മയക്കുമരുന്ന് പരിശോധനയില്‍ വീഡിയോ റെക്കോര്‍ഡിംഗ് നിര്‍ബന്ധമാക്കുന്ന നിയമം വേണം: മുഖ്യമന്ത്രിക്ക് നിവേദനവുമായി ഖത്തര്‍ കെ എം സി സി നാദാപുരം മണ്ഡലം

Web Desk
3 Min Read

ദോഹ: സിന്തറ്റിക്ക് ഡ്രഗ്‌സുകള്‍ ഉള്‍പ്പെടെ ഗുരുതരമായ സാമൂഹിക ക്രിമിനല്‍ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുന്ന പുതിയ കേരളീയ സാഹചര്യത്തില്‍ ഇവ കര്‍ശനമായി നിയന്ത്രിക്കാന്‍ പരിശോധനാ വേളയിലെ വീഡിയോ റെക്കോര്‍ഡിങ് നിര്‍ബന്ധമാക്കണമെന്ന ആവശ്യവുമായി ഖത്തര്‍ കെ എം സി സി നാദാപുരം മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചു.

city exchange

മയക്കുമരുന്നിന്റെ അളവ് കൃത്യമായി തൂക്കുന്നുതുള്‍പ്പെടെയുള്ള മുഴുവന്‍ നടപടി ക്രമങ്ങളും പൊലീസ് വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്ന തരത്തില്‍ ആവശ്യമായ നിയമ ഭേദഗതി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരണം. വീഡിയോ റെക്കോര്‍ഡിങ് സന്ദര്‍ഭത്തില്‍ ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യം വേണം. നിയമം നടപ്പിലാക്കുന്നതില്‍ ഏകീകൃത സ്വഭാവം വരുത്താനും പൊലീസിന്റെ അലംഭാവം സംഭവിക്കാതിരിക്കാനും വീഡിയോ റെക്കോര്‍ഡിംഗ് നിര്‍ബന്ധം എന്നു തന്നെ നിയമത്തില്‍ ചേര്‍ക്കേണ്ടതാണ്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക, നിയമ നടപടികളുണ്ടാവുന്ന രീതിയിലായിരിക്കണം നിയമ നിര്‍മ്മാണം.

എന്‍ ഡി പി എസ് നിയമത്തിലെ സെക്ഷന്‍ 10, 78 പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിട്ടുള്ള അധികാരം ഉപയോഗിച്ച് ഇത്തരത്തില്‍ നിയമനിര്‍മ്മാണം സാധ്യമാണ്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഫീല്‍ഡ് ഓഫീസേഴ്‌സിനായി പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ പരിശോധന സമയത്ത് വീഡിയോ ക്യാമറയും മറ്റ് റെക്കോര്‍ഡിംഗ് ഉപകരണങ്ങളും കരുതണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. നിര്‍ഭാഗ്യവാശാല്‍ അതൊന്നും നടപ്പിലാക്കപ്പെടുന്നില്ല. വീഡിയോ റെക്കോര്‍ഡിംഗ് ഉണ്ടായിരിക്കല്‍ ക്രമിനല്‍ നടപടി ക്രമങ്ങള്‍ എളുപ്പമാക്കുന്നതിന് അനുഗുണമാണെന്ന് സുപ്രിം കോടതി 2018ലെ ഷാഫി മുഹമ്മദ് വി- ഹിമാചല്‍ പ്രദേശ് കേസില്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്.

- Advertisement -
Ad image

വാണിജ്യ അളവിലും മറ്റുമുള്ള മയക്കുമരുന്നു പരിശോധന നടത്തുമ്പോഴും പിടിച്ചെടുക്കുമ്പോഴും നടപടി ക്രമങ്ങള്‍ മുഴുവനായി വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്ന് കല്‍ക്കത്ത ഹൈക്കോടതി റീ കാലു കേസിലും പ്രസ്താവിച്ചിട്ടുണ്ട്. സമാനമായി മയക്ക് മരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പ് വരുത്താന്‍ സംസ്ഥാനവും ഇത്തരം നിയമ നിര്‍മ്മാണം നടത്തേണ്ടതാണെന്നും നിവേദനത്തില്‍ വിശദീകരിക്കുന്നു. മയക്കുമരുന്ന് മാഫിയകള്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെ സജീവമായി ലക്ഷ്യം വെക്കുകയും അവരുടെ പക്വതക്കുറവ് ചൂഷണം ചെയ്ത് അവരെ വ്യാപകമായി ലഹരിക്ക് അടിമപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലഹരിക്കടത്തുകാരും പൊലീസിലെ ചില ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് എന്‍ ഡി പി എസ് നിയമപ്രകാരമുള്ള ശക്തമായ നിയമ നടപടിയില്‍ നിന്ന് ഇത്തരക്കാരെ രക്ഷപ്പെടാന്‍ സഹായിക്കുന്നത്.

ലഹരി മരുന്ന് വിതരണക്കാരെ കയ്യോടെ പിടികൂടിയ കേസുകളില്‍ പോലും പൊലീസ് ഒത്താശയോടെ അളവിലും തൂക്കത്തിലും കുറവ് വരുത്തിയ നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. അതുവഴി ഇത്തരക്കാര്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കാനും തങ്ങളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുവാനും സാധിക്കുന്നു. ലഹരി മാഫിയയെ രക്ഷിക്കാന്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ചെറുപ്പക്കാരെ എന്‍ ഡി പി എസ് പ്രകാരം കള്ളക്കേസുകളില്‍ പെടുത്തുന്ന പ്രവണതയും മറുവശത്തുണ്ട്. വീഡീയോ റെക്കോര്‍ഡിംഗുകളുടേയോ വ്യക്തമായ തെളിവുകളുടെയോ അഭാവത്തില്‍ അധികാരികള്‍ പലപ്പോഴും അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും ഖത്തര്‍ കെ എം സി സി നാദാപുരം മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രി നിവേദനത്തിന് മറുപടി നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവിക്കും എക്സൈസ് കമ്മീഷണര്‍ക്കും അയച്ച് ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നുള്ള അറിയിപ്പാണ് മുഖ്യമന്ത്രിയുടെ അണ്ടര്‍ സെക്രട്ടറി ഇ- മെയിലില്‍ നല്‍കിയതെന്നും ഖത്തര്‍ കെ എം സി സി നാദാപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഉബൈദ് സി കെ, ജനറല്‍ സെക്രട്ടറി ലത്തീഫ് വി പി വാണിമേല്‍, ട്രഷറര്‍ ട. കെ സൈഫു എന്നിവര്‍ പറഞ്ഞു. ഇത് ശുഭകരമാണ്. നിയമസഭയില്‍ ഉള്‍പ്പെടെ ഇത് ചര്‍ച്ചക്ക് കൊണ്ടുവരാനുള്ള ശ്രമം സംഘടന നടത്തുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!