
മനാമ: ബഹ്‌റൈന്‍ കേരളീയ സമാജവും ഇന്ത്യയിലെ പ്രമുഖ പ്രസാധകരുമായ ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ഒന്‍പതാമത് ബി കെ എസ്- ഡി സി അന്താരാഷ്ട്ര പുസ്തകോത്സവവും കള്‍ച്ചറല്‍ കാര്‍ണിവലും ഡിസംബര്‍ 4 മുതല്‍ 14 വരെ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെയും സെലിബ്രിറ്റികളും സാന്നിധ്യം
പ്രതീക്ഷിക്കുന്ന പുസ്തകമേളയില്‍ ബഹ്‌റൈനിലെ ഏഴോളം മലയാളി എഴുത്തുകാരുടെ പുസ്തകങ്ങളും പ്രകാശനം ചെയ്യും. ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ദിവസേന ഏഴരയ്ക്ക് കള്‍ച്ചറല്‍ പ്രോഗ്രാമുകളും തുടര്‍ന്നു പ്രമുഖ എഴുത്തുകാരുമായുള്ള സംവാദങ്ങളും നടക്കും. ഒരു ലക്ഷത്തോളം പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേളയില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ശേഖരവും ഉണ്ടായിരിക്കും.

ഡിസംബര്‍ നാലാം തിയ്യതി വൈകിട്ട് 7 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങ് എണ്‍പതോളം ഏഷ്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ബാന്‍ഡോടെ
ആരംഭിക്കും. ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ ജേക്കബ് മുഖ്യാതിഥിയും പ്രമുഖ കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ വിശിഷ്ടാതിഥിയും ആയിരിക്കും.
രാവിലെ ഒന്‍പത് മുതല്‍ രാത്രി പത്തര വരെ സമയം ക്രമീകരിച്ചിരിക്കുന്ന പുസ്തക മേളയില്‍ എല്ലാ ദിവസങ്ങളിലും വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന സാംസ്‌കാരിക പരിപാടികളില്‍ ഗസല്‍ സന്ധ്യ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പരിപാടികള്‍, ബഹ്റൈനിലെ മറ്റുരാജ്യ കലാകാരന്മാരുടെ സാംസ്‌കാരിക പരിപാടികള്‍, ആര്‍ദ്രഗീത സന്ധ്യ, നൃത്തനൃത്യങ്ങള്‍, ഡാന്‍സ് ഡ്രാമ, മ്യൂസിക് ബാന്‍ഡ് തുടങ്ങി നിരവധി പരിപാടികളോടൊപ്പം സ്‌പോട് ക്വിസ്സും നടക്കും.
പുസ്തക മേളയോടനുബന്ധിച്ചു സമാജം ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫോട്ടോഗ്രഫി എക്‌സിബിഷനും ആര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പെയിന്റിംഗ് എക്‌സിബിഷനും നടത്തും. ഡിസംബര്‍ ആറിന് വൈകിട്ട് നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യം വിളിച്ചറിയിക്കുന്ന ‘കലൈഡോസ്‌കോപ്പ്’ അരങ്ങില്‍ എത്തും. പതിനെട്ടോളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൃത്തരൂപങ്ങളാണ് കലൈഡോസ്‌കോപ്പില്‍ അണിനിരക്കുക.
ഡിസംബര്‍ 7ന് ഏഴരയ്ക്ക് ഐ ഐ പി എ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ‘ഗസല്‍ സന്ധ്യ’യെ തുടര്‍ന്നുള്ള പൊതുചടങ്ങില്‍ പ്രമുഖ വ്ളോഗറും എഴുത്തുകാരനുമായ ബൈജു എന്‍ നായര്‍ പങ്കെടുക്കും. ലിജിത് ഫിലിപ്പ് കുര്യന്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും
എട്ടാം തിയ്യതി മലയാളം മിഷന്‍ ബഹ്റൈന്‍ ചാപ്റ്ററിലെ കുട്ടികള്‍ക്കായി ‘അക്ഷരത്തോണി’ എന്ന പേരില്‍ എഴുത്തു- ചിത്രരചനാ മത്സരങ്ങള്‍ നടക്കും. തുടര്‍ന്നുള്ള പൊതുചടങ്കില്‍ എഴുത്തുകാരന്‍ നസീഫ് കലയത്തു പങ്കെടുക്കും. ബഹ്റൈനിലെ മലയാളി എഴുത്തുകാരന്‍ നാസര്‍ മുതുകാടിന്റെ പുസ്തകവും അന്ന് പ്രകാശനം ചെയ്യും.
