
ദോഹ: വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഹോളിഡേ ഹോമുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും സമ്പൂര്‍ണ ലൈസന്‍സിംഗും വര്‍ഗ്ഗീകര പ്രക്രിയയും നല്കാനും ഖത്തര്‍ ടൂറിസം പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു. വാടകയ്ക്ക് നല്കുന്ന മേഖലയുടെ സുതാര്യത, സുരക്ഷ നിലവാരവത്ക്കരണം എന്നിവ വര്‍ധിപ്പിക്കാന്‍ അന്താരാഷ്ട്ര തലത്തിലുള്ള മികച്ച രീതികള്‍ ഉറപ്പു വരുത്താനും നടപടികള്‍ സ്വീകരിക്കും.

പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം ലൈസന്‍സിന് അപേക്ഷിക്കുന്ന വീട് ഉടമകള്‍ ഗുണനിലവാരം, സൗകര്യങ്ങള്‍, ആരോഗ്യവും സുരക്ഷയും, മാനദണ്ഡങ്ങള്‍, പെരുമാറ്റച്ചട്ടം, പാരിസ്ഥിതിക സുരക്ഷ എന്നിവ ഉറപ്പുവരുത്തിയിരിക്കണം. ഖത്തര്‍ ടൂറിസം അധികൃതര്‍ ഇടക്ക് പരിശോധനകള്‍ നടത്തും. ലൈസന്‍സിന് അപേക്ഷിക്കുന്നവരുടെ സൗകര്യത്തിനായി ഖത്തര്‍ ടൂറിസം ഇ സര്‍വീസസ് പോര്‍ട്ടലിലെ സംവിധാനങ്ങള്‍ നവീകരിച്ചിട്ടുണ്ട്.

ഖത്തര്‍ ക്ലീന്‍ പദ്ധതി പോലെ ഖത്തര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് സുരക്ഷിതവും ആസ്വാദ്യകരവുമായ അനുഭവം നല്കുന്നതിനുള്ള ഖത്തര്‍ ടൂറിസത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഹോളിഡേ ഹോം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ഹോളിഡേ ഹോമുകളുടെ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലൂടെയുള്ള പുതിയ സേവനം മികച്ച ആതിഥേയത്വത്തിനും ആഡംബരത്തിനും പേരുകേട്ട ഖത്തറിന് നിലവാരം നിലനിര്‍ത്തി ആളുകള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ടാക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവും ഖത്തര്‍ ടൂറിസം ചെയര്‍മാനുമായ അക്ബര്‍ അല്‍ ബാക്കര്‍ പറഞ്ഞു.
ഖത്തര്‍ ലോകകപ്പ് 2022ന് തയ്യാറെടുക്കുമ്പോള്‍ തടസ്സമില്ലാത്ത അനുഭവം ഉറപ്പാക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹോട്ടലുകള്‍, ഓണ്‍ബോര്‍ഡ് ക്രൂയിസ് ഷിപ്പുകള്‍, സ്റ്റേഡിയങ്ങള്‍, ആഡംബര ക്യാമ്പ് സൈറ്റുകള്‍ എന്നിവയിലുടനീളം വൈവിധ്യമാര്‍ന്ന ആതിഥ്യ സൗകര്യങ്ങളൊരുക്കുന്ന ഖത്തര്‍ ടൂറിസം ടച്ച് പോയിന്റുകളില്‍ മികച്ച സന്ദര്‍ശക അനുഭവം നല്കാന്‍ പങ്കാളികളുമായി സഹകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ ദേശീയ വീക്ഷണം 2030 അനുസരിച്ച് 2022ലും അതിനുശേഷവും സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഉത്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നീക്കം.


