

ദോഹ: പന്ത്രണ്ടാമത് ഖത്തര്‍ അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനം (അഗ്രേറ്റ്ക്യു) സമാപിച്ചു. അഞ്ച് ദിവസത്തെ പരിപാടിയില്‍ 1,069 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏകദേശം 97,000 സന്ദര്‍ശകര്‍ പങ്കെടുത്തു.

കത്താറയില്‍ നടന്ന പ്രദര്‍ശനത്തില്‍ 29 രാജ്യങ്ങളില്‍ നിന്നുള്ള 356 സ്ഥാപനങ്ങളും പ്രദര്‍ശകരും 114 പ്രാദേശിക ഫാമുകളും 22 എംബസികളും 50 പ്രഭാഷകരും 46 ചര്‍ച്ചാ സെഷനുകളും പങ്കെടുത്തു.

സമാപന ചടങ്ങില്‍ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അതിയ്യ സംഘാടക സമിതി അംഗങ്ങളെയും പ്രദര്‍ശനത്തിന്റെ സ്‌പോണ്‍സര്‍മാരെയും ആദരിച്ചു.
40,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള അഗ്രേറ്റ്ക്യു 2025 ഏറ്റവും വലിയ പതിപ്പായി മാറിയെന്ന് ഖത്തര്‍ ഇന്റര്‍നാഷണല്‍ അഗ്രികള്‍ച്ചറല്‍ എക്‌സിബിഷന്‍ 2025ന്റെ സംഘാടക, മേല്‍നോട്ട സമിതി ചെയര്‍മാന്‍ യൂസഫ് ഖാലിദ് അല്‍ ഖുലൈഫി പറഞ്ഞു. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ എക്‌സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പ്രദര്‍ശനത്തില്‍ പ്രാദേശിക ഫാമുകളുടെ റെക്കോര്‍ഡ് പങ്കാളിത്തവും ഉണ്ടായതായി അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്തെ കാര്‍ഷിക മേഖലയുടെ ഗണ്യമായ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നു.

