

മൂവാറ്റുപുഴ: കള്ളനോട്ട് ഉണ്ടാക്കി പെട്രോള്‍ പമ്പിലും മറ്റും നല്‍കിയ യുവാവിനെ പൊലീസ് പിടികൂടി. കോതമംഗലം പുതുപ്പാടി കുരുപ്പാത്തടത്തില്‍ വീട്ടില്‍ പ്രവീണ്‍ ഷാജി (24)യെയാണ് മുവാറ്റുപുഴ പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 500ന്റെ രണ്ട്, 200ന്റെ നാല്, 50 രൂപയുടെ മൂന്ന് വീതം കള്ളനോട്ടുകള്‍ കണ്ടെടുത്തു.

പ്രവീണ്‍ ഷാജിയുടെ പേഴയ്ക്കാപ്പിള്ളിയിലെ പ്രണവ് ഓട്ടോ ഇലക്ട്രിക്ക് എന്ന സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ നോട്ട് അടിയ്ക്കാനുപയോഗിക്കുന്ന പ്രിന്ററും അനുബന്ധ സാമഗ്രികളും കണ്ടെടുത്തു. ഇവിടെയാണ് കള്ളനോട്ട് നിര്‍മ്മാണം നടത്തിയിരുന്നത്.

കിഴക്കേക്കരയിലെ പെട്രോള്‍ പമ്പില്‍ കഴിഞ്ഞ ദിവസം ലഭിച്ച 500 രൂപയുടെ ഒരു നോട്ട് കള്ളനോട്ട് ആണോ എന്ന സംശയം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നോട്ട് നല്‍കി പെട്രോളടിച്ചത് ഇയാളെന്ന് കണ്ടെത്തിയത്. പിന്നീട് നടന്ന പരിശോധനയിലാണ് കള്ളനോട്ടും പ്രിന്ററും പിടികൂടിയത്.
അന്വേഷണ സംഘത്തില്‍ എസ് ഐമാരായ വിഷ്ണു രാജു, ബേബി ജോസഫ്, എ എസ് ഐ പി എം രാജേഷ്, എസ് സി പി ഒ ബേസില്‍ സ്‌ക്കറിയ എന്നിവരാണ് ഉണ്ടായിരുന്നത്.

