
ചെന്നൈ: റിലീസിന് മുമ്പേ തന്നെ ആരാധക ശ്രദ്ധയാകര്‍ഷിച്ച പ്രഭുദേവാ ചിത്രാമാണ് ‘മൈ ഡിയര്‍ ഭൂതം’. ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച വന്‍ വരവേല്‍പ് തന്നെ അതിനെ സാധൂകരിക്കുന്നു. നാല്പതു ലക്ഷത്തില്‍പരം കാഴ്ചക്കാരെ നേടി യൂ ട്യൂബില്‍ ട്രെയിലര്‍ ട്രെന്‍ഡിങ്ങായിരുന്നു.

ആദ്യന്തം ആബാലവൃദ്ധം ആരാധകരെയും ആനന്ദിപ്പിക്കുന്ന ഫാന്റസി എന്റര്‍ടൈനറാണ് ചിത്രം. പ്രഭുദേവ ഭൂതമായി അഭിനയിക്കുന്ന സിനിമയിലെ നായിക രമ്യാ നമ്പീശനാണ്. പ്രഭു ദേവക്കൊപ്പം അശ്വന്ത് കുമാര്‍ എന്ന ബാലതാരവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതില്‍ ഭൂതമാവുന്നതിനായി പ്രഭുദേവ തല മുണ്ഡനം ചെയ്തതും ഒട്ടേറേ ഗൃഹപാഠങ്ങള്‍ നടത്തിയതും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

മഞ്ഞപൈ, കടമ്പന്‍ തുടങ്ങി തമിഴിലും തെലുങ്കിലും കുറെ നല്ല സിനിമകള്‍ അണിയിച്ചൊരുക്കിയിട്ടുള്ള എന്‍ രാഘവനാണ് ‘മൈ ഡിയര്‍ ഭൂത’ത്തിന്റെ രചയിതാവും സംവിധായകനും.
സുരേഷ് മേനോന്‍, ബിഗ് ബോസ് സംയുക്ത, ഇമാന്‍ അണ്ണാച്ചി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. യു കെ സെന്തില്‍ കുമാര്‍ ഛായാഗ്രഹണവും ഡീ ഇമാന്‍ സംഗീതവും നിര്‍വിച്ചിരിക്കുന്നു. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി പിള്ള നിര്‍മ്മിച്ച ഈ ചിത്രം ജൂലായ് 15നു മുരളി സില്‍വര്‍ സ്‌ക്രീന്‍ പിക്ചര്‍സ് കേരളത്തില്‍ റിലീസ് ചെയ്യും.

