
ദോഹ: അധിനിവേശ വെസ്റ്റ് ബാങ്കില്‍ 19 കുടിയേറ്റങ്ങള്‍ സ്ഥാപിക്കാന്‍ ഇസ്രയേലി അധിനിവേശ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സില്‍ പ്രമേയം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമസാധുതാ പ്രമേയങ്ങളുടെ ഗുരുതരമായ ലംഘനമാണിതെന്നും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റമാണെന്നും ഖത്തര്‍ വ്യക്തമാക്കി.

അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രയേല്‍ തുടരുന്ന കുടിയേറ്റ നയങ്ങള്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം നിയമപരവും നൈതികവുമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

1967ലെ അതിര്‍ത്തികളില്‍, കിഴക്കന്‍ ജെറുസലേം തലസ്ഥാനമായി ഉള്‍പ്പെടുന്ന സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ദ്വിരാഷ്ട്ര പരിഹാരവും അന്താരാഷ്ട്ര നിയമസാധുതാ പ്രമേയങ്ങളും അടിസ്ഥാനമാക്കി ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്ക് ഖത്തറിന്റെ ശക്തവും ഉറച്ചതുമായ പിന്തുണ മന്ത്രാലയം ആവര്‍ത്തിച്ചു.
