Sports
പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്; കേരളത്തിന്റെ വലിയ മനുഷ്യ സ്‌നേഹി
കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിന് ഇന്നേക്ക് ഒരാണ്ട്.
സ്‌കൂള്‍ പഠനകാലം മുതല്‍ രാഷ്ട്രീയരംഗത്തും പൊതു പ്രവര്‍ത്തനരംഗത്തും സജീവമായി പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടിയുടെ സംഭവബഹുലമായ ജീവിതം പത്രldlാളുകളിലെ ഏതാനും കോളങ്ങളിലൂടെ എഴുതിതീര്‍ക്കാനാവില്ലെന്നറിയാം. വിദ്യാര്‍ഥി, യുവജന രാഷ്ട്രീയത്തിലൂടെ ഉയര്‍ന്നുവന്ന് കോണ്‍ഗ്രസ്സ് മുഖ്യധാര രാഷ്ട്രീയത്തിലൂടെ അധികാരത്തിന്റെ പടവുകള്‍ ചവിട്ടിkdkയറി പൊതു ജീവിതത്തില്‍ ജനങ്ങളെ സേവിച്ച് സ്‌നേഹിച്ച് ജനകീയ നേതാവായി വെന്നികൊടി പാറിച്ച അപൂര്‍വ്വ നേതാക്കളിലൊരാളായിരുന്നു ഉമ്മന്‍ ചാണ്ടി.
എക്കാലത്തും ലളിത ജീവിതം നയിച്ചിരുന്ന ഉമ്മന്‍ ചാണ്ടി ഉയര്‍ച്ച താഴ്ചകളില്‍ ആദര്‍ശസമ്പുഷ്ടവും തത്വാധിഷ്ടവുമായ തന്റെ വ്യക്തിജീവിതവും പൊതുജീവിതവും ശുഭ്ര വസ്ത്രം പോലെ തന്നെ അതിന്റെ നൈര്‍മല്യത്തോടെ കാത്തു സൂക്ഷിച്ചിരുന്നു.
പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിക്കുമ്പോഴും ഭരണാധികാരിയായിരിക്കുമ്പോഴും ജനങ്ങളെ എങ്ങിനെ സഹായിക്കാമെന്ന ചിന്തയോടെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ച് കരുണയുടെ കരങ്ങളാല്‍ ജനങ്ങളെ തന്റെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച നേതാവായിരുന്നു അദ്ദേഹം.
സഹായമാവശ്യപ്പെട്ട് തന്റെയടുത്തേക്ക് എത്തുന്നവരുടേയും ഫോണിലൂടേയും കത്തിലൂടേയും സഹായമാവശ്യപ്പെടുന്നവരുടേയും രാഷ്ട്രീയമോ മതമോ ജാതിയോ ഗ്രൂപ്പോ അന്വേഷിക്കാതെ അവരെ എങ്ങിനെ സഹായിക്കാന്‍ കഴിയുമെന്ന് മാത്രം അന്വേഷിക്കുന്ന ജനകീയനായ ഭരണാധികാരി ഉമ്മചാണ്ടിയല്ലാതെ മറ്റൊരാളില്ല.
ആറുപതിറ്റാണ്ടു നീണ്ട പൊതു രാഷ്ട്രീയ ജീവിതത്തില്‍ നിറഞ്ഞുനിന്ന ഉമ്മന്‍ചാണ്ടി ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ സത്ത ഉള്‍കൊണ്ട് ലളിത ജീവിതം നയിച്ച് മാതൃക കാട്ടിയത് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ പാഠമാക്കാവുന്നതാണ്.
‘മനുഷ്യ സ്‌നേഹത്തിന് ഡോക്ടറേറ്റുണ്ടെങ്കില്‍ അതിന് ഏറ്റവും അര്‍ഹനായ നേതാവ് ഉമ്മന്‍ ചാണ്ടിയാണ്’ മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിയുടെ ഹൃദയത്തില്‍ നിന്ന് വന്ന വാക്കുകളാണ് മുകളില്‍ പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയുടേതില്‍ നിന്ന് വ്യത്യസ്ത രാഷ്ട്രീയ വീക്ഷണം പുലര്‍ത്തുന്ന മമ്മൂട്ടിയുടെ ഈ വിലയിരുത്തലിലൂടെ തന്നെ മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഉമ്മന്‍ ചാണ്ടി എന്ന നന്മമരത്തിന്റെ സ്‌നേഹത്തണല്‍ ഭാരതമൊട്ടുക്കുമുള്ള ജനങ്ങള്‍ക്ക് അനുഭവഭേദ്യമായി.
പൊതുജീവിതത്തിന്റെ കയറ്റിറക്കങ്ങളില്‍ കാലിടറാതെ പതറാതെ മുന്നോട്ട് നീങ്ങിയത് തന്നിലെ നന്മയുടേയും സത്യസന്ധതയുടേയും ശക്തി ഒന്നുകൊണ്ട് മാത്രമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. സത്യത്തെ മാത്രം മുറുകെ പിടിച്ച് ജനങ്ങളെ മാത്രം സ്‌നേഹിച്ചും സേവിച്ചും ജീവിച്ച മഹാത്മഗാന്ധിയുടെ ജീവിത വഴികളായിരുന്നു ഉമ്മന്‍ ചാണ്ടി തന്റെ ജീവിതത്തിലുടനീളം മുറുകെ പിടിച്ചത്.
