
മനാമ: ബഹ്റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പമ്പാവാസന്‍ നായര്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതും മാതൃകാപരവുമാണെന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ച ഒ ഐ സി സി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മാസം പാലക്കാട് ഒറ്റപ്പാലത്ത് നടന്ന ചടങ്ങില്‍ 50 നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭൂമിയും വീടും നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന് നിര്‍വഹിച്ചിരുന്നു. വീടുകളുടെ താക്കോല്‍ കൈമാറ്റം പൂര്‍ത്തിയാക്കി ബഹ്റൈനില്‍ തിരിച്ചെത്തിയ പമ്പാവാസന്‍ നായരെ ആശംസകള്‍ അറിയിക്കാനാണ് ഒ ഐ സി സി നേതാക്കള്‍ സന്ദര്‍ശിച്ചത്.

പമ്പാവാസന്‍ നായര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ യഥാര്‍ഥ ഗുണഭോക്താക്കളെ അദ്ദേഹം നേരിട്ട് കണ്ടെത്തി തെരഞ്ഞെടുക്കുന്നത് ഏറെ ശ്രദ്ധേയമാണെന്ന് ഒ ഐ സി സി നേതാക്കള്‍ പറഞ്ഞു. ഇതിലൂടെ സഹായത്തിനായി ചെലവഴിക്കുന്ന തുക അര്‍ഹരായവരുടെ കൈകളില്‍ തന്നെ എത്തുന്നുവെന്നത് ഏറെ സന്തോഷകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒറ്റപ്പാലത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്, മന്ത്രിമാരായ തുളസി ടീച്ചര്‍, അഡ്വ. എന്‍ ഷംസുദ്ദീന്, വി കെ ശ്രീകണ്ഠന് എം പി, എം എല്‍ എമാരായ വിന്‍സെന്റ്, വി ടി ബല്‍റാം തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു.
ഒ ഐ സി സി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം, ഗ്ലോബല്‍ കമ്മിറ്റി അംഗം ബിനു കുന്നന്താനം, വര്‍ക്കിംഗ് പ്രസിഡന്റ് ബോബി പാറയില്‍, ജനറല്‍ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ സി, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത് എന്നിവരാണ് പമ്പാവാസന്‍ നായരെ സന്ദര്‍ശിച്ച് ആശംസകള്‍ അറിയിച്ചത്.

