

മുംബൈ: സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. സന്തൂര്‍ എന്ന നാടോടി വാദ്യത്തെ ലോകവേദികളില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്. രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ശിവകുമാര്‍ ശര്‍മയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

ഇന്ത്യയിലെ അറിയപ്പെടുന്ന ശാസ്ത്രീയ സംഗീതജ്ഞരില്‍ ഒരാളായിരുന്നു പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ. ജമ്മു കശ്മീരില്‍ മാത്രം അറിയപ്പെട്ടിരുന്ന സന്തൂരിന് ശര്‍മ്മ ക്ലാസിക്കല്‍ പദവി നല്‍കുകയും തുടര്‍ന്ന് സിത്താര്‍, സരോദ് തുടങ്ങിയ പരമ്പരാഗതവും പ്രശസ്തവുമായ ഉപകരണങ്ങള്‍ക്കൊപ്പം അതിനെ ഉയര്‍ത്തുകയും ചെയ്തു. പ്രശസ്ത സംഗീതഞ്ജനായ ഉമ ദത്തശര്‍മ്മയുടെ മകനായ ശിവകുമാര്‍ അഞ്ചാം വയസ്സു മുതലാണ് അച്ഛനില്‍ നിന്നും ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചു തുടങ്ങിയത്.
പതിമൂന്നാം വയസ്സില്‍ സന്തൂര്‍ അഭ്യസിച്ച് തുടങ്ങിയ അദ്ദേഹം നിരവധി ഹിന്ദി ചിത്രങ്ങള്‍ക്കു വേണ്ടി സംഗീതം ഒരുക്കിയിട്ടുണ്ട്. മനോരമയാണ് ശിവ്കുമാറിന്റെ ഭാര്യ. രണ്ടു മക്കളിലൊരാളായ രാഹുല്‍ സന്തൂര്‍ കലാകാരനാണ്.

