
കൊല്‍ക്കത്ത ഹൃദയത്തില്‍ നിറച്ച അത്ഭുതക്കാഴ്ചകള്‍; തലശ്ശേരിക്കാരന്‍ മിസ്ബഹിന്റെ കുടുംബം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൊല്‍ക്കത്ത ഡംഡമിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കയറിയപ്പോള്‍ സഹയാത്രികരില്‍ ഭൂരിപക്ഷവും മലയാളികള്‍ ‘ബംഗാളികള്‍’ എന്ന് അത്രയൊന്നും ബഹുമാനത്തോടെയല്ലാതെ വിളിക്കുന്നവരായിരുന്നു. കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളായി കൂലിപ്പണിയെടുത്ത് കഴിയുന്ന അവരില്‍ പലരും നാട്ടിലേക്ക് പോകുന്നതും വരുന്നതും വിമാനത്തിലാണെന്നത് പുതിയ അറിവായിരുന്നു.

ആലുവ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി കയറാനെത്തുന്നവരും തീവണ്ടിയില്‍ നിന്നിറങ്ങി വ്യത്യസ്ത സ്ഥലങ്ങളിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നവരുമായ നിരവധി അന്യസംസ്ഥാന തൊഴിലാളികളെ കണ്ടിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തീവണ്ടിയില്‍ വന്നിറങ്ങുന്നത് ആലുവയിലാണോ എന്ന് തോന്നിപ്പോയിരുന്നു. അതിനു പിന്നാലെയാണ് വിമാനത്തിലും ബംഗാളി ജോലിക്കാരെ കണ്ടത്.


ഗള്‍ഫിലും യൂറോപ്പിലും യു എസിലും കാനഡയിലും ആസ്ത്രേലിയയിലുമെല്ലാം പോകുന്നതിന് മുമ്പ് മലയാളികളുടെ പ്രവാസി ഭൂമികളിലൊന്ന് കൊല്‍ക്കത്തയായിരുന്നല്ലോ. സിലോണും ബര്‍മയും പോലെ കൊല്‍ക്കത്തയും മലയാളിക്ക് ജീവിതം നല്‍കിയ ഇടമായിരുന്നു. കാലത്തിന്റെ തിരിച്ചലില്‍ പഴയ കടം മലയാളികള്‍ വീട്ടുന്നു. ഒരുകാലത്ത് അന്നം നല്‍കിയ നാടിന് ഇപ്പോള്‍ തിരികെ നല്‍കുന്നു.
കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയപ്പോള്‍ ഇതുവരെ കാണാത്തൊരു ലോകത്ത് എത്തിയതു പോലെ തോന്നി. ഇന്ത്യന്‍ സാഹിത്യത്തിലും സാംസ്‌ക്കാരിക ഭൂപടത്തിലും ഇടം രേഖപ്പെടുത്തിയ പ്രദേശമാണ്. പല തവണ കേട്ടതുകൊണ്ടുതന്നെയാണ് കാണണമെന്ന അതിയായ മോഹമുണ്ടായത്.
പഴയകാല മുസ്ലിം പ്രതാപത്തിന്റെ ചിഹ്നങ്ങള്‍ എമ്പാടുമുണ്ടായിരുന്നു ഈ പ്രദേശത്ത്. നിരനിരയായുള്ള ലെതര്‍ കടകള്‍, ചെരിപ്പ് ബിസിനസുകള്‍, തുണിത്തരങ്ങള്‍ തുടങ്ങി പഴമയോടൊപ്പം കണ്ണഞ്ചിപ്പിക്കുന്ന ബിസിനസ് കാഴ്ചകളുമുണ്ട് ഇവിടെ. തുണിത്തരങ്ങള്‍ക്കും ബാഗ്, ചെരിപ്പ് ഇനങ്ങള്‍ക്കുമെല്ലാം നല്ല വിലക്കുറവുള്ള നാടാണ് കൊല്‍ക്കത്തയെന്നാണ് ഒറ്റക്കാഴ്ചയില്‍ തോന്നിയത്.

