

കൊച്ചി: രാജ്യത്തിന്റെ ഭരണഘടനയ്ക്ക് സമാന്തരമായി ക്രൈസ്തവസഭ നടത്തിക്കൊണ്ടിരിക്കുന്ന സഭാ (കൂരിയാ) കോടതികള്‍ വിശ്വാസികളുടെ സിവിലിയന്‍ അവകാശങ്ങള്‍ പിടിച്ചെടുക്കുകയാണെന്നും ഭരണഘടനയെ വെല്ലുവിളിക്കുന്ന ഈ സംവിധാനം നിര്‍ത്തലാക്കപ്പെടേണ്ടതാണെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു.

നിയമ പരിജ്ഞാനം തീരെയില്ലാത്ത കൂരിയ കോടതികളിലെ ജഡ്ജിമാരുടെ ധാര്‍ഷ്ട്യത്തിന്റെ ചൂടേല്‍ക്കുവാന്‍ വിശ്വാസികള്‍ക്ക് മേലിലെങ്കിലും അവസരമുണ്ടാകാതിരിക്കുവാന്‍ സാഹചര്യമൊരുക്കുന്നതിന് ഇന്ത്യന്‍ ജുഡീഷ്യറി മുന്‍കരുതലെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈക്കേടതി വിവാഹമോചനം അനുവദിച്ചാല്‍ പോലും കാനോനിക വകുപ്പുകള്‍ ഉദ്ധരിച്ച് സഭാ കോടതികള്‍ പ്രസ്തുത വിവാഹമോചനത്തെ സാധൂകരിക്കുവാനോ മോചിതരായവര്‍ക്ക് പുനര്‍വിവാഹം നടത്തുവാനുള്ള അനുമതി നല്‍കുവാനോ തയ്യാറാവുന്നില്ലയെന്നതും വലിയ വിരോധാഭാസമാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. സഭാ കോടതികളും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ജോസഫ് വെളിവില്‍ അധ്യക്ഷത വഹിച്ചു. ഫെലിക്‌സ് ജെ പുല്ലൂടന്‍, ഫാ. ഡോമിനിക് പത്യാല, ഫാ. അഗസ്റ്റിന്‍ വട്ടോളി, അഡ്വ. സിസ്റ്റര്‍ ടീന ജോസ്, അഡ്വ. വര്‍ഗീസ് പറമ്പില്‍, അഡ്വ. എബനേസര്‍ ചുള്ളിക്കാട്ട്, ആന്റോ മാങ്കൂട്ടം, ജോണ്‍ പുളിന്താനം, അഡ്വ. സുബല്‍ പോള്‍, റെയ്‌നര്‍ കുനിയാക്കം സ്റ്റാന്‍ലി പൗലോസ്, ലോനന്‍ ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

