
ദോഹ: ഖത്തറിലെ പ്രമുഖ മലയാളി സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റുമായ ഡോ. മോഹന്‍ തോമസിന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം കൈമാറി. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വേണ്ടി ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പുരസ്‌കാരം കൈമാറി. ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.


മുന്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജ വ്യവസായ മന്ത്രിയുമായ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അതിയ്യ, ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ മുഹമ്മദ് മുബാറക് അല്‍ കുവാരി, ആഭ്യന്തര മന്ത്രാലയം മെഡിക്കല്‍ ഡിവിഷന്‍ മുന്‍ ഡയറക്ടര്‍ ഡോ. അബ്ദുല്ല സെയ്ഫ് അല്‍ അബ്ദുല്ല, ഖത്തര്‍ എയര്‍വേസ് സി ഇ ഒ അക്ബര്‍ അല്‍ ബാക്കിര്‍ എന്നിവര്‍ വീഡിയോ സന്ദേശത്തിലൂടെ ആശംസകള്‍ നേര്‍ന്നു. സ്വദേശികളും ഇന്ത്യക്കാരുമായ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ നന്ദി പറഞ്ഞു.
കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിലേറെയായി ഖത്തറില്‍ ഇ എന്‍ ടി സ്പെഷ്യലിസ്റ്റായി സേവനമനുഷ്ഠിക്കുന്ന ഡോ. മോഹന്‍ തോമസിന് മെഡിസിന്‍ മേഖലയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്.