ഖത്തറില്‍ എജുക്കേഷന്‍ സിറ്റിയില്‍ ട്രാം കണ്ടും കയറിയും പരിചയമുണ്ട്. എന്നിട്ടും കൊല്‍ക്കത്തയില്‍ നടുറോഡിലൂടെ സഞ്ചരിക്കുന്ന ട്രാം അത്ഭുതമാണ് വിതറിയത്. ഇന്ത്യയില്‍ ട്രാം സര്‍വീസുള്ള ഏക നഗരം! ആളുകള്‍ ചവിട്ടിപ്പോകുന്ന റിക്ഷ വണ്ടികളും കൊല്‍ക്കത്ത കാഴ്ചയുണ്ടാക്കുന്ന അത്ഭുതമാണ്.
യാദൃശ്ചികമായാണ് ബെര്‍ട്രാം സ്ട്രീറ്റില്‍ ചെരുപ്പ് കച്ചവടം നടത്തുന്ന മലയാളി യുവാവിനെ കണ്ടുമുട്ടിയത്- തലശ്ശേരിക്കാരനായ മിസ്ബാഹ്. അദ്ദേഹത്തിന്റെ കുടുംബം മുഴുവന്‍ കൊല്‍ക്കത്തയിലാണ്. നാല്‍പത് വര്‍ഷത്തിലേറെയായി അദ്ദേഹത്തിന്റെ പിതാവ് മഹമ്മൂദിന് കൊല്‍ക്കത്തയില്‍ ബിസിനസുണ്ട്. ഡീലക്സ് ടെയിലേഴ്സ് ആന്റ് ക്ലോത്തിയേഴ്സ് എന്ന പേരില്‍ പിതാവ് നടത്തിയിരുന്ന കട അദ്ദേഹത്തിന്റെ മരണശേഷം രണ്ടു വര്‍ഷത്തോളമായി മിസ്ബാഹ് ചെരിപ്പാണ് ബിസിനസ് ചെയ്യുന്നത്. ചെരുപ്പുകളുടേയും ഷൂകളുടേയും മായാലോകമാണത്.
തലശ്ശേരി സൈദാര്‍പള്ളിയിലെ ചന്ത്രോത്ത് കുടുംബക്കാരനാണ് അദ്ദേഹം. നീലോത്ത് വളപ്പിലെ അയ്യനോത്ത് കുടുംബവുമായി ബന്ധവുമുണ്ട് അദ്ദേഹത്തിന്. മിസ്ബാഹിന് ഡീലക്സ് കൂടാതെ വേറെയും നാലു കടകള്‍ കൂടിയുണ്ട് കൊല്‍ക്കത്തയില്‍. തങ്ങളുടെ സ്വന്തം കെട്ടിടത്തില്‍ തന്നെയാണ് അവര്‍ ബിസിനസ് നടത്തുന്നത്.
മിസ്ബാഹ് പഠിച്ചതും വളര്‍ന്നതുമൊക്കെ കൊല്‍ക്കത്തയിലാണെങ്കിലും അദ്ദേഹത്തിന് മലയാളം നന്നായി അറിയാം. ഉച്ചാരണത്തില്‍ ചെറിയ വ്യത്യാസമൊക്കെ തോന്നുമെങ്കിലും! മലയാളികളെ കാണുമ്പോഴും സംസാരിക്കുമ്പോഴും വലിയ സന്തോഷമാണ് അദ്ദേഹം അനുഭവിക്കുന്നത്.

ഖൈറുന്നിസയാണ് മിസ്ബാഹിന്റെ മാതാവ്. മിസ്ബാഹിന് ഒരു സഹോദരിയുണ്ട്. അവരെ വിവാഹം ചെയ്തിരിക്കുന്നത് കണ്ണൂരില്‍ നിന്നാണ്. തങ്ങളുടെ മലയാളി ബന്ധം നിലനിര്‍ത്താന്‍ ഇവര്‍ കൂടുതല്‍ താത്പര്യപ്പെടുന്നുണ്ട്.
