

ദോഹ: തിമിംഗല സ്രാവുകളെ സംരക്ഷിക്കാന്‍ ഖത്തര്‍ സമുദ്ര ശേഖരം വിപുലീകരിക്കുന്നു. ഖത്തര്‍ തിമിംഗല സ്രാവ് സംരക്ഷണ ഫോറം 2023ലാണ് പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രാജ്യത്തിന്റെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന്റെ 30 ശതമാനം വരെ സമുദ്ര ശേഖരം വികസിപ്പിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത്.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെ തുടര്‍ന്ന് സമുദ്ര ആവാസവ്യവസ്ഥയില്‍ അതിന്റെ അനന്തരഫലങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ അടിയന്തിര ആവശ്യകതയെ അഭിസംബോധന ചെയ്യാനാണ് നീക്കം.

ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍താനി സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടു. ജീവി വര്‍ഗ്ഗങ്ങളെ പരിഗണിക്കാതെ സമുദ്രജീവികളെ സംരക്ഷിക്കുന്നത് സമുദ്രങ്ങള്‍ക്കുള്ളില്‍ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നും ആത്യന്തികമായി ഭൂമിയിലെ എല്ലാ നിവാസികള്‍ക്കും പ്രയോജനം ചെയ്യുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
യുനെസ്‌കോയുമായി സഹകരിച്ച് പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സംഘടിപ്പിച്ച ദ്വിദിന ഫോറത്തില്‍ വംശനാശഭീഷണി നേരിടുന്ന തിമിംഗല സ്രാവുകളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ക്കായി വിവിധ വിദഗ്ധരേയും പങ്കാളികളേയും ചേര്‍ത്ത് ചര്‍ച്ച സംഘടിപ്പിച്ചു.
അടുത്തിടെ രേഖപ്പെടുത്തിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, തിമിംഗല സ്രാവുകളുടെ ശരാശരി എണ്ണം ഏകദേശം 600 ആണ്. ഇതിലും ഉയര്‍ന്ന എണ്ണം ലോകത്ത് മറ്റൊരിടത്തും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങള്‍ക്കും യെമനിനുമുള്ള യുനെസ്‌കോ ഓഫീസിലെ പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് ഫരീദ അബൗദാന്‍ തിമിംഗല സ്രാവുകള്‍ നേരിടുന്ന കടുത്ത വെല്ലുവിളികള്‍, ആവാസവ്യവസ്ഥയുടെ നാശം, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ഫലങ്ങള്‍, സമുദ്ര ആവാസവ്യവസ്ഥയിലെ പ്രതികൂല ഫലങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, രാസവസ്തുക്കളുമായി ബന്ധപ്പെട്ട മലിനീകരണം, എണ്ണ ചോര്‍ച്ച എന്നിവയെ കുറിച്ച് സംസാരിച്ചു.
സഹകരണ ശ്രമങ്ങളിലൂടെ, ഗവേഷണം, ശാസ്ത്രീയ സഹകരണം, ശേഷി വര്‍ധിപ്പിക്കല്‍, വിദ്യാഭ്യാസം, പൊതു അവബോധം എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്രമായ നടപടികള്‍ നടപ്പിലാക്കാന്‍ യുനെസ്‌കോയും പരിസ്ഥിതി- കാലാവസ്ഥ വ്യതിയാന മന്ത്രാലയവും ആഗ്രഹിക്കുന്നുവെന്ന് അബൗദാന്‍ ഊന്നിപ്പറഞ്ഞു.

