ് അയാസ് സാദിഖ് വ്യക്തമാക്കി.

നാഷണല്‍ അസംബ്ലിയില്‍ ഇമ്രാന്‍ ഖാനെതിരായി നടന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷം വിജയിച്ചതോടെയാണ് പുതിയ പ്രധാനമന്തിയെ തെരഞ്ഞെടുക്കാനുള്ള നീക്കം നടക്കുന്നത്. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പില്‍ ഇമ്രാന്‍ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ പരാജയപ്പെടുകയായിരുന്നു.

ഇതോടെ പാകിസ്ഥാന്റെ ചരിത്രത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യത്തെ പ്രധാനമന്ത്രിയായി മാറിയിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍.
മൂന്ന് മണിക്കുള്ളില്‍ നോമിനേഷനുകളുടെ പരിശോധന നടത്തുമെന്നും തിങ്കളാഴ്ച രാവിലെ 11 മണിക്ക് പാകിസ്ഥാന്‍ ദേശീയ അസംബ്ലി പുതിയ പ്രധാനമന്തിയെ തെരഞ്ഞെടുക്കാന്‍ സമ്മേളിക്കുമെന്നും സാദിഖ് അറിയിച്ചു.
നാഷണല്‍ അസംബ്ലി സ്പീക്കര്‍ ആസാദ് ഖൈസര്‍ രാജിവെച്ചത് കാരണം അയാസ് സാദിഖ് ആയിരുന്നു ശനിയാഴ്ച അര്‍ധരാത്രി കഴിഞ്ഞ് നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് നേതൃത്വം നല്‍കിയത്. വോട്ടിങ്ങ് തുടങ്ങി നിമിഷങ്ങള്‍ക്കകമായിരുന്നു ആസാദ് ഖൈസര്‍ രാജി പ്രഖ്യാപിച്ചത്.
അതേസമയം, പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹബാസ് ഷെരീഫായിരിക്കും അടുത്ത പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുക. അവിശ്വാസ പ്രമേയം അവതരിപ്പിച്ച സമയത്ത് തന്നെ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നോമിനിയായി പി എം എല്‍- എന്‍ നേതാവ് ഷഹബാസ് ഷെരീഫിനെ പ്രതിപക്ഷം തെരഞ്ഞെടുത്തിരുന്നു.

