വിദേശ ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് ഫീസ് വര്‍ധന പുനഃപരിശോധിക്കണം: ഐ സി എഫ്

Web Desk
1 Min Read

നീതിയുക്തവും താങ്ങാനാവുന്നതുമായ ഫീസ് നയം നടപ്പാക്കണമെന്ന് ആവശ്യം

മനാമ: ഇന്ത്യന്‍ പൗരന്മാര്‍ വിദേശത്ത് നിന്ന് അപേക്ഷിക്കുന്ന പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പുനഃപരിശോധിക്കണമെന്നും പ്രവാസി ഇന്ത്യക്കാര്‍ക്ക് ബാധകമായ നിരക്കുകളില്‍ കുറഞ്ഞത് 50 ശതമാനം കുറവ് വരുത്തണമെന്നും ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും ഐ സി എഫ് ഇത് സംബന്ധിച്ച് നിവേദനം നല്‍കി.

city exchange

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധ്വാനിക്കുന്ന ദശലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ശക്തികളിലൊന്നാണ്. കഠിനാധ്വാനത്തിലൂടെയും വിദേശനാണ്യ വരുമാനത്തിലൂടെയും നിക്ഷേപങ്ങളിലൂടെയും ഇന്ത്യയുടെ വികസനത്തിന് അവര്‍ നല്‍കുന്ന പങ്ക് അതുല്യമാണ്. എന്നാല്‍, അതേ പൗരന്മാര്‍ക്ക് ലഭിക്കേണ്ട അടിസ്ഥാന സര്‍ക്കാര്‍ സേവനമായ പാസ്പോര്‍ട്ടിന് ഇന്ത്യയിലെ നിരക്കുകളേക്കാള്‍ പല മടങ്ങ് അധികം തുക വിദേശത്ത് ഈടാക്കുന്നത് നീതിയുക്തമല്ലെന്ന് ഐ സി എഫ് ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ 36 പേജുള്ള സാധാരണ പാസ്പോര്‍ട്ടിന്റെ ഫീസ് ഏകദേശം 2,500 രൂപയാണെങ്കില്‍ വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകളില്‍ ഇതിനായി 13,500 ല്‍ അധികം രൂപ നല്‍കേണ്ടി വരുന്നു. അതുപോലെ, ഇന്ത്യയില്‍ 60 പേജുള്ള പാസ്പോര്‍ട്ടിന് ഏകദേശം 3,500 രൂപ ഫീസ് ഉള്ളപ്പോള്‍ വിദേശത്ത് അതേ സേവനത്തിന് 18,000 രൂപ വരെയാണ് ഈടാക്കുന്നത്. അതായത്, വിദേശത്തുള്ള ഇന്ത്യക്കാര്‍ ഇതേ സേവനത്തിനായി ഇന്ത്യയിലെ നിരക്കിന്റെ അഞ്ചിരട്ടിയിലധികം തുകയാണ് നല്‍കേണ്ടിവരുന്നത്. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ സാധാരണ തൊഴിലാളികള്‍ക്കും കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കും ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.

പാസ്പോര്‍ട്ട് ഓരോ ഇന്ത്യന്‍ പൗരനും ലഭിക്കേണ്ട അടിസ്ഥാന തിരിച്ചറിയല്‍ രേഖയും യാത്രാ രേഖയുമാണത്. ഒരു പൗരന്‍ ഇന്ത്യയില്‍ താമസിക്കുന്നുവോ വിദേശത്താണോ എന്നതിന്റെ അടിസ്ഥാനത്തില്‍ ഒരേ സേവനത്തിന് വലിയ ഫീസ് വ്യത്യാസം ഉണ്ടാകുന്നത് പുനഃപരിശോധിക്കണം. സര്‍ക്കാര്‍ സേവനങ്ങള്‍ ജനക്ഷേമത്തിന്റെ ഭാഗമായിരിക്കണമെന്നും പ്രവാസി സമൂഹത്തോട് കൂടുതല്‍ കരുതലോടെയും നീതിയോടെയും സമീപിക്കണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!