ബംഗാള്‍ വിഭജനത്തിന് മുമ്പ് ഇപ്പോഴത്തെ ബംഗ്ലാദേശിന്റെ ഭാഗത്തായിരുന്നു മിസ്ബാഹിന്റെ പൂര്‍വികരുണ്ടായിരുന്നത്. വിഭജനത്തോടെ അവര്‍ ഇന്ത്യയിലെ ബംഗാളിലേക്ക് വന്നു. പിന്നീട് പലരും തലശ്ശേരിക്ക് മടങ്ങിയെങ്കിലും ഇവര്‍ ബംഗാളില്‍ തന്നെ തുടര്‍ന്നു.
മിസ്ബാഹിന്റെ കുടുംബക്കാരില്‍ പലരും ബംഗാളില്‍ വ്യത്യസ്ത ബിസിനസുകളിലുണ്ട്. മിസ്ബാഹിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മൂത്താപ്പ, ഇളയാപ്പ, കാരണവര്‍ ബന്ധങ്ങളിലുള്ള നിരവധി പേര്‍ ബംഗാളിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.
തലശ്ശേരിയിലെ മുസ്ലിം പ്രമുഖരിലൊരാളായ പരേതനായ പാച്ചന്‍ മൊയ്തു ഹാജി മിസ്ബാഹിന്റെ വല്ല്യുപ്പയാണ്. തലശ്ശേരിയില്‍ വിശുദ്ധ പദവി വഹിച്ചിരുന്ന ധനികനാണ് പ്രശസ്തനായ പാച്ചന്‍ മൊയ്തു ഹാജി എന്നാണ് നീലോത്ത് വളപ്പ് ഇംദാദുല്‍ ഇസ്ലാം മദ്റസയുടെ പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോള്‍ തലശ്ശേരി ഖാദി ടി എസ് ഇബ്രാഹിം കുട്ടി മുസ്ലിയാര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഉദാരമനസ്‌ക്കനായ പാച്ചന്‍ മൊയ്തു ഹാജി എല്ലാ തരത്തിലുമുള്ള ഉദാത്തമായ പ്രവര്‍ത്തനങ്ങളേയും പൂര്‍ണ ഹൃദയത്തോടെ പിന്തുണച്ച വ്യക്തിയായിരുന്നു. നിരാലംബരേയും ദരിദ്രരേയും സഹായിക്കാന്‍ അദ്ദേഹം തന്റെ സമ്പത്ത് ഉപയോഗപ്പെടുത്തിയിരുന്നു. ജൂബിലി റോഡിലെ ഇര്‍ഷാദുസ്സിബിയാന്‍ മദ്റസ നിര്‍മിച്ചപ്പോള്‍ അക്കാലത്ത് ഏറ്റവും വലിയ തുക സംഭാവന നല്‍കിയ വ്യക്തി അദ്ദേഹമായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗ്ലാദേശില്‍ പ്രകൃതി ദുരന്തമുണ്ടായപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നിന്ന മലയാളി വ്യാപാരി കൂടിയായിരുന്നു പാച്ചന്‍ മൊയ്തു ഹാജി. പാകിസ്താന്‍ പ്രസിഡന്റ് അയ്യൂബ് ഖാന്‍ അദ്ദേഹത്തെ ആദരിക്കാനായി മുമ്പോട്ടു വന്നെങ്കിലും വിനയപൂര്‍വം നിരസിച്ചിരുന്നു അദ്ദേഹമത്. പാച്ചന്‍ മൊയ്തു ഹാജിയെ ചുറ്റിപ്പറ്റി എണ്ണമറ്റ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കഥകള്‍ ഇഷ്ടംപോലെയുണ്ട്.
2025 ജനുവരി എട്ടു മുതല്‍ പത്തുവരെ ഒഡീഷയിലെ ഭുവനേശ്വറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാനാണ് ഖത്തറില്‍ നിന്നും യാത്ര തിരിച്ചത്. നാട്ടിലെത്തി പിറ്റേന്ന് കൊല്‍ക്കത്തയിലേക്ക് പറന്നത് ഭുവനേശ്വറിലേക്കുള്ള യാത്രാ മധ്യേയായിരുന്നു. രണ്ടു ദിവസം കൊല്‍ക്കത്ത കണ്ട് തീവണ്ടി മാര്‍ഗ്ഗം ഭുവനേശ്വറിലെത്തുകയാണ് പദ്ധതി.

