ലാഭത്തിന്റെ പങ്ക് എല്ലാവര്‍ക്കും; ലോക തൊഴിലാളി ദിനത്തില്‍ രേഖാചിത്രം ലാഭവിഹിതം എല്ലാവര്‍ക്കും നല്‍കി വേണു കുന്നപ്പിള്ളി

Web Desk
2 Min Read

കൊച്ചി: രേഖാചിത്രത്തില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ലാഭത്തിന്റെ വിഹിതം നല്‍കി കാവ്യ ഫിലിം കമ്പനിയുടെ വേണു കുന്നപ്പിള്ളി. മലയാള സിനിമയിലെ ഈ വര്‍ഷത്തെ ആദ്യത്തെ വിജയമായ ആസിഫ് അലിയുടെ രേഖാചിത്രം ആഗോള ഗ്രോസ് ആയി 50 കോടി നേടിയ രണ്ടാമത്തെ ആസിഫ് അലി ചിത്രം കൂടിയായിരുന്നു. ജോഫിന്‍ ടി ചാക്കോയാണ് സംവിധായകന്‍.

city exchange

സിനിമയില്‍ നേരത്തെ നല്‍കിയ ശമ്പളത്തിന് പുറമേ ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് ചിത്രത്തില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ലാഭത്തിന്റെ ഒരു വിഹിതമാണ് നല്‍കിയിരിക്കുന്നത്.

മാളികപ്പുറം എന്ന ചിത്രം 50 കോടി ക്ലബില്‍ ഇടം പിടിച്ചപ്പോഴും അദ്ദേഹം ഇതേ കാര്യം ചെയ്തിരുന്നു. ഈ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ ആണ് അദ്ദേഹം തൊഴിലാളി ദിനത്തില്‍ ചിത്രത്തിന്റെ ലാഭ വിഹിതമായി തുക നിക്ഷേപിച്ചത്.

രേഖാചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ ആയ ഗോപകുമാര്‍ ജി കെ സമൂഹ മാധ്യമത്തില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ, ‘ഇന്ന് ലോക തൊഴിലാളി ദിനം. നോട്ടിഫിക്കേഷനില്‍ ഒരു മെസേജ് വന്നു കിടപ്പുണ്ട്, അക്കൗണ്ടില്‍ ഒരു തുക ക്രെഡിറ്റാ യതാണ്. ഞങ്ങളുടെ കാവ്യ ഫിലിം കമ്പനിയില്‍ നിന്നുള്ള സ്‌നേഹ സമ്മാനം, ഈ വര്‍ഷം വലിയ വിജയമായ നമ്മുടെ രേഖാചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ ഒരു പങ്കാണത്. ഇത് ആദ്യത്തെ തവണയല്ല, ഓരോ വിജയത്തിലും പതിവുള്ളതാണ്. ഇങ്ങനെയൊക്കെയാണ് വേണു കുന്നപ്പിള്ളിയെന്ന നിര്‍മ്മാതാവും കാവ്യ ഫിലിം കമ്പനിയും വ്യത്യസ്തമാവുന്നത്. ഓരോ വിജയത്തിലും വേണുചേട്ടന്‍ അതിന്റെ ലാഭത്തില്‍ നിന്നുള്ള വലിയൊരു വിഹിതം അതില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി മാറ്റി വയ്ക്കാറുണ്ട്.

- Advertisement -
Ad image

സിനിമയോടൊപ്പം മുഴുവന്‍ സമയവും പ്രവര്‍ത്തിച്ച ലൈറ്റ് യൂണിറ്റ് മുതല്‍, ഡ്രൈവേഴ്സ്, മേക്കപ്പ് ടീം, കോസ്റ്റും ടീം, പ്രൊഡക്ഷന്‍ അസിസ്റ്റന്റ്‌സ്, എഡിറ്റ് ടീം, ക്രെയിന്‍ ടീം, ക്യാമറ അസിസ്റ്റന്റസ് തുടങ്ങി പിന്നണിയില്‍ പ്രവര്‍ത്തിച്ച വലുതും ചെറുതുമായ എല്ലാ ടെക്‌നീഷ്യന്‍സിനും പതിവുള്ളതാണ്. ഈ തൊഴിലാളി ദിനത്തില്‍ ഞങ്ങളുടെ പ്രിയപ്പെട്ട വേണുച്ചേട്ടന് ഹൃദയത്തിന്റെ ഭാഷയില്‍ ഒരു സല്യൂട്ട് അഭിവാദ്യങ്ങള്‍’.

ചിത്രത്തിന്റെ എഡിറ്റര്‍ ആയ ഷമീര്‍ മുഹമ്മദ് കുറിച്ച വാക്കുകള്‍ ഇപ്രകാരം, ‘ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യൂക, അത് വിജയിക്കുക എന്നത് ഓരോ സിനിമ ആഗ്രഹിക്കുന്നവരുടേയും സ്വപ്‌നമാണ്. വളരെ സന്തോഷത്തോടെ എഴുതട്ടെ ഈ വര്‍ഷത്തെ എന്റെ ആദ്യ സിനിമയായ രേഖാചിത്രം ഈ വര്‍ഷത്തെ മലയാള സിനിമയിലെ ആദ്യ ബ്ലോക്ക്ബസ്റ്ററാണ്. സിനിമയില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ ഓരോരുത്തരും സംതൃപ്തരാണ്. സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ പറഞ്ഞ ശമ്പളം എല്ലാവര്‍ക്കും തന്നതാണ് വേണു കുന്നപ്പിള്ളി എന്ന നിര്‍മാതാവ്. എന്നാല്‍ ലോക തൊഴിലാളി ദിനമായ ഇന്ന് രാവിലെ വീണ്ടും എന്റെ അക്കൗണ്ടില്‍ കാവ്യാ ഫിലിം കമ്പനിയില്‍ നിന്നും ഒരു തുക ക്രെഡിറ്റായി. വിളിച്ചു ചോദിച്ചപ്പോള്‍ എനിക്ക് മാത്രമല്ല സിനിമയില്‍ പ്രവര്‍ത്തിച്ച പ്രൊഡക്ഷന്‍ ബോയ്‌സ് മുതല്‍ സംവിധായകന്‍ വരെയുള്ള എല്ലാവര്‍ക്കും അത് ഉണ്ട്. കാവ്യാ ഫിലിംസിന്റെ ഇതിനു മുന്‍പുള്ള മാളികപ്പുറത്തിനും ഇതേ പോലെ എനിക്ക് ലഭിച്ചിരുന്നു. ഇതൊരു മാതൃകയാണ്, ആത്മാര്‍ഥമായിട്ട് സിനിമക്ക് വേണ്ടി ജോലി ചെയ്യുന്ന എല്ലാവരെയും ആ സിനിമ വുജയിക്കുമ്പോള്‍ ഓര്‍ക്കുന്നത്. ഇനിയും കാവ്യ ഫിലിംസിന്റെ ഒപ്പം സിനിമ ചെയ്യാനും ഇത് പോലെ സമ്മാനങ്ങള്‍ വാങ്ങാനും കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു- നന്ദി വേണു കുന്നപ്പിള്ളി, ആന്റോ ചേട്ടന്‍, ജോഫിന്‍… ടീം രേഖാചിത്രം’.

Share This Article
Leave a Comment
error: Content is protected !!