
ദോഹ: ശൈത്യകാലത്ത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും സേവനങ്ങളും ഒരുക്കി ഖത്തര്‍ എയര്‍വേയ്സ് അന്താരാഷ്ട്ര റൂട്ടുകളില്‍ ശേഷി വര്‍ധിപ്പിച്ചു. ക്വാലാലംപൂര്‍, ലാഗോസ്, ഷാങ്ഹായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ചു.

2025-ല്‍ സ്‌കൈട്രാക്‌സിന്റെ ലോകത്തിലെ മികച്ച എയര്‍ലൈന്‍ എന്ന പദവി ഒന്‍പതാം തവണ നേടിയ ഖത്തര്‍ എയര്‍വേയ്‌സ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആഗോള തലത്തില്‍ വ്യത്യസ്ത കേന്ദ്രങ്ങളിലേക്കാണ് പറക്കുന്നത്. ഈ വര്‍ഷം മാത്രം എയര്‍ലൈന്‍ മൂവായിരത്തിലധികം അധിക സര്‍വീസുകള്‍ ഒരുക്കി.

2025 ഡിസംബര്‍ 17 മുതല്‍ ക്വാലാലംപൂരിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് 14ല്‍ നിന്ന് 17 ആയി വര്‍ധിക്കും. ഈ അധിക സര്‍വീസുകള്‍ ദോഹയിലൂടെ തെക്കുകിഴക്കന്‍ ഏഷ്യയെ ജിദ്ദ, ലണ്ടന്‍, പാരീസ് എന്നിവയുമായി കൂടുതല്‍ ബന്ധിപ്പിക്കും.
ഡിസംബര്‍ 15 മുതല്‍ 2026 മാര്‍ച്ച് 28 വരെ ലാഗോസിലേക്കുള്ള സര്‍വീസ് 10ല്‍ നിന്ന് 14 ആയി ഉയര്‍ത്തും. ബിസിനസ്, വിനോദ യാത്രികര്‍ക്കായി ഡല്‍ഹി, ഗ്വാങ്ഷൂ, ലണ്ടന്‍ തുടങ്ങിയ പ്രധാന റൂട്ടുകളിലേക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്രാമാര്‍ഗങ്ങള്‍ ഇതിലൂടെ സാധ്യമാകും.
2026 ജനുവരി 1 മുതല്‍ മാര്‍ച്ച് 28 വരെ ഷാങ്ഹായിലേക്കുള്ള വിമാന സര്‍വീസുകള്‍ 7ല്‍ നിന്ന് 10 സര്‍വീസുകളാകും. ചൈനീസ് യാത്രക്കാരുടെ വരവ്- പോക്ക് വര്‍ധിച്ചതിനാലാണ് ഈ തീരുമാനം. ഇതിലൂടെ ഏഷ്യയെ ആല്‍ജിയേഴ്‌സ്, സാവോ പോളോ, വാര്‍സോ എന്നിവയുമായി കൂടുതല്‍ ബന്ധിപ്പിക്കാം.
2026 ജനുവരി 12 മുതല്‍ തെരഞ്ഞെടുക്കപ്പെട്ട സിംഗപ്പൂര്‍ സര്‍വീസുകളില്‍ ഖത്തര്‍ എയര്‍വേയ്സ് എയര്‍ബസ് എ380 വിന്യസിക്കും. ഉയര്‍ന്ന ശേഷിയും മെച്ചപ്പെട്ട പ്രീമിയം യാത്രാനുഭവവും യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്ന നീക്കമാണിത്.
ബോയിങ് 777, എയര്‍ബസ് എ350 തുടങ്ങിയ വൈഡ് ബോഡി വിമാനങ്ങളടങ്ങിയ ഫ്‌ളീറ്റോടെയാണ് ഖത്തര്‍ എയര്‍വേയ്സ് ലോകയാത്രക്കാരെ ബന്ധിപ്പിക്കുന്നത്. സ്റ്റാര്‍ലിങ്ക് അതിവേഗ വൈഫൈ ഉപയോഗിച്ച് സജ്ജീകരിച്ച 100-ലധികം വൈഡ് ബോഡി വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ലോകത്തിലെ ആദ്യ എയര്‍ലൈനാണ് ഖത്തര്‍ എയര്‍വേയ്സ്. മെന മേഖലയിലെ സ്റ്റാര്‍ലിങ്ക് സേവനം നല്‍കുന്ന ആദ്യ എയര്‍ലൈന്‍ കൂടിയാണ്.