ഒരു തുറന്ന പുസ്തകമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിന്റെ വെണ്മയാര്‍ന്ന താളുകളില്‍ കറുത്ത മഷി കോരിയിട്ട് വികൃതമാക്കാന്‍ ശ്രമിച്ച രാഷ്ട്രീയ എതിരാളികളോട് ഒരിക്കല്‍ പോലും വെറുപ്പോ ദേഷ്യമോ പ്രകടിപ്പിക്കാതെ മിതഭാഷയുപയോഗിച്ച് പ്രതികരിക്കുന്ന കേരളം കണ്ട ഏകനേതാവും ഉമ്മന്‍ചാണ്ടി മാത്രമാണ്. ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് കാലം കാത്തുവച്ച് പകര്‍ന്നു നല്‍കിയ കാവ്യനീതിയും രാഷ്ട്രീയ കേരളം കണ്ടു.
അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെ കേരളത്തിന്റെ സമഗ്ര വികസനം എന്നും തന്റെ സ്വപ്‌നമായി കൊണ്ടുനടന്ന വികസന നായകന്‍ സംസ്ഥാനത്ത് പല വന്‍ പദ്ധതികളും നടപ്പാക്കുകയുണ്ടായി.
തന്റെ ഭരണകാലത്ത് വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖം ഉള്‍പ്പെടെയുള്ള പല പദ്ധതികളുടേയും തടസ്സങ്ങള്‍ നീക്കി തുടക്കം കുറിക്കുവാന്‍ കഴിഞ്ഞത് ഉമ്മന്‍ചാണ്ടിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള വികസന കാഴ്ചപ്പാടും ഇച്ഛാശക്തിയും ഒന്നുകൊണ്ട് മാത്രമാണ്.
കേരളത്തിന്റെ ഗതാഗത രംഗത്തും വാണിജ്യ കച്ചവട രംഗത്തും വന്‍ കുതിച്ചു ചാട്ടത്തിന് വഴിവെച്ച കൊച്ചി മെട്രോ, കണ്ണൂര്‍ എയര്‍ പോര്‍ട്ട്, കൊച്ചി സ്മാര്‍ട്ട് സിറ്റി, കൊച്ചി ഇന്‍ഫോ പാര്‍ക്ക് എന്നിവയും ഉമ്മന്‍ ചാണ്ടിയുടെ സ്വപ്‌ന പദ്ധതികളില്‍പ്പെട്ടവയാണ്.
കേള്‍വി ശക്തി നഷ്ടപ്പെട്ട അഞ്ചുവയസ്സുവരെയുള്ള 470 നിര്‍ധനരായ കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷനിലൂടെ ശ്രവണ ശക്തിയുള്ളവരാക്കി മാറ്റി സംസ്ഥാനത്ത് നടപ്പാക്കിയ ഈ പദ്ധതി ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ഉമ്മന്‍ ചാണ്ടിയുടെ സ്വപ്‌ന പദ്ധതികളിലൊന്നായിരുന്നു.
കാരുണ്യ ലോട്ടറി പദ്ധതി ആരംഭിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലുള്ളവര്‍ക്ക് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സയ്ക്ക് സഹായം നല്കുന്ന പദ്ധതിയില്‍ ഏകദേശം എണ്‍പത്തിരണ്ടായിരം പേര്‍ക്ക് സഹായം എത്തിച്ച കാരുണ്യ ചികിത്സാ സഹായ പദ്ധതി രോഗികളോടും നിര്‍ധനരോടുമുള്ള അദ്ദേഹത്തിന്റെ കാരുണ്യത്തിന്റെ ദൃഷ്ടാന്തങ്ങളായി നമ്മുടെ മുന്നിലുണ്ട്. ഇന്ത്യാ രാജ്യത്ത് ആദ്യമായി ഇത്തരമൊരു പദ്ധതി നടപ്പാക്കിയതും ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ്.
സമ്പൂര്‍ണ്ണമദ്യനിരോധനമെന്ന ഗാന്ധിയന്‍ മാര്‍ഗ്ഗത്തോടുള്ള തന്റെ പ്രതിബദ്ധതയും സംസ്ഥാനത്തെ കുടുംബങ്ങളുടേയും സമൂഹത്തിന്റേയും സുരക്ഷയും സമാധാനവും നിലനിര്‍ത്താനായി നടപ്പാക്കിയ ബാര്‍ നിരോധനം അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുടെ ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണ്.
