

ദോഹ: മീഡിയാ വണ്‍ ഖിഫ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ അനക്‌സ് പാലക്കാടും യുണൈറ്റഡ് എറണാകുളവും സമനിലയില്‍ പിരിഞ്ഞു. ഗോള്‍- 2-2. രണ്ടാമത്തെ മത്സരത്തില്‍ മാക് കോഴിക്കോടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കെ എം സി സി കോഴിക്കോട് പരാജയപ്പെടുത്തി.

അനക്‌സ് പാലക്കാടിന് വേണ്ടി 30-ാം മിനുട്ടില്‍ മുബശ്ശിര്‍ നേടിയ ഗോളിന് 34-ാം മിനുട്ടില്‍ യുണൈറ്റഡ് എറണാകുളത്തിന്റെ സുബി വര്‍ഗീസ് മറുപടി നല്‍കി.

66-ാം മിനുട്ടില്‍ എറണാകുളത്തിന്റെ രണ്ടാം ഗോള്‍ ആകാശ് നേടിയതിന് പിന്നാലെ 70-ാം മിനുട്ടില്‍ അക്‌സിന്റെ മുസമ്മില്‍ മറുപടി നല്‍കിയതോടെ മത്സരം സമനിലയിലായി. പാലക്കാടിന്റെ മുബശ്ശിര്‍ മാന്‍ ഓഫ് ദ മാച്ചായി.
രണ്ടാം മത്സരത്തില്‍ കളിയുടെ തുടക്കത്തില്‍ ഒന്‍പതാം മിനുട്ടില്‍ മാക് കോഴിക്കോടിന്റ ഗോളി ശാക്കിര്‍ ബോക്‌സിന് പുറത്ത് നിന്ന് പന്ത് പിടിച്ചതിനെ തുടര്‍ന്ന് ചുവപ്പ് കാര്‍ഡ് കണ്ട് പേരില്‍ പുറത്തായത് മാക്കിന് വന്‍ തിരിച്ചടിയായി. അവസരം മുതലെടുത്ത് 14-ാം മിനുട്ടില്‍ ജസീം നേടിയ ഗോളിലൂടെ കെ എം സി സി കോഴിക്കോട് മുന്നിലെത്തി.
25-ാം മിനുട്ടില്‍ കെ എം സി സിയുടെ അല്‍ അമീനും ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ ഇരുടീമുകളിലും 10 പേര്‍ വീതമായി. 66-ാം മിനുട്ടില്‍ ജസീം കെ എം സി സിക്ക് വേണ്ടി രണ്ടാം ഗോള്‍ നേടിയതോടെ ഫലം ഉറപ്പായി.

