
ആലുവ: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ ചരിത്രപ്രധാനമായ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ‘പ്രസാദ്’ പദ്ധതി പ്രകാരമുള്ള തീര്‍Lാടന സര്‍ക്യൂട്ട് അടിയന്തരമായി നടപ്പിലാക്കണമെന്ന് ബെന്നി ബെഹനാന്‍ എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. സാംസ്‌കാരിക മന്ത്രാലയത്തിന്റെ ചോദ്യോത്തര വേളയില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനോടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ആരാധനാലയങ്ങള്‍ തന്റെ മണ്ഡലത്തിലാണെന്ന് എം പി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ്, ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി, സെന്റ് തോമസ് ആദ്യമായി എത്തിയ കൊടുങ്ങല്ലൂര്‍- മലയാറ്റൂര്‍ പള്ളി എന്നിവയെ കോര്‍ത്തിണക്കി ഒരു തീര്‍ഥാടന സര്‍ക്യൂട്ട് നേരത്തെ വിഭാവനം ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ പ്രവൃത്തികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് അദ്ദേഹം സഭയെ അറിയിച്ചു.

ഈ മൂന്ന് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ നിര്‍ദ്ദേശം നല്‍കണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു. പദ്ധതിയുടെ നടത്തിപ്പ് ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെങ്കിലും ആവശ്യമായ സാമ്പത്തിക- സാങ്കേതിക സഹായങ്ങള്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാണെന്നും വിഷയം വിശദമായി പരിശോധിക്കാമെന്നും കേന്ദ്രമന്ത്രി മറുപടി നല്‍കി.