ഘട്ടം ഘട്ടമായി ഏര്‍പ്പെടുത്തുവാനുദ്ദേശിച്ച സമ്പൂര്‍ണ്ണ മദ്യനിരോധനത്തിന്റെ ഭാഗമായി 730 ബാറുകളടച്ചു പൂട്ടിയ ഉമ്മന്‍ ചാണ്ടിയുടെ വിപ്ലവകരമായ തീരുമാനം കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചതും രാഷ്ട്രീയ കേരളം കണ്ടു.
കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും കൊച്ചി മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കും പ്രത്യേക സഹായ പാക്കേജുകള്‍ക്ക് രൂപം കൊടുത്ത് അവരുടെ പരാതികള്‍ പരിഹരിച്ചത് ഉമ്മചാണ്ടിയുടെ കാരുണ്യത്തിന്റെ കരസ്പര്‍ശത്തിന് മറ്റൊരുദാഹരണം കൂടിയാണ്.
ഭൂരഹിതരായ ആദിവാസികള്‍ക്കെല്ലാം ഭൂമി പദ്ധതിക്ക് തുടക്കം കുറിച്ച് സംസ്ഥാനത്ത് എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചതും ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരാണ്.
‘അതിവേഗം, ബഹുദൂരം’ എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളേയും പരാതികളേയും സമീപിച്ച സമാനതകളില്ലാത്ത ജനകീയനായ ഭരണാധികാരിയെ രാഷ്ട്രീയ എതിരാളികള്‍ എന്നും അസൂയയോടേയും അത്ഭുതത്തോടെയുമാണ് നോക്കി കണ്ടത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ തകര്‍ക്കാന്‍ മറ്റുവഴികളില്ലാതെ വന്നപ്പോള്‍ മുപ്പത്തിയൊന്‍പത് ക്രിമിനല്‍ കേസില്‍ പ്രതിയുടെ കൂട്ടുപിടിക്കേണ്ടി വന്ന പ്രതിപക്ഷത്തേയും ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലഘട്ടത്തില്‍ കേരളജനത കണ്ടു.
പ്രവാസികളെ എന്നും ചേര്‍ത്തുപിടിച്ചിരുന്ന ഉമ്മന്‍ ചാണ്ടി തിരിച്ചെത്തിയ പ്രവാസികള്‍ക്കായി തുടങ്ങിയ സാന്ത്വനം പദ്ധതിയും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയ കാരുണ്യനിധിയും അദ്ദേഹത്തിന്റെ പ്രവാസികളോടുള്ള കരുതലിന്റെ ഉദാഹരണങ്ങളില്‍ ചിലത് മാത്രമാണ്.
ചരിത്ര പ്രസിദ്ധമായ തന്റെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ ലക്ഷക്കണക്കിന് പാവപ്പെട്ടവരുടേയും തൊഴിലാളികളുടേയും രോഗികളുടേയും പരാതികള്‍ക്കും ആവശ്യങ്ങള്‍ക്കും പരിഹാരം കാണാനും നടപടികളെടുക്കാനും കഴിഞ്ഞത് ലോകം തന്നെ വിസ്മയത്തോടെയാണ് വീക്ഷിച്ചത്.
ജനലക്ഷങ്ങള്‍ ഹൃദയത്തിലേറ്റിയ ഈ ജനസമ്പര്‍ക്ക പരിപാടിയെ ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനസമ്പര്‍ക്ക പരിപാടി നടത്തി വിപ്ലവം സൃഷ്ടിച്ച മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് യു എന്‍ അവാര്‍ഡും നല്കുകയുണ്ടായി.
ആറുപതിറ്റാണ്ടിലേറെ നീണ്ട വിശ്രമ രഹിതമായ തന്റെ പൊതുജീവിതത്തില്‍ നിന്നും നിത്യവിശ്രമത്തിലേക്കുള്ള തന്റെ അന്ത്യയാത്രയില്‍ ബാഷ്പാഞ്ജലികളോടെ പ്രണാമമര്‍പ്പിച്ച വന്‍ ജനാവലിയുടെ സാന്നിധ്യം രാഷ്ട്രീയ കേരളം ഇന്നേവരെ മറ്റാര്‍ക്കും നല്‍കാത്ത വലിയ ആദരവ് കൂടിയായി.
ഉമ്മചാണ്ടിയെപ്പൊലെ ആദര്‍ശധീരനും കാരുണ്യവാനും വികസന നായകനും വലിയ മനുഷ്യ സ്‌നേഹിയുമായ ഒരു ഭരണാധികാരി കേരളത്തില്‍ ജനിക്കണമെങ്കില്‍ ഇനിയും എത്ര മനുഷ്യജന്മം കാത്തിരിക്കണമെന്ന് സൃഷ്ടാവിന് മാത്രമറിയാം. വരാനിരിക്കുന്ന തലമുറകള്‍ക്കെങ്കിലും അതിനുള്ള ഭാഗ്യമുണ്ടാകട്ടെ എന്നാശംസിച്ചുകൊണ്ട് ആ വലിയ മനുഷ്യസ്‌നേഹിയുടെ സ്മരണയ്ക്ക് മുന്‍പില്‍ പ്രണാമമര്‍പ്പിക്കുന്നു.