ഒന്‍പതിന് ‘ആര്‍ദ്രഗീതസന്ധ്യ’ എന്ന പേരില്‍ മലയാളം ആര്‍ദ്ര- ഭാവഗീതങ്ങളുടെ അവതരണവും തുടര്‍ന്ന് നടക്കുന്ന പൊതുചടങ്ങില്‍ ഫിറോസ് തിരുവത്രയുടെ ആദ്യ കവിത സമാഹാരം പ്രകാശനവും ചെയ്യും. പ്രസ്തുത ചടങ്ങില്‍ പ്രമുഖ പ്രാസംഗികനും എഴുത്തുകാരനുമായ ഫാ. ബോബി ജോസ് കട്ടികാട്ടില്‍ പങ്കെടുക്കും.
പത്താം തിയ്യതി ടീം സിതാറിന്റെ നേതൃത്വത്തില്‍ സംഗീത പരിപാടിയും വിവിധ കലാകാരന്മാരുടെ നൃത്തനൃത്യങ്ങളും നടക്കും. സമാജം ആര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള ആര്‍ട്‌സ് ആന്‍ഡ് പെയിന്റിംഗ് എക്‌സിബിഷന്‍ അന്ന് ഉദ്ഘാടനം ചെയ്യും.
ഡിസംബര്‍ 11ന് വൈകിട്ട് നടക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ ഐ ഐ പി എ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷന്‍, പിങ്ക് ബാന്‍ഡ് നയിക്കുന്ന സംഗീത പരിപാടി എന്നിവ അരങ്ങേറും. അന്നേദിവസം നടക്കുന്ന പൊതു ചടങ്ങില്‍ പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കര്‍ പി എം എ ഗഫൂര്‍ പങ്കെടുക്കും. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി അനീക്ക അബ്ബാസ് എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും.
ഡിസംബര്‍ 12ന് വൈകിട്ട് കലാകേന്ദ്ര ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ നൃത്ത- സംഗീത പരിപാടികള്‍ നടക്കും. പൊതുചടങ്ങില്‍ ആശാ രാജീവ് എഴുതിയ പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ എഴുത്തുകാരന്‍ ഇ സന്തോഷ് കുമാര്‍ നിര്‍വ്വഹിക്കും. ഡിസംബര്‍ 13ന് നടക്കുന്ന സാംസ്‌കാരിക പരിപാടികളെ തുടര്‍ന്ന് പ്രമുഖ എഴുത്തുകാരനും വിമര്‍ശകനുമായ ഹമീദ് ചേന്ദമംഗലൂരുമായുള്ള സംവാദം നടക്കും.
14ന് നടക്കുന്ന നൃത്ത- സംഗീത പരിപാടികള്‍ക്കും ക്വിസ് മത്സരത്തിനും ശേഷം ഒന്‍പതാമത് ബി കെ എസ്- ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടെയും കള്‍ച്ചറല്‍ കാര്‍ണിവലിന്റെയും സമാപന സമ്മേളനം നടക്കും.
സമാജം സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ ആഷ്ലി കുര്യന്‍ മഞ്ഞില കണ്‍വീനറായും ജോയ് പോളി, സവിത സുധിര്‍, സിന്‍ഷാ വിതേഷ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും നൂറ്റിയന്‍പതില്‍പരം അംഗങ്ങളുള്ള സംഘാടക സമിതിയാണ് അന്താരാഷ്ട്ര പുസ്തകമേളയുടെ നടത്തിപ്പിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവരര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 39215128, 39370929, 34688624 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

