

ദോഹ: ശൂറാ കൗണ്‍സിലിലേക്ക് നേരിട്ട് തെരഞ്ഞെടുക്കുന്ന ആദ്യ വോട്ടെടുപ്പ് ശനിയാഴ്ച. വോട്ടര്‍ പട്ടികയില്‍ പേര് റജിസ്റ്റര്‍ ചെയ്ത ഖത്തര്‍ പൗരന്മാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കും.

രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ് സമയം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ചാണ് വോട്ടിംഗിന് അനുവദിക്കുക.
യോഗ്യതയുള്ള വോട്ടുകളുടെ ആപേക്ഷിക ഭൂരിപക്ഷം നേടുന്ന സ്ഥാനാര്‍ഥികളാണ് ശൂറാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുക. രണ്ടോ അതിലധികമോ സ്ഥാനാര്‍ഥികള്‍ക്ക് തുല്യ വോട്ടുകള്‍ വരികയാണെങ്കില്‍ വിജയിയെ തീരുമാനിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി തലവന് കാസ്റ്റിംഗ് വോട്ട് ചെയ്യാവുന്നതാണ്.

ശൂറാ കൗണ്‍സിലിലേക്ക് 45 സീറ്റുകളാണുള്ളത്. ഇതില്‍ 15 അംഗങ്ങളെ ഖത്തര്‍ ഭരണഘടന പ്രകാരം നിയമിക്കുമ്പോള്‍ മൂന്നില്‍ രണ്ടായ 30 പേരെയാണ് തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നത്. മത്സര രംഗത്ത് 27 സ്ത്രീകള്‍ ഉള്‍പ്പെടെ 252 സ്ഥാനാര്‍ഥികളാണ് മാറ്റുരക്കുന്നത്.
കേന്ദ്ര മുന്‍സിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പാണ് ഇതിനുമുമ്പ് രഹസ്യ ബാലറ്റിലൂടെ നടന്നിട്ടുള്ളത്